പുഴയിലെ മാലിന്യം; ചെറിയമുണ്ടം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അറസ്റ്റ് വാറന്റ്‌

Posted on: March 21, 2017 12:59 am | Last updated: March 21, 2017 at 12:28 am

തിരൂര്‍: തിരൂര്‍- പൊന്നാനി പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാന്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ചെറിയമുണ്ടം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂനലിന്റെ അറസ്റ്റ് വാറന്റ്. സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഏപ്രില്‍ 24ന് ചേരുന്ന സിറ്റിംഗില്‍ ഹാജരാക്കാനാണ് നിര്‍ദേശം. എന്നാല്‍ ജില്ലാ പോലീസ് മേധാവി മുമ്പാകെ 10,000 രൂപയുടെ ബോണ്ട് നല്‍കി ഏപ്രില്‍ 24ന് തന്നെ സിറ്റിംഗില്‍ ഹാജരാകാമെന്ന് ഉറപ്പു നല്‍കിയതിന് ശേഷം കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു.

ഹോട്ടലുകള്‍, ആശുപത്രികള്‍, മറ്റ് കച്ചവടസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് തിരൂര്‍ – പൊന്നാനി പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തിരൂരിലെ പരിസ്ഥിതി പ്രവര്‍ത്തകനായ എരിഞ്ഞിക്കാട്ട് അലവിക്കുട്ടി നല്‍കിയ ഹരജിയെ തുടര്‍ന്നാണ് കോടതി നടപടി. 2014 സെപ്തംബറില്‍ തിരൂര്‍- പൊന്നാനി പുഴയിലേക്ക് ഒരു തുള്ളി മലിനജലം പോലും ഒഴുക്കരുതെന്ന ട്രൈബ്യൂനലിന്റെ പ്രാരംഭ ഉത്തരവ് ലംഘിച്ചതിനാണ് നടപടി. എന്നാല്‍ ഇക്കാലയളവില്‍ പുഴയിലെ മാലിന്യ തോത് അപകടകരമാം വിധം വര്‍ധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ട്രൈബ്യൂനല്‍ വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നതായി അലവിക്കുട്ടി പറഞ്ഞു. എന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് തിരൂര്‍ സബ് കലക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു. മാലിന്യം ഒഴുക്കുന്നതിന്റെ ദൃശ്യങ്ങളും പുഴ മലിനീകരണവുമായി ബന്ധപ്പെട്ട വാര്‍ത്താശകലങ്ങളും പുഴയിലെ മാലിന്യതോത് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി പുഴ മലിനീകരണത്തിന്റെ ആഘാതം കോടതിയെ ബോധ്യപ്പെടുത്തിയതിനാലാണ് കര്‍ശന നടപടിയുണ്ടായതെന്ന് അലവിക്കുട്ടി പറഞ്ഞു.