പ്രവാസികളുടെ ആര്‍ പി പുതുക്കുന്നതിന് മെത്രാഷ് രണ്ടില്‍ സൗകര്യം

Posted on: March 21, 2017 5:30 pm | Last updated: March 21, 2017 at 5:19 pm

ദോഹ: രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ റിസിഡന്റ് പെര്‍മിറ്റ് പുതുക്കുന്നതിന് മെത്രാഷ് രണ്ട് ആപ്പില്‍ സൗകര്യമേര്‍പ്പെടുത്തി. ഡെബിറ്റ് സേവനം നേരിട്ടു സ്വീകരിക്കുന്നതിനുള്ള സൗകര്യവും മെത്രാഷില്‍ ചേര്‍ത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ഈ സേവനങ്ങള്‍ ലഭിക്കും.

കമ്പനികള്‍ക്ക് സമയം നഷ്ടപ്പെടുത്താതെ തന്നെ ജീവനക്കാരുടെ റസിഡന്റ്‌പെര്‍മിറ്റുകള്‍ പുതുക്കാവുന്ന സൗകര്യമാണ് മെത്രോഷ് നല്‍കുന്നത്. ആര്‍ പി പുതുക്കുന്നതു വൈകുന്നതു മൂലം ഒടുക്കേണ്ടി വരുന്ന പിഴയില്‍ നിന്നും രക്ഷപ്പെടാനുമാകും. പുതിയ സര്‍വീസ് ആഡ് ചെയ്യുന്ന കമ്പനികള്‍ക്ക് ജീവനക്കാരുടെ ആര്‍ പി പുതുക്കുന്നതു സംബന്ധിച്ച് സമയമായാല്‍ അറിയിപ്പു ലഭിക്കും. ഓരോ ജീവനക്കാരുടെ ആര്‍ പി സംബന്ധിച്ചും പ്രത്യേകം അറിയിപ്പുകളാണ് ലഭിക്കുക. കമ്പനിയില്‍ നിന്ന് പിരിച്ചു വിടുകയോ മറ്റെന്തെങ്കിലും കാരണത്താലോ ജീവനക്കാരുടെ ആര്‍ പി പുതുക്കുന്നത് വേണ്ടെന്നു വെക്കുന്നതിനും മെത്രാഷ് വഴി സാധിക്കും.
ഡെബിറ്റ് സേവനം സ്വീകരിക്കുന്നതോടെ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് നേരിട്ട് അടയ്ക്കുന്നതിനു സാധിക്കും. കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്കാണ് തുക കൈമാറ്റം ചെയ്യുക. മെത്രാഷ് രണ്ട് ഉപയോഗിക്കുന്നവര്‍ക്കും ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ് ഉപയോഗിക്കുന്നവര്‍ക്കും ഡെബിറ്റ് സേവനം ലഭിക്കും.

നേരത്തേ പണമടക്കല്‍ ബേങ്ക് കാര്‍ഡ് വഴി മാത്രമേ സാധിച്ചിരുന്നുള്ളൂ. സൗജന്യമായി അവതരിപ്പിക്കുന്ന ഡെബിറ്റ് സേവനം ആക്ടിവേറ്റ് ചെയ്യുന്നതിന് പ്രത്യേക ഖത്വര്‍ നാഷനല്‍ ബേങ്ക് ശാഖകളില്‍ ലഭിക്കുന്ന ഫോം പൂരിപ്പിച്ച് ഡെബിറ്റ് സേവനം കൈകാര്യം ചെയ്യാന്‍ അംഗീകാരമുള്ള വ്യക്തി ഒപ്പ് വെച്ച് സമര്‍പ്പിക്കണം. തുടര്‍ന്ന് ഈ വ്യക്തിക്ക് ഏതു തരം പണമടക്കലുകള്‍ക്കും സേവനം ഉപയോഗിക്കാം. സാങ്കേതികത്തകരാറുകള്‍ അനുഭവപ്പെട്ടാല്‍ അടച്ച പണം ഉടന്‍ തന്നെ അക്കൗണ്ടിലേക്ക് തിരികെയെത്തും.
ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനം ലളിതമായും വേഗതയിലും ലഭ്യമാക്കുന്നതിനാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപകമാക്കുന്നതെന്നും കമ്പനികള്‍ പുതിയ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭിപ്രായപ്പെട്ടു. ആര്‍ പി പുതുക്കുന്ന സേവനം എല്ലാ കമ്പനികള്‍ക്കും ഉപയോഗിക്കാവന്നതും നടപടികള്‍ എളുപ്പത്തിലാക്കുന്നതുമാണ്. ആര്‍ പി പുതുക്കുന്നതിന് പണമടക്കേണ്ടി വരൂന്നതിനാല്‍ ഡെബിറ്റ് സേവനം കൂടി ആക്ടിവേറ്റ് ചെയ്യുന്നത് കൂടുതല്‍ സൗകര്യപ്രദമാകും. ഇതിനകം 211 ഇലക്‌ട്രോണിക് സേവനങ്ങളാണ് മന്ത്രാലയം മെത്രാഷ് രണ്ടിലൂടെയും വെബ്‌സൈറ്റ് വഴിയും അവതരിപ്പിക്കുന്നത്. മെത്രാഷിന് ഇതിനകം 328,000 ഉപഭോക്താക്കളുണ്ട്.