കാസര്‍കോട്ട് മുഅദ്ദിനെ വെട്ടിക്കൊലപ്പെടുത്തി

Posted on: March 21, 2017 11:39 am | Last updated: March 21, 2017 at 3:09 pm

കാസര്‍കോട്: ചൂരിയില്‍ പള്ളി മുഅദ്ദിനെ വെട്ടിക്കൊലപ്പെടുത്തി. കര്‍ണാടകത്തിലെ കുടക് സ്വദേശി റിയാസ് മുസ്ല്യാർ (28) ആണ് മരിച്ചത്. പഴയ ചൂരി മുഹ്‌യിദ്ദീന്‍ ജുമാ മസ്ജിദിന് കീഴിലുള്ള നിസ്‌കാര പള്ളിയിലെ മുഅദ്ദിനാണ്. ഇന്നലെ അര്‍ധരാത്രി 12 മണിയോടെ മാരകായുധങ്ങളുമായി എത്തിയ ഒരുസംഘം റിയാസ് മുസ്ലിയാരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സ‌ംഭവമറിഞ്ഞ് നാട്ടുകാർ എത്തി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പള്ളിയോട് അനുബന്ധിച്ച രണ്ട് മുറികളിൽ ഒന്നിലാണ് റിയാസ് മുസ്ലിയാർ കിടന്നിരുന്നത്. തൊട്ടടുത്ത മുറിയിൽ പള്ളി ഖത്തീബ് അബ്ദുൽ അസീസ് മുസ്ലിയാരാണ് ഉണ്ടായിരുന്നത്. അക്രമികൾ ആദ്യം അസീസ് മുസ്ലിയാരുടെ വാതിലിൽ മുട്ടിയെങ്കിലും പന്തികേട് തോന്നിയ അദ്ദേഹം വാതിൽ തുറന്നില്ല. തുടർന്ന് റിയാസ് മുസ്ലിയാർ കിടന്ന മുറിയുടെ വാതിലിൽ മുട്ടുകയും വാതിൽ തുറന്ന റിയാസ് മുസ്ലിയാരെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

പഴയ ചൂരിയിലെ ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകൻ കൂടിയാണ് റിയാസ് മുസ്ലിയാർ. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍േേകാട് മണ്ഡലത്തില്‍ മുസ്ലിംലീഗ് ഹര്‍ത്താല്‍ ആചരിച്ചു വരികയാണ്.