അബ്ദുല്ല അല്‍ ഹബ്ബായ് ദുബൈ ഹോള്‍ഡിംഗ് ചെയര്‍മാന്‍

Posted on: March 20, 2017 9:16 pm | Last updated: March 20, 2017 at 9:16 pm
അബ്ദുല്ല അല്‍ ഹബ്ബായ്

ദുബൈ: ടീ കോമിന്റെയടക്കം മാതൃസ്ഥാപനമായ ദുബൈ ഹോള്‍ഡിംഗ് ചെയര്‍മാനായി അബ്ദുല്ല അല്‍ ഹബ്ബായിയെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിയമിച്ചു. വികസനത്തിന് വൈവിധ്യ പദ്ധതികളുമായി ദുബൈ ഹോള്‍ഡിംഗ് മുന്നോട്ട് പോകുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. പല മേഖലകളില്‍ നിക്ഷേപം നടത്തേണ്ടത് അനിവാര്യമാണ്. ഒരു വാണിജ്യ പ്രമുഖന്‍ എന്ന നിലയില്‍ യു എ ഇ യുടെ വികസന കാഴ്ചപ്പാട് ഉള്‍കൊണ്ട വ്യക്തിയാണ് അബ്ദുല്ല അല്‍ ഹബ്ബായിയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

നിലവില്‍ ശൈഖ് മുഹമ്മദിന് കീഴിലുള്ള മിറാസ് ഹോള്‍ഡിംഗിന്റെ ചെയര്‍മാനാണ് അബ്ദുല്ല അല്‍ ഹബ്ബായ്. ആ പദവി തുടരും. ദി ബീച്ച്, സിറ്റി വാക് തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിച്ചത് അബ്ദുല്ല അല്‍ ഹബ്ബായിയാണ്. നിര്‍മാണ മേഖലയില്‍ 25 വര്‍ഷത്തെ അനുഭവ ജ്ഞാനമുണ്ട്. 16 വര്‍ഷം ദുബൈ നഗരസഭയില്‍ നഗരവികസന വകുപ്പ് മേധാവിയായിരുന്നു. മുഹമ്മദ് അല്‍ അബ്ബാറിന് പകരക്കാരനായാണ് ദുബൈ ഹോള്‍ഡിംഗ് അമരത്തെത്തുന്നത്.