ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വര്‍ധിപ്പിക്കും

Posted on: March 20, 2017 9:36 pm | Last updated: March 20, 2017 at 9:36 pm

ദുബൈ: ദുബൈയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സ്റ്റേഷനുകളുടെ എണ്ണം ഇരട്ടിയാക്കും.
100 പുതിയ സ്റ്റേഷനുകള്‍ കൂടി തുറക്കാനാണ് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറ്റി (ദിവ) തീരുമാനം. അതോടെ സ്റ്റേഷനുകളുടെ എണ്ണം 200 ആയി ഉയരും. ദിവ നടപ്പാക്കിവരുന്ന പദ്ധതികളുടെ രണ്ടാംഘട്ടമാണിത്. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ തുടങ്ങുന്നത്.

ഇന്ധന ലാഭത്തിനും കാര്‍ബണ്‍ മലിനീകരണം ഇല്ലാതാക്കാനും വേണ്ടിയാണ് ഇലക്ട്രിക് വാഹനങ്ങള്‍. ഒരു സാധാരണ കാര്‍ ഏഴു ദിര്‍ഹത്തിന് ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്യാനാകും. 130 കിലോമീറ്റര്‍ യാത്രക്ക് ഇത് ധാരാളം. സാധാരണ കാറിന്റെ അതേ വേഗത്തില്‍ യാത്രചെയ്യാമെന്നതാണ് മറ്റൊരു നേട്ടം. കൂടുതല്‍ ശേഷിയുള്ള ബാറ്ററിയില്‍ അധികം ചാര്‍ജ് ചെയ്യാം. ഓരോ വാഹനത്തിലും ഇതില്‍ വ്യത്യാസമുണ്ടാകും. കൂടുതല്‍ ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ തുറക്കുന്നതോടെ വാഹനങ്ങള്‍ക്കു സുഗമമായി യാത്രചെയ്യാന്‍ അവസരമൊരുങ്ങും. യു എ ഇ വിഷന്‍ 2021, ദുബൈ പ്ലാന്‍ 2021 എന്നിവയോടനുബന്ധിച്ച് ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട് നഗരമാക്കാനുള്ള നടപടികള്‍ ദ്രുതവേഗത്തില്‍ പുരോഗമിക്കുകയാണെന്ന് ദിവ എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. സമ്പൂര്‍ണ ഹരിതനഗരമാക്കാനുള്ള പദ്ധതികളാണ് നടപ്പാക്കുക.