തേനിയിലെ കണികാപരീക്ഷണം റദ്ദാക്കി ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്

Posted on: March 20, 2017 10:27 pm | Last updated: March 21, 2017 at 11:29 am

ചെന്നൈ: കേരള അതിര്‍ത്തിയോടു ചേര്‍ന്ന് തേനിയിലെ പൊട്ടിപ്പുറത്ത് നടക്കാനിരിക്കുന്ന കണികാപരീക്ഷണം റദ്ദാക്കി ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്.

കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി പാരിസ്ഥിതിക അനുമതി നേടിയെടുത്തതെന്നും അംഗീകാരമില്ലാത്ത ഏജന്‍സിയാണ് തേനിയിലെ വെസ്റ്റ് ബോഡി ഹില്‍സ് വനത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയതെന്നും കാട്ടി ഒരു പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ വിധി.

2010ലായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കണികാപരീക്ഷണ കേന്ദ്രത്തിന് അനുമതി നല്‍കിയത്. ഗവേഷണശാലയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനും ശാസ്ത്രജ്ഞര്‍ക്ക് താമസിക്കുന്നതിനും മറ്റുമായി 66 ഏക്കര്‍ ഭൂമിയാണ് പൊട്ടിപ്പുറത്ത് പദ്ധതിക്കായി തമിഴ്‌നാട് സര്‍ക്കാര്‍ കൈമാറിയിട്ടുള്ളത്.

കണികാപരീക്ഷണത്തിനെതിരെ കേരളത്തിലും തമിഴനാട്ടിലും പ്രതിഷേധമുണ്ട്. കേരളത്തിനെയും തമിഴ്‌നാടിനെയും ഒരുപോലെ ബാധിക്കുന്ന ഈ പദ്ധതിക്ക് എതിരെയുള്ള പോരാട്ടത്തില്‍ അണിചേരണമെന്ന് ആവശ്യപ്പെട്ട് എംഡിഎംകെ നേതാവ് വൈക്കോ വിഎസിനെ സന്ദര്‍ശിച്ചിരുന്നു.