ലണ്ടന്‍ ഭീകരാക്രമണം: എട്ടുപേര്‍ അറസ്റ്റില്‍

Posted on: March 23, 2017 6:30 pm | Last updated: March 24, 2017 at 2:23 pm

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന് അടുത്തുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് എട്ടുപേരെ അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളം സംഘടിപ്പിച്ച റെയ്ഡുകളിലാണ് ഇവര്‍ അറസ്റ്റിലായത്. ബിര്‍മിംഗ്ഹാമിലടക്കം ഏഴിടങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാജ്യത്തു തുടരുന്ന റെയ്ഡുകളുടെ രഹസ്യസ്വാഭാവം ചോരാതിരിക്കുന്നതിനു വേണ്ടിയാണ് അക്രമിയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രമണത്തില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ മൂന്നു പോലീസുകാരും മൂന്നു ഫ്രഞ്ച് സ്‌കൂള്‍ കുട്ടികളും ഉള്‍പ്പെടുന്നു. കോമണ്‍സ് സഭ സമ്മേളിച്ചിരിക്കെ പാര്‍ലമെന്റ് മന്ദിരത്തിനു സമീപത്ത് ഒരു പോലീസ് ഓഫീസറെ അക്രമി കുത്തിക്കൊന്ന ശേഷമാണ് അക്രമി വെടിയുതിര്‍ത്തത്. വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തില്‍ കാര്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്കു പാഞ്ഞുകയറി നിരവധിപേരെ ഇടിച്ചുവീഴ്ത്തുകയും ചെയ്തിരുന്നു. കാര്‍ പിന്നീട് പാര്‍ലമെന്റ് മന്ദിരവളപ്പിന്റെ ഇരുമ്പ്‌ഗേറ്റില്‍ ഇടിച്ചുനിന്നു.

ബെല്‍ജിയത്തിന്റെ തലസ്ഥാനനഗരമായ ബ്രസല്‍സില്‍ കഴിഞ്ഞവര്‍ഷം ഭീകരാക്രണമുണ്ടായതിന്റെ വാര്‍ഷികദിനത്തിലാണ് ഈ ആക്രമണം. 2013 മേയില്‍ തെക്കുകിഴക്കന്‍ ലണ്ടനില്‍ രണ്ട് ഇസ്ലാമിക് തീവ്രവാദികള്‍ ഒരു പട്ടാളക്കാരനെ കുത്തിക്കൊന്നതാണ് ഇതിനു മുന്പു നഗരത്തില്‍ നടന്ന ഭീകരാക്രമണം.