മദ്യശാലക്കെതിരായ സമരത്തിനിടെ ഹൈബി ഈഡന് നേരെ മൂത്രം തളിച്ചെന്ന് പരാതി

Posted on: March 23, 2017 11:49 pm | Last updated: March 23, 2017 at 11:49 pm

കൊച്ചി: നഗരത്തിലെ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പ്പന ശാല മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സമരത്തിനിടെ ഹൈബി ഈഡന്‍ എം എല്‍ എക്കും സമരക്കാര്‍ക്കുമെതിരെ മൂത്രം തളിച്ചെന്ന് പരാതി. വൈറ്റിലയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യശാല പൊന്നുരുന്നി ചെട്ടിച്ചിറയിലേക്ക് മാറ്റി സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തിനിടെ സമരക്കാര്‍ക്കെതിരെ ജീവനക്കാര്‍ മൂത്രം തളിച്ചെന്ന് ആരോപണവുമായി സമരക്കാര്‍ രംഗത്തെത്തിയത് സഘര്‍ഷത്തിനിടയാക്കി.
ഔട്ട്‌ലെറ്റിനുള്ളിലുണ്ടായിരുന്ന ജീവനക്കാരുടെ അടുത്ത് നിന്ന് മൂത്രം നിറച്ച ഒരു കുപ്പി സമരക്കാരുടെ ഇടയിലേക്ക് എറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ തങ്ങള്‍ക്ക് നേരെ മൂത്രം തളിച്ചുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാവിലെ 11.30ഓടെയാണ് സംഘര്‍ഷമുണ്ടായത്.

കണ്‍സ്യൂമര്‍ഫെഡ് മദ്യശാലക്ക് മുന്നില്‍ മൂന്ന് ദിവസമായി ജനങ്ങള്‍ വലിയ പ്രതിഷേധം നടത്തിവരികയാണ്. ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല ഇവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഹൈബി ഈഡന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ മദ്യവില്‍പ്പനശാലക്ക് ഷട്ടറിടാന്‍ ശ്രമിച്ചു. ഇതിനിടെ ഔട്ട്‌ലെറ്റിനുള്ളിലുണ്ടായിരുന്ന ജീവനക്കാരുടെ അടുത്ത് നിന്ന് മൂത്രം നിറച്ച ഒരു കുപ്പി സമരക്കാരുടെ ഇടയിലേക്ക് എറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് നാട്ടുകാര്‍ ജീവനക്കാരുമായി ചെറിയ തോതില്‍ ഏറ്റുമുട്ടിയതോടെ പോലീസ് ഇടപെട്ട് സമരക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥലത്തെത്തിയ ശേഷമാണ് എം എല്‍ എ അടക്കമുള്ള സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. മദ്യശാലയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ മദ്യം വാങ്ങാനെത്തിയവരുടെ വലിയ നിരയും ഇവിടെയുണ്ടായിരുന്നു. മൂത്രം തളിച്ച ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം ജീവനക്കാര്‍ മൂത്രം തളിച്ചുെവന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് എം ഡി പ്രതികരിച്ചു.