അജ്മീര്‍ ദര്‍ഗ സ്‌ഫോടനം: രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

Posted on: March 22, 2017 1:08 pm | Last updated: March 23, 2017 at 12:35 am

ന്യൂഡല്‍ഹി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ 2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജയ്പൂരിലെ പ്രത്യേക എന്‍ഐഎ കോടതിയുടെതാണ് ശിക്ഷാ വിധി. പ്രതിളായ ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേല്‍ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി ഗൂഢാലോചന, 295-എ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ മനപൂര്‍വം ശ്രമിക്കല്‍ എന്നീ വകുപ്പുകളും എക്‌സ്‌പ്ലോസീവ് സബ്സ്റ്റാന്‍സെസ് ആക്റ്റും നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിന്റെ 16,17 ചട്ടങ്ങളും അനുസരിച്ചാണ് ശിക്ഷാ വിധി.

2007 ഒക്‌ടോബര്‍ 11നാണ് കേസിന് ആസ്പദമായ സംഭവം. അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടക്കത്തില്‍ രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ സേന അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. 149 സാക്ഷികളെ വിസ്തരിക്കുകയും 451 രേഖകള്‍ പരിശോധിക്കുകയും ചെയ്തു.