Connect with us

Kannur

മദ്‌റസാ അധ്യാപകന്റെ കൊലപാതകം: റിയാസ് മൗലവിയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു

Published

|

Last Updated

ബന്ധുക്കളോടൊപ്പം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി മുഖ്യമന്ത്രിയെ കാണുന്നു

മട്ടന്നൂര്‍: കാസര്‍കോട് പഴയ ചുരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ അധ്യാപകനും പള്ളി മുഅദ്ദിനുമായ റിയാസ് മൗലവിയെ കൊല ചെയ്ത സംഭവത്തിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു മുന്നിലെത്തി. റിയാസ് മൗലവിയുടെ പിതാവ് സല്‍മാനും കുടുംബാംഗങ്ങളുമാണ് സുന്നി നേതാക്കള്‍ക്കൊപ്പം ഇന്നലെ മട്ടന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയത്.

റിയാസ് മൗലവിയുടെ പിതാവിനൊപ്പം റിയാസിന്റെ ഒരു വയസ്സുള്ള മകള്‍ ശബീബയും അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ഇബ്‌റാഹിം, ഭാര്യാമാതാവ് ഖൈറുന്നിസ എന്നിവരുമുണ്ടായിരുന്നു. സുന്നി നേതാക്കളായ കൂര്‍ഗ് ജില്ലാ സംയുക്ത ഖാസി മഹ്മൂദ് മുസ്‌ലിയാര്‍ എടപ്പലം,എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, എസ് എസ് എഫ് കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് പി എ ഇസ്മാഈല്‍ സഖാഫി എന്നിവരോടൊപ്പമാണ് ഇവര്‍ മുഖ്യമന്ത്രിയെ കണ്ടത്.

മുഖ്യമന്ത്രിക്കു മുന്നിലെത്തിയ സംഘം അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം കൈമാറി. രാഷ്ട്രീയ- ജാതി- മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് റിയാസ് മൗലവിയെന്നും അദ്ദേഹം ഇല്ലാതായതോടെ ഒരു പാവപ്പെട്ട കുടുംബത്തിന്റെ താങ്ങും തണലുമാണ് നഷ്ടപ്പെട്ടതെന്നും സുന്നിനേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ് പി. ഡോ. എസ് ശ്രീനിവാസനെ നിയോഗിച്ചതായും അധികം വൈകാതെ തന്നെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ വേണ്ടതു ചെയ്യുമെന്നും മുഖ്യമന്ത്രി നേതാക്കളോട് പറഞ്ഞു. റിയാസ് മൗലവിയുടെ കുടുംബത്തെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ഇ പി ജയരാജന്‍ എം എല്‍ എ, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ മാസ്റ്റര്‍, സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

---- facebook comment plugin here -----

Latest