Connect with us

Kasargod

മദ്‌റസാധ്യാപകനെ ക്രൂരമായി കൊലപ്പെടുത്തിയത് പ്രകോപനമൊന്നുമില്ലാതെ; നടുങ്ങിത്തരിച്ച് കാസര്‍കോട്

Published

|

Last Updated

കാസര്‍കോട്: പഴയ ചൂരിയിലെ ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ അധ്യാപകനായ റിയാസ് മൗലവിയെ പള്ളിയില്‍ കയറി ക്രൂരമായി കൊലപ്പെടുത്തിയത് പ്രകോപനമൊന്നുമില്ലാതെ. അതുകൊണ്ടുതന്നെ ഈ കൊലപാതകത്തില്‍ നടുങ്ങിത്തരിച്ചിരിക്കുകയാണ് കാസര്‍കോട്ടെ ജനങ്ങള്‍.
കഴിഞ്ഞ ദിവസം അര്‍ധരാത്രി തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഖത്തീബ് ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍ അക്രമി സംഘം കല്ലേറ് നടത്തുകയായിരുന്നു. ഇതോടെ ഖത്തീബ് മുറിയോട് ചേര്‍ന്നുള്ള വഴിയിലൂടെ പള്ളിക്കകത്ത് കയറി ചിലര്‍ പള്ളി ആക്രമിക്കുന്നതായി മൈക്കിലൂടെ വിളിച്ചു പറഞ്ഞു. നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ റിയാസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. എട്ട് വര്‍ഷത്തോളമായി ഇസത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ ജോലി ചെയ്ത് വരികയായിരുന്ന റിയാസുമായി ആര്‍ക്കെങ്കിലും ശത്രുതയുള്ളതായി ഇവിടത്തുകാര്‍ക്ക് അറിവില്ല.ഇതിനിടയിലുണ്ടായ മൃഗീയമായ കൊലപാതകം ജനങ്ങളെയാകെ ഞെട്ടിച്ചു.

രണ്ട് ദിവസം മുമ്പ് ഈ പ്രദേശത്ത് രാത്രി ഷട്ടില്‍ ടൂര്‍ണമെന്റ് നടക്കുന്നതിനിടെ രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം വാള്‍ വീശി ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
സ്ഥലത്തുണ്ടായിരുന്ന പോലീസ് പോലും ഇതിന് ദൃക്‌സാക്ഷികള്‍ ആയിരുന്നുവെന്നും ഭയം കാരണം പോലീസിനും ആയുധധാരികളെ പിടിക്കാന്‍ കഴിഞ്ഞില്ലെന്നും നാട്ടുകാര്‍ വെളിപ്പെടുത്തി. പിന്നീട് എ ആര്‍ ക്യാമ്പില്‍ നിന്ന് കൂടുതല്‍ പോലീസ് എത്തി ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.

ഭീഷണി സംബന്ധിച്ച് കാളിയങ്കാട് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷൗക്കത്ത് കളിയങ്കാട് കാസര്‍കോട് ഡി വൈ എസ് പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആയുധധാരികള്‍ എത്തിയെന്ന് കരുതുന്ന ഒരു ബൈക്ക് പിടികൂടിയിരുന്നതായും വിവരമുണ്ട്. ഈ ബൈക്ക് മോഷ്ടിച്ചതാണെന്നും സൂചനയുണ്ടായിരുന്നു.
ഈ സംഭവം നടന്നതിന് പിന്നാലെയുണ്ടായ കൊലപാതകമായതിനാല്‍ പോലീസ് ഈ നിലയ്ക്കുള്ള അന്വേഷണവും ആരംഭിച്ചതായി സൂചനയുണ്ട്. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്.
ഉത്തരമേഖലാ എ ഡി ജി പി രാജേഷ് ദിവാന്‍, ഐ ജി മഹിപാല്‍ എന്നിവര്‍ കാസര്‍കോട്ടെത്തി ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍, സി ഐ അബ്ദുര്‍ റഹീം, എസ് ഐ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞാണ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.

 

---- facebook comment plugin here -----

Latest