തുടര്‍ച്ചയായി നാലാം തവണയും സ്വര്‍ണം നേടി ബാലസുബ്രഹ്മണ്യന്‍

Posted on: March 21, 2017 12:30 pm | Last updated: March 21, 2017 at 12:30 pm

വടക്കഞ്ചേരി: ഹൈദരാബാദില്‍ വച്ച് നടന്ന ദേശീയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായി നാലാം തവണയും സ്വര്‍ണ്ണ മെഡല്‍ നേടിയിരിക്കുകയാണ് കണ്ണമ്പ്രമീത്തില്‍ പറമ്പ് സ്വദേശിയായ കെ ബാലസുബ്രമണ്യന്‍.ഇതിന് മുമ്പ് മൂന്ന് തവണ ഇദ്ദേഹത്തിന് സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്.
ഹൈ ജംപിലാണ് ഇദ്ദേഹം നേട്ടം കൊയ്യുന്നത്.2014ല്‍ കോയമ്പത്തൂരില്‍ വച്ച് നടന്ന മീറ്റിലും തുടര്‍ന്ന് 2015ല്‍ ഗോവയിലും 2016ല്‍ മൈസൂരിലും നടന്ന മറ്റു കളിലെല്ലാം നേട്ടം ബാലസുബ്രമണ്യനോടൊപ്പമായിരുന്നു. ഇതു വരെ 55 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് മത്സരിച്ചിരുന്നതെങ്കിലും ഈ വര്‍ഷം 60 വയസ്സുകാരുടെ വിഭാഗത്തിലായിരുന്നു. കോളേജ് കാലം മുതല്‍ തുടങ്ങിയ കായിക പ്രേമം ഇദ്ദേഹം ഇപ്പോഴും തുടരുകയാണ്. എസ് ഐ ആയി ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ വിശ്രമജീവിതം നയിക്കാനല്ല ഇദ്ദേഹം ആഗ്രഹിച്ചത്.

ഫോഴ്‌സ് ഇനങ്ങളില്‍ ജോലിക്ക് ശ്രമിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തമമായ വഴികാട്ടി കുടിയാണ് ബാലസുബ്രമണ്യന്‍.സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഉദ്യോഗാര്‍ഥികള്‍ക്ക് കായികപരിശീലനം നടത്തി വരുകയാണ് ഇദ്ദേഹം.കണ്ണമ്പ്ര പഞ്ചായത്ത് ഗ്രൗണ്ടില്‍ എല്ലാ ദിവസവും രാവിലെ ആറരക്ക് തുടങ്ങുന്ന പരിശീലനത്തിന് അന്യജില്ലകളില്‍ നിന്നു വരെ ഉദ്യോഗാര്‍ത്ഥികള്‍ വരുന്നുണ്ട്. വരുന്നവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ് എന്ന പ്രത്യേകതയും ഉണ്ട്. ഇതിനകം തന്നെ ഇദ്ദേഹത്തിന്റെ പരിശീലനത്തിന്റെ ഭാഗമായി നാനൂറോളം പേര്‍ക്ക് പോലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, ജയില്‍ വകുപ്പ്, ആര്‍മി തുടങ്ങിയ വകുപ്പുകളില്‍ ജോലി ലഭിച്ചിട്ടുണ്ട്. എത്ര ആളുകള്‍ വന്നാലും കൃത്യമായ പരിശീലനം നല്‍കാന്‍ ഇദ്ദേഹം ശ്രമിക്കാറുണ്ട്. യാതൊരു വിധ പ്രതിഫലവും ഇതിനായി വാങ്ങാറില്ല ജോലി കിട്ടിയ പലരും പിന്നീട് കാണുമ്പോള്‍ പറയുന്ന നന്ദി വാക്കുകള്‍ തന്നെയാണ് ഏറ്റവും വലിയ സമ്പാദ്യം.എന്നാല്‍ പലരും അതിന് പോലും തയ്യാറായില്ലെങ്കിലും ബാലസുബ്രമണ്യന് പരാതി ഇല്ല. ദേശീയ മീറ്റില്‍ സ്വര്‍ണ്ണ മെഡലുകള്‍ വാരിക്കൂട്ടുമ്പോഴും ഏഷ്യന്‍ മീറ്റിലും വേള്‍ഡ് മീറ്റിനും നിരവധി തവണ സെലക്ഷന്‍ കിട്ടിയിട്ടും കുട്ടികളുടെ പരിശീലനം മുടങ്ങും എന്ന കാണത്താല്‍ പോവാറില്ല.

സെപ്തംബറില്‍ ചൈനയില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍ മീറ്റിന് സെലക്ഷന്‍ ലഭിച്ചിട്ടുണ്ടെങ്കിലും പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അറുപത് വയസ്സ് കഴിഞ്ഞ ബാലസുബ്രമണ്യന്‍ കായികം ജീവിതത്തിന്റെ ഭാഗമായി കൊണ്ട് നടക്കുമ്പോള്‍ യാതൊരു വിധ അസുഖത്തിനും ജീവിത ശൈലീ രോഗങ്ങള്‍ക്കും ഇദ്ദേഹം കീഴ്‌പ്പെട്ടിട്ടില്ല.

സാധാരണ പ്രായമായവര്‍ കഴിക്കാറുള്ള മരുന്നുകളൊന്നും തന്നെ ജീവിതത്തില്‍ ഇതുവരെ കഴിച്ചിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.പ്രായം തളര്‍ത്തതായ പോരാട്ട വീര്യവുമായി ബാലസുബ്രമണ്യന്റെ ജൈത്രയാത്ര തുടരുകയാണ്. ഇനിയും ഇത്തരത്തിലുള്ള ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണ്ണം നേടുമെന്ന ശുഭാപ്തി വിശ്വാസത്തോടെ.