Connect with us

Articles

മദ്‌റസാ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ആവശ്യകത

Published

|

Last Updated

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് കേരളത്തില്‍ വ്യവസ്ഥാപിതമായി മദ്‌റസകള്‍ ആരംഭിക്കുന്നത്. അതുവരെ മതപഠനം പള്ളി ദര്‍സുകള്‍ കേന്ദ്രീകരിച്ചായിരുന്നു. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (1866-1919)യാണ് മദ്‌റസാ പ്രസ്ഥാനത്തിന് മലബാറില്‍ തുടക്കം കുറിച്ചത്. അദ്ദേഹം മദ്‌റസ പഠനബോധനത്തെക്കുറിച്ച് ആധുനിക കാഴ്ചപ്പാടുള്ള വ്യക്തിത്വമായിരുന്നു. 1908ല്‍ അദ്ദേഹം പ്രശസ്തമായ വാഴക്കാട് ദര്‍സിലെത്തി. 1913 ജനുവരി ഒന്നിന് കൊയപ്പത്തൊടി മോയിന്‍കുട്ടി ഹാജിയുടെ പിന്തുണയോടെ വാഴക്കാട് മദ്‌റസാ ദാറുല്‍ ഉലൂം സ്ഥാപിച്ചു. വിവിധ വിദ്യാലയ നിയമങ്ങള്‍ എന്ന പേരില്‍ പാഠ്യപദ്ധതി തയ്യാറാക്കി. ദര്‍സിനു വ്യക്തമായ ഒരു പാഠ്യപദ്ധതി ചട്ടക്കൂട് ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പത്ത് വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടാണ് അദ്ദേഹം പാഠ്യപദ്ധതി തയ്യാറാക്കിയത്. മതവിഷയങ്ങള്‍ക്കൊപ്പം ഭൂമി ശാസ്ത്രം, ഗോള ശാസ്ത്രം, വാസ്തു വിദ്യ തടങ്ങിയ വിഷയങ്ങളും പാഠ്യ വിഷയമാക്കി. മദ്‌റസകളില്‍ ലൈബ്രറി സമ്പ്രദായത്തിനും അദ്ദേഹമാണ് തുടക്കം കുറിച്ചത്. സിലബസിനനുസൃതമായ പാഠപുസ്തകങ്ങള്‍ തയ്യാറാക്കി. പരീക്ഷയും ക്ലാസ് കയറ്റവും ഏര്‍പ്പെടുത്തി.

മത വിദ്യാഭ്യാസ രംഗത്ത് സുപ്രധാന വഴിത്തിരിവായിത്തീര്‍ന്ന ഈ പരിഷ്‌കരണം മദ്‌റസാ പാഠ്യ പദ്ധതി പരിഷ്‌കരണത്തിന്റെ ആദ്യ കാല്‍വെപ്പാണ്. കേരളത്തിലെ മദ്‌റസാ പാഠ്യപദ്ധതി പരിശോധിച്ചാല്‍ അത് കാലികമായി പരിഷ്‌ക്കരിക്കേണ്ടതാണെന്ന് ബോധ്യപ്പെടും. കൂടുതല്‍ പ്രവര്‍ത്തനാധിഷ്ഠിതമായ, ശിശു സൗഹൃദപരമായ പഠനബോധന സമ്പ്രദായം എത്രയും വേഗം കൊണ്ടുവരേണ്ടതുണ്ട്. മൂല്യ നിര്‍ണയ സമ്പ്രദായവും നിരന്തരവും സമഗ്രവുമായ മൂല്യ നിര്‍ണയത്തിലേക്ക് മാറേണ്ടതുണ്ട്.

ഭാവി മുസ്്‌ലിം സമൂഹത്തെക്കുറിച്ചുള്ള നമ്മുടെ ഇച്ഛയും കാഴ്ചപ്പാടുകളും പ്രതീക്ഷകളും പ്രതിഫലിപ്പിക്കുന്ന ഒരു സാമൂഹിക രേഖയായിരിക്കണം പാഠ്യപദ്ധതി. മാറി വരുന്ന സാമൂഹിക പ്രശ്‌നങ്ങളും ആവശ്യങ്ങളും നിറവേറ്റാന്‍ പര്യാപ്തമായ തലത്തില്‍ വിദ്യാര്‍ഥി സമൂഹത്തെ സജ്ജരാക്കേണ്ടതുണ്ട്. മാറുന്ന സാമൂഹിക സാഹചര്യത്തില്‍ മുസ്്‌ലിംകള്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കാനും പ്രതിസന്ധികളെ മറികടക്കാനും പര്യാപ്തമായ പ്രവര്‍ത്തന പരിപാടികള്‍ ഏകോപിപ്പിക്കാനുള്ള ഒരു വിദ്യാഭ്യാസ രേഖയാണ് പാഠ്യപദ്ധതി.
എന്ത് പഠിക്കണം? എന്തിന് പഠിക്കണം? എങ്ങനെ പഠിക്കണം? എപ്പോള്‍ പഠിക്കണം? എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പാഠ്യപദ്ധതിക്ക് കഴിയണം. സാമൂഹിക വികസന പ്രക്രിയയുടെ അടിസ്ഥാന ഘടകമാണ് വിദ്യാഭ്യാസമെന്നതിനാല്‍ സാമൂഹിക മാറ്റങ്ങള്‍ക്കനുസരിച്ച് മത വിദ്യാഭ്യാസത്തിന്റെ രീതി ശാസ്ത്രവും അടിസ്ഥാന വിശ്വാസ പ്രമാണങ്ങള്‍ക്ക് മാറ്റം വരുത്താതെ ഉള്ളടക്കവും മാറേണ്ടതുണ്ട്. വിദ്യാഭ്യാസം ഒരു സാമൂഹിക പ്രക്രിയയാണ്. വ്യക്തി സമൂഹത്തെയും, സമൂഹം വ്യക്തിയെയും ശക്തമായി സ്വാധീനിക്കുന്നു. പാഠ്യപദ്ധതിയില്‍ സാമൂഹ്യ പ്രശ്‌നങ്ങളാണ് പ്രതിഫലിക്കേണ്ടത്.

ജ്ഞാന നിര്‍മിതിവാദം പാഠ്യപദ്ധതി രൂപവത്കരണത്തിന്റെ സൈദ്ധാന്തിക അടിത്തറയായി ഇന്ന് അംഗീകരിച്ചിട്ടുണ്ട്. പാഠ്യപദ്ധതി സിദ്ധാന്തത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ദര്‍ശനമാണിത്. ഉദ്ദേശ്യ പൂര്‍ണവും ആസൂത്രിതവുമായ ഒരു പ്രക്രിയ എന്ന നിലയില്‍ വിദ്യാഭ്യാസത്തിന് വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. മാറി മാറി വരുന്ന സാമൂഹിക ആവശ്യങ്ങള്‍ക്കനുസരിച്ച് കാലോചിതമായി പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ നിശ്ചയിക്കേണ്ടതുണ്ട്. പഠിതാവിന്റെ ബഹുമുഖമായ വികാസമാണ് പാഠ്യപദ്ധതി വിഭാവനം ചെയ്യുന്നത്. അതോടൊപ്പം സാമൂഹിക വികാസവും കൈവരിക്കണം.വിദ്യാഭ്യാസം സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയായതിനാല്‍ സാമൂഹിക മാറ്റങ്ങള്‍ക്കനുസരിച്ച് പഠന ലക്ഷ്യങ്ങളിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. കാരണം, പഠനത്തിന് മനുഷ്യന്റെ സാമൂഹിക പുരോഗതിയെ സ്വാധീനിക്കാനുള്ള കഴിവുണ്ട്.
സാമൂഹിക പുരോഗതിയും പരിവര്‍ത്തനവും ലക്ഷ്യം വെക്കുന്ന പാഠ്യപദ്ധതി സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ എന്തിന് മറച്ചുവെക്കുന്നു? എല്ലാവരുടെയും ക്ഷേമവും വികാസവും ലക്ഷ്യം വെക്കുമ്പോഴും സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരോട് അവഗണന കാണിക്കുന്ന പഠന സമ്പ്രദായം നിലനിര്‍ത്തണമോ? പാഠ്യപദ്ധതി ജീവിത യാഥാര്‍ഥ്യങ്ങളോട് നീതി പുലര്‍ത്തേണ്ടതില്ലേ? സമൂഹത്തെ മാറ്റിപ്പണിയുക എന്ന ലക്ഷ്യം പഠനത്തിലൂടെ നിര്‍വഹിക്കാനാകും. പഠിക്കുക എന്നതിന്റെ അര്‍ഥം‘മാറ്റുക എന്ന് കൂടിയാണ്- മെച്ചപ്പെട്ട ജീവിതത്തിലേക്ക് എല്ലാവരെയും മാറ്റുക. അങ്ങനെ സാമൂഹിക ജീവിതത്തെ പുതുക്കിപ്പണിയുക.

പ്രശ്‌നാധിഷ്ഠിത പാഠ്യപദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഖുര്‍ആനിന്റെ ഓരോ സൂക്തവും അവതരിച്ചതു തന്നെ പ്രശ്‌നബന്ധിതമായിട്ടാണ്. തിരുനബിയുടെ ഉപദേശവും അങ്ങിനെയായിരുന്നു. നാം ഉയര്‍ത്തിപ്പിടിക്കുന്ന വിമര്‍ശനാത്മക ബോധന ശാസ്ത്രത്തിന്റെ രീതി ശാസ്ത്രമനുസരിച്ചാണ് എല്ലാ പഠന ബോധന പ്രവര്‍ത്തനങ്ങളും നടത്തിയത്. തന്റെ ജനതയില്‍ അന്ന് നിലനിന്നിരുന്ന സാമൂഹിക പ്രശ്‌നങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുകയും പ്രതികരിക്കുകയും സമൂഹത്തെ പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതിന് വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തി. വ്യവസ്ഥയോട് പൊരുത്തപ്പെട്ട് കഴിയാനല്ല, വ്യവസ്ഥയെ മാറ്റി മറിക്കാനാണ് റസൂല്‍ ശ്രമിച്ചത്. തിന്മയിലും അനാചാരങ്ങളിലും മുഴുകിയ ഒരു സമൂഹത്തെ 23 വര്‍ഷത്തെ അധ്യാപനത്തിലൂടെ പരിവര്‍ത്തിപ്പിക്കാന്‍ പ്രവാചകന് സാധിച്ചു.

ഇസ്‌ലാം വിജ്ഞാനത്തെ ജീവിതഗന്ധിയായി വീക്ഷിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് ഒറ്റയടിക്കല്ല. വ്യത്യസ്ത ജീവിത സന്ദര്‍ഭങ്ങളിലേക്ക് ആവശ്യമായ വിധിവിലക്കുകളും വീക്ഷണങ്ങളുമായി അവതരിച്ചു. നബിയുടെ അധ്യാപനവും സന്ദര്‍ഭോചിതമായിരുന്നു. അതുകൊണ്ടു തന്നെ ഖുര്‍ആന്‍ സൂക്തങ്ങളും നബി വചനങ്ങളും ആവശ്യാനുസരണം നബിയുടെ അനുചരന്മാര്‍ സ്വാംശീകരിച്ചു. യാന്ത്രികമായി കാണാപാഠം പഠിക്കാതെ തന്നെ ഖുര്‍ആന്‍ സൂക്തങ്ങളും നബി വചനങ്ങളും അവര്‍ പഠിച്ചു. പഠനം സ്വാഭാവികവും അര്‍ഥപൂര്‍ണ്ണവും ജീവതകാലം മുഴുവന്‍ നീണ്ടു നില്‍ക്കേണ്ട പ്രക്രിയയുമാണെന്ന ആധുനിക കാഴ്ചപ്പാട് ശരിയാണെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു. പ്രവാചകരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: പ്രവാചകരേ! താങ്കള്‍ വളരെ സൗമ്യശീലനായത് അള്ളാഹുവിന്റെ മഹത്തായ ഒരനുഗ്രഹമാകുന്നു. താങ്കള്‍ കഠിന ഹൃദയനായ പരുഷ പ്രകൃതക്കാരനായിരുന്നുവെങ്കില്‍ താങ്കളുടെ ചുറ്റില്‍ നിന്നും അവരെല്ലാം പിരിഞ്ഞുപോയതുതന്നെ. അവരുടെ തെറ്റുകള്‍ മാപ്പാക്കുക, അവരുടെ പാപമുക്തിക്കായി പ്രാര്‍ഥിക്കുക, കൂടിയാലോചനകളില്‍ അവരെയെല്ലാം പങ്കാളികളാക്കുക. (ആലു ഇംറാന്‍: 159)

പത്ത് വയസ്സ് മുതല്‍ നബി (സ)യുടെ സേവകനായി മരണം വരെ തുടര്‍ന്ന അനസ് (റ) പറയുന്നു: നബി തിരുമേനി തന്റെ കരം കൊണ്ട് ഒന്നിനെയും അടിച്ചിട്ടില്ല. പത്ത് വയസ്സ് മുതല്‍ റസൂലിന് സേവനം ചെയ്തുവരുന്ന കാലത്ത് എന്തെങ്കിലും ഒരു കാര്യത്തിന് എന്തിന് ചെയ്തു? എന്തുകൊണ്ട് ചെയ്തില്ല? എന്ന് അവിടുന്ന് ചോദിച്ചിട്ടില്ല. ശിശു പ്രകൃതം പരിഗണിച്ചായിരിക്കണം അധ്യാപനം നടത്തേണ്ടതെന്ന് റസൂല്‍ (സ) പറഞ്ഞു: ലളിതമായി പഠിപ്പിക്കണം. നിശ്ചയം അല്ലാഹു പ്രയാസപ്പെടുത്തുന്നവനോ ബുദ്ധിമുട്ടിക്കുന്നവനോ ആയി എന്നെ അയച്ചിട്ടില്ല. എളുപ്പമായി പഠിപ്പിക്കുന്ന അധ്യാപകനായിട്ടാണ് എന്നെ നിയോഗിച്ചിരിക്കുന്നത്. മറ്റൊരു വചനം കാണുക: ഞങ്ങള്‍ പ്രവാചകന്മാര്‍ ജനങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന സ്ഥാനം നല്‍കാനും അവരുടെ ബുദ്ധിയനുസരിച്ച് അവരോട് സംസാരിക്കാനും കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. തന്റെ ശിഷ്യരായ സ്വഹാബിമാരോട് പിതൃതുല്യമായ സ്‌നേഹമാണ് റസൂല്‍ (സ്വ) പ്രകടിപ്പിച്ചത്. ഞാന്‍ നിങ്ങള്‍ക്ക് മകന് പിതാവ് എന്ന പോലെയാണ്.

ആളുകള്‍ നോക്കിനില്‍ക്കെ മദീനാപള്ളിയുടെ മൂലയില്‍ മൂത്രമൊഴിച്ച അപരിഷ്‌കൃതനായ അറബിയെ സ്വഹാബിമാര്‍ ആട്ടിയോടിക്കാന്‍ ശ്രമിച്ചു. നബി അവരെ വിലക്കിക്കൊണ്ട് പറഞ്ഞു: അയാള്‍ മൂത്രമൊഴിച്ചു കഴിയട്ടെ. നിങ്ങള്‍ ഒരു ബക്കറ്റ് വെള്ളം കൊണ്ടുവന്ന് അവിടെ ഒഴിച്ചേക്കുക. ആളുകള്‍ക്ക് പ്രയാസമുണ്ടാക്കുന്നവരായല്ല, എളുപ്പമുണ്ടാക്കുന്നവരായാണ് തന്നെ നിയോഗിക്കപ്പെട്ടിരിക്കുന്നത്. ആഗതന്‍ ജനിച്ചുവളര്‍ന്ന ജീവിത സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള തികഞ്ഞ മനഃശ്ശാസ്ത്രപരമായ സമീപനമായിരുന്നു നബിയുടെ ബോധനരീതി.
വ്യക്തി വ്യത്യാസങ്ങള്‍ പരിഗണിച്ചും ജിജ്ഞാസ ഉണര്‍ത്തിയും ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയുമാണ് റസൂലിന്റെ അധ്യാപനം. പഠന സന്നദ്ധത പരിഗണിച്ചായിരുന്നു ഓരോ കാര്യവും പഠിപ്പിച്ചത്.

ഭാവി സമൂഹത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളും കാഴ്ചപ്പാടുകളും പ്രതിഫലിക്കുന്ന ഒരു സാമൂഹിക രേഖയായ കരിക്കുലം രൂപവത്കരിക്കുന്നതിന് മുസ്്‌ലിം സമൂഹത്തിന്റെ നാനാ മേഖലയിലുള്ള ആളുകളെ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇതില്‍ വിദ്യാഭ്യാസ വിചക്ഷണര്‍, ഉലമാക്കള്‍, അധ്യാപകര്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, തൊഴില്‍ ദായകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. ഭാവി സമൂഹം എങ്ങിനെയായിരിക്കണമെന്നതിന് വ്യക്തമായ ദിശാബോധം നല്‍കാന്‍ കഴിയുന്നവരായിരിക്കണം ഇവര്‍. പാഠ്യപദ്ധതി രൂപവത്കരണത്തിന് ഒരു സമീപന രേഖ തയ്യാറാക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക പഠന ബോധന കാഴ്ചപ്പാടിനെക്കുറിച്ച് ധാരണയുള്ളവരുടെ ശില്‍പശാലകളിലൂടെ ഇത് തയ്യാറാക്കാം. ഈ സമിതി ഇന്ന് നിലനില്‍ക്കുന്ന മദ്്‌റസ വിദ്യാഭ്യാസം സമഗ്രമായി വിലയിരുത്തുകയും ഉള്ളടക്കത്തിലെയും രീതി ശാസ്ത്രത്തിലെയും മികവും പരിമിതിയും മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും ക്രോഡീകരിക്കണം. പഠന ബോധന പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും ആധുനിക മനഃശാസ്ത്രം മുന്നോട്ടുവെക്കുന്ന സൈദ്ധാന്തിക അടിത്തറയുടെ വെളിച്ചത്തില്‍ പുനഃപരിശോധിച്ച് പുതിയ കാഴ്ചപ്പാടുകളും സമീപനവും നിര്‍ദ്ദേശിക്കണം. ഈ സമീപന രേഖയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് സമഗ്രമായ കരിക്കുലം രൂപവത്കരണ ശില്‍പശാല ആരംഭിക്കാം. പാഠ്യപദ്ധതി സമീപന രേഖ തയ്യാറാക്കുമ്പോള്‍ സ്‌കൂള്‍ പാഠ്യപദ്ധതി സമീപന രേഖ പരിശോധിക്കണം. പാഠ്യപദ്ധതി തയ്യാറായാല്‍ അതിന്റെ അടിസ്ഥാനത്തിലുള്ള സിലബസ്സും കരിക്കുലര്‍ ഒബ്ജക്ടീവ്‌സും സിലബസ്സ് ഗ്രിഡും യൂനിറ്റ് ഫ്രൈമും തയ്യാറാക്കി പാഠപുസ്തക പരിഷ്്കരണം ആരംഭിക്കാം. ഇതോടൊപ്പം അധ്യാപകരെ ശാക്തീകരിക്കുന്നതിന് അധ്യാപക സഹായിയും, സമഗ്രമായ അധ്യാപക ശാക്തീകരണ പരിപാടിയും ആരംഭിക്കണം.

 

 

Latest