Gulf
ആഗോള ഗ്രാമത്തില്‍ മനംകവര്‍ന്ന് ഫലസ്തീന്‍ പവലിയന്‍

1- ഫലസ്തീന്‍ പവലിയനിലെ സെയ്തൂണ്‍, ഓയില്‍ വ്യാപാര കേന്ദ്രം.(ചിത്രങ്ങള്‍- കരീം തങ്ങള്‍)
ദുബൈ: സാംസ്‌കാരിക സമ്പന്നതയുടെയും വൈവിധ്യത്തിന്റെയും സംഗമ വേദിയായ ആഗോള ഗ്രാമത്തില്‍ തലയെടുപ്പോടെ ഫലസ്തീന്‍ പവലിയന്‍. കുടിയേറ്റത്തിന്റെയും പലായനങ്ങളുടെയും നീറുന്ന കഥകള്‍ ദിനം പ്രതി ഫലസ്തീന്‍ തെരുവുകളില്‍ നിന്ന് ലോകം കേട്ടുകൊണ്ടിരിക്കുമ്പോഴാണിത്. വെടിയൊച്ചകളാലും ബോംബ് വര്‍ഷത്താലും ശബ്ദമുഖരിതമായ മധ്യപൗരസ്ത്യ ദേശത്തിന്റെ നിത്യ കണ്ണീര്‍ ചാലുകളൊഴുകുന്ന ഫലസ്തീനില്‍ നിന്നെത്തിയ കലാകാരന്മാരും വ്യാപാരികളും സവിശേഷ കലകള്‍ കൊണ്ടും തനത് പാരമ്പര്യ വസ്ത്രരൂപങ്ങള്‍ കൊ ണ്ടും അത്ഭുതം കാണിക്കുന്നു. സവിശേഷ ഭക്ഷണ വിഭവങ്ങളൊരുക്കി സന്ദര്‍ശകരുടെ മനം കവരുന്നു. കണ്ണീര്‍ കായലില്‍ നിന്ന് നീന്തിവന്നവരെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചിരിക്കുന്നു ആഗോള ഗ്രാമം. പ്രധാന സാംസ്‌കാരിക വേദിയുടെ ചാരത്തായാണ് ഫലസ്തീന്‍ പവലിയന്‍ എന്നത് ഇതിന്റെ സാക്ഷ്യമാണ്.

മണലില്‍ ദൃശ്യങ്ങള്‍ തീര്‍ക്കുന്ന ഫയ്യാദ് അല്‍ ഹവാംദ
പളുങ്ക് കുപ്പികളില്‍ മണലിനൊപ്പം മുഖ ദൃശ്യങ്ങള്‍ വരച്ചിടുന്ന ഫയ്യാദ് അല്‍ ഹവാംദാണ് ഫലസ്തീന്‍ പവലിയനിലെ പ്രധാനതാരം. മനോഹരമായ അറബ് പാരമ്പര്യ സംസ്‌കാരത്തിന്റെ നേര്‍കാഴ്ച നല്‍കുന്ന പവലിയന്റെ പ്രധാന കവാടം കടന്ന് ചെല്ലുമ്പോള്‍ ലോക മനഃസാക്ഷിയുടെ തീരാ ദുഃഖമായി തീര്‍ന്ന മസ്ജിദുല്‍ അഖ്‌സയുടെ മറ്റൊരു പകര്‍പ്പ് ഒരുക്കിയ പ്രത്യേക ഭാഗത്ത് ഫയ്യാദ് തന്റെ കലാ രൂപങ്ങള്‍ക്ക് പിറവി നല്‍കുന്നു. ജോര്‍ദാന്‍ മണലാരണ്യത്തില്‍ നിന്നെത്തിച്ച പ്രത്യേക മണല്‍കൊണ്ട് പളുങ്ക് കുപ്പികളില്‍ വിവിധ രൂപങ്ങള്‍, സന്ദര്‍ശകരുടെ മുഖ ഭാവങ്ങള്‍, ഇഷ്ട പേരുകള്‍ അങ്ങിനെ ഈ 27കാരന്‍ തീര്‍ക്കുന്ന കലാ വിസ്മയങ്ങളാല്‍ ആരുടെയും മനം തുടിക്കുന്നതാണ്. ലോകത്തെ മറ്റു മണലാരണ്യത്തെ മണലിനെക്കാളും മാര്‍ദവമായതത്രെ ജോര്‍ദാനില്‍ നിന്നെത്തിക്കുന്ന മണല്‍ തരികള്‍. വ്യത്യസ്തമായ വര്‍ണക്കൂട്ടുകളില്‍ ഒരുക്കിയെടുക്കുന്ന കൃത്യതയാര്‍ന്ന ചിത്രങ്ങള്‍ പളുങ്ക് കുപ്പികളില്‍ നിറയുന്ന മണലിനൊപ്പം വിരിയുന്നത് ഏറെ പേരെ ആകര്‍ഷിക്കുന്നുണ്ട്.
13 വയസുള്ളപ്പോള്‍ ജോര്‍ദാനിലെ ഒരു സുഹൃത്താണ് മണലില്‍ തീര്‍ക്കുന്ന വിസ്മയങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ തന്റെ വിരലുകള്‍ക്ക് ശക്തി പകര്‍ന്നത്. തുടര്‍ന്ന് സിറിയ, ലബനാന്‍ ഈജിപ്ത്, ഒമാന്‍, ദുബൈ തുടങ്ങിയിടങ്ങളിലെ വിവിധ മേളകളില്‍ സാന്നിധ്യമറിയിച്ചു. തുടര്‍ച്ചയായ ആറാം തവണയാണ് ദുബൈ ഗ്ലോബല്‍ വില്ലേജില്‍ കലാ പ്രകടനങ്ങള്‍ ഒരുക്കുന്നത്. ആവശ്യക്കാരേറിയപ്പോള്‍ ദുബൈയിലും അബുദാബിയിലും കലാ വിസ്മയങ്ങള്‍ക്ക് പ്രത്യേക വിപണന കേന്ദ്രങ്ങളൊരുക്കി. യു എ ഇയിലുടനീളം ആവശ്യക്കാര്‍ക്ക് തന്റെ കലാ രൂപങ്ങള്‍ എത്തിച്ചു കൊടുക്കുന്നുണ്ടെന്നും ഫയ്യാദ് പറയുന്നു.
നന്നേ ചെറിയ കുപ്പികളില്‍ പോലും മിനുറ്റുകള്‍ക്കുള്ളിലാണ് ഇഷ്ട പേരുകളും വര്‍ണ ചിത്രങ്ങളും മുഖ ദൃശ്യങ്ങളും മണലില്‍ ഫയ്യാദിന്റെ കരവിരുതിലായി വിരിയുന്നത്. തെളിമയാര്‍ന്ന ചില്ലു പ്രതലത്തില്‍ മണല്‍ കൊണ്ട് വര്‍ണ രൂപങ്ങളും ഇദ്ദേഹമൊരുക്കുന്നുണ്ട്. അവിടെയും ആവശ്യക്കാരേറെ. മണല്‍ ദൃശ്യങ്ങള്‍ക്ക് 30 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെയാണ് മിടുക്കനായ ഈ കാലാകാരന്‍ ഈടാക്കുന്നത്.
സവിശേഷവും വ്യത്യസ്തതയുമാര്‍ന്ന അനവധി സൈതൂണ്‍ പഴങ്ങളുടെ വിപണിയാണ് പവലിയനിലെ മറ്റൊരു ആകര്‍ഷണം. കറുത്തതും പച്ചയുമായ മുന്തിയ 20 തരം സൈതൂണ്‍ പഴങ്ങള്‍ സന്ദര്‍ശകര്‍ക്ക് തിരഞ്ഞെടുക്കാം. കിലോക്ക് 40 ദിര്‍ഹമാണ് ഓരോ ഇനത്തിനും ഈടാക്കുന്നത്. പരമ്പരാഗത രീതിയില്‍ തയ്യാര്‍ ചെയ്തതും ശുദ്ധവും മായം ചേര്‍ക്കാത്തതുമായ ഒലീവ് ഓയില്‍ 50 ദിര്‍ഹം ലിറ്ററിനെന്ന നിലയില്‍ അതോടൊപ്പമുണ്ട്. അതി വിശിഷ്ഠമായ ഭക്ഷണ വിഭവങ്ങളില്‍ ചേര്‍ക്കുന്നതിന് ഈ ഒലീവ് ഓയില്‍ മികച്ചതെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒലീവ് ഓയിലില്‍ നേര്‍പിച്ചെടുത്ത വഴുതനയോടൊപ്പം തക്കാളി, വെണ്ണക്കട്ടി, തൈര് എന്നിവ ചേര്‍ത്ത് ഫലസ്തീനിയന്‍ കുബ്ബൂസ് കൊണ്ട് തീര്‍ക്കുന്ന സ്വാദിഷ്ടമായ ഒരു പ്രത്യേക വിഭവവും ആവശ്യക്കാര്‍ക്ക് ലഭിക്കും. പ്രഭാതത്തില്‍ ഖഹ്‌വയോടൊപ്പം ശീലിച്ചാല്‍ ദിവസം മുഴുവന്‍ ഉന്മേഷവാന്മാരായിരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഫലസ്തീനിലെ പ്രധാന പ്രഭാത ഭക്ഷണമായ ഈ വിഭവത്തെ പരിചപ്പെടുത്തുകയാണ് വ്യാപരികള്‍. വിഭവത്തിലെ പ്രധാന ഘടകവും ഒലീവ് ഓയില്‍ തന്നെ.
സവിശേഷമായ സൈതൂണ്‍ പഴങ്ങളില്‍ ആരോഗ്യത്തിന് ഏറെ പ്രയോജനപ്രദമായ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. കോപ്പര്‍ 38 ശതമാനം, ഇരുമ്പ് (25), ഫൈബര്‍ (17), വിറ്റാമിന്‍ ഇ (15) എന്നിങ്ങനെയാണ് ധാതുക്കളുടെ തോത്. ഹൃദ്രോഗം, കാന്‍സര്‍, കൊളസ്‌ട്രോള്‍ തുടങ്ങി ഒട്ടനവധി മാരക രോഗങ്ങളെ മാറ്റിനിര്‍ത്തുന്നതാണ് ഒലീവ് പഴത്തിന്റെയും എണ്ണയുടെയും രോഗ പ്രതിരോധ ശേഷി.
മനം മയക്കുന്ന കലാ വിസ്മയങ്ങള്‍ക്കൊപ്പം ആരോഗ്യ സംരക്ഷണത്തിനുതകുന്ന സവിശേഷ സൈതൂണ്‍ പഴങ്ങള്‍, ഓയില്‍, പരമ്പരാഗത വസ്ത്ര ശേഖരങ്ങള്‍ എന്നിവ ഒരുക്കുന്നതിലൂടെ ആഗോള ഗ്രാമത്തിലെത്തുന്ന അതിഥികള്‍ക്ക് സന്ദര്‍ശനത്തിനായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഫലസ്തീന്‍ പവലിയന്‍.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

