മദ്‌റസാ അധ്യാപകന്റെ കൊല: പ്രത്യേക ടീം അന്വേഷണം തുടങ്ങി

Posted on: March 22, 2017 9:56 pm | Last updated: March 22, 2017 at 9:56 pm

കാസര്‍കോട്: പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിനോടനുബന്ധിച്ച മുറിയില്‍ കയറി മദ്‌റസാധ്യാപകന്‍ റിയാസ് മൗലവി(34)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി.
അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എസ് പി. ഡോ. എ ശ്രീനിവാസന്‍ ഇന്നലെ കാസര്‍കോട്ടെത്തുകയായിരുന്നു.. പള്ളിയും പരിസരവും പരിശോധിച്ച എസ്പിയും സംഘവും പള്ളി ഭാരവാഹികളില്‍ നിന്നും സംഭവസമയത്ത് പള്ളിയിലുണ്ടായിരുന്ന ഖത്തീബ് അബ്ദുല്‍ അസീസ് വഹാബിയില്‍ നിന്നും മൊഴിയെടുത്തു.

കണ്ണൂര്‍ ഐ ജി മഹിപാല്‍ യാദവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ക്രൈംബ്രാഞ്ച് എസ് പിയെ കൂടാതെ വയനാട് ജോയന്റ് എസ് പി ജെ ജയദേവ്, മലപ്പുറം ഡി സി ആര്‍ബി ഡി വൈ എസ് പി എം പി മോഹനചന്ദ്രന്‍ നായര്‍, തളിപ്പറമ്പ് സി ഒഐ പി കെ സുധാകരന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ട്. ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനുപുറമെ കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരനും സി ഐ അബ്ദുറഹീമും ഈ കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. കൊലനടന്ന സ്ഥലത്തെത്തിയ അന്വേഷണസംഘം സ്ഥിതിഗതികള്‍ വിലയിരുത്തുകയും പിന്നീട് യോഗം ചേര്‍ന്ന് അന്വേഷണരീതികള്‍ വിശദീകരിക്കുകയും ചെയ്തു.
റിയാസ് മൗലവിയുടെ കൊലയുടെ കാരണമെന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുകയും നന്നായി സംസാരിക്കുകയും ചെയ്യുന്ന റിയാസ് മൗലവിക്ക് ശത്രുക്കള്‍ ഉള്ളതായി വിവരമില്ല. ബലി പെരുന്നാളിനോടനുബന്ധിച്ച് റിയാസ് മൗലവിയുമായി ചില യുവാക്കള്‍ തര്‍ക്കത്തിലേര്‍പ്പെട്ടതായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. ഇക്കാര്യം അറിയില്ലെന്നും അങ്ങനെയൊരു വിഷയമുണ്ടെങ്കില്‍ തങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുമായിരുന്നുവെന്നും പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.

മൗലൂദിനും മറ്റുമായി തൊട്ടടുത്ത പ്രദേശങ്ങളിലെല്ലാം റിയാസ് മൗലവി പോകാറുണ്ട്. അതിനാല്‍ തന്നെ അങ്ങനെയൊരു തര്‍ക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ ആരുമായിട്ടാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആയുധവുമായി ഏതാനും ദിവസം മുമ്പ് ചൂരിയില്‍ ചിലര്‍ കറങ്ങുന്നത് കണ്ടുവെന്ന പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.പോലീസ് നടത്തിയ പട്രോളിംഗിനിടയില്‍ ഒരു തവണ ഒരു ഇരുമ്പ് ദണ്ഡ് കണ്ടെത്തിയതല്ലാതെ കത്തി പോലുള്ള ആയുധങ്ങള്‍ കിട്ടിയിട്ടില്ല. സാമൂദായിക സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യം വെച്ചുള്ള കൊലയാണോ എന്ന രീതിയിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. അതു കൂടാതെ റിയാസ് മൗലവിക്ക് നാട്ടില്‍ ശത്രുക്കളുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണമുണ്ടാകും. അന്വേഷണ സംഘത്തില്‍ പെട്ട ചില പോലീസുദ്യോഗസ്ഥര്‍ മടിക്കേരിയിലേക്കും പോയിട്ടുണ്ട്.
റിയാസ് മൗലവിയുടെ ശരീരത്തിലേറ്റ മുഴുവന്‍ കുത്തുകളും ഒരറ്റം മാത്രം മൂര്‍ച്ചയുള്ള ചെറിയ കത്തി കൊണ്ടാണെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പോലീസിന് നല്‍കിയ പ്രാഥമിക വിവരം.