ഗുരുതരം പോലീസ് വീഴ്ചകള്‍

Posted on: March 18, 2017 6:00 am | Last updated: March 17, 2017 at 10:52 pm

പോലീസിന്റെ തുടരെത്തുടരെയുള്ള വീഴ്ചകളും അതിരുവിട്ട പ്രവര്‍ത്തനവും ഇടതു സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചു കൊണ്ടിരിക്കുകയാണ്. മുമ്പെങ്ങുമില്ലാത്ത പരാതികളാണിപ്പോള്‍ സംസ്ഥാനത്ത് പോലീസിനെതിരെ ഉയരുന്നത്. ഫസല്‍ വധം, ജിഷ്ണു വധം, വാളയാറിലെ സഹോദരിമാരുടെ മരണം, നടിയെ ഉപദ്രവിച്ച സംഭവം, മിഷേലിന്റെ മരണം, കുണ്ടറയിലെ പത്ത് വയസ്സുകാരിയുടെ മരണം, മറൈന്‍ ഡ്രൈവിലെ ശിവസേനാ ഗുണ്ടായിസം, താനൂര്‍ സംഘര്‍ഷം തുടങ്ങി നിരവധി സംഭവങ്ങളില്‍ പോലീസിന് അക്ഷന്തവ്യമായ വീഴ്ചയോ പിടിപ്പുകേടോ സംഭവിക്കുകയുണ്ടായി. പ്രതിപക്ഷത്തിന്റെ കേവല ആരോപണമല്ല ഇതൊന്നും. മുഖ്യമന്ത്രിയും സര്‍ക്കാര്‍ വൃത്തങ്ങളും തുറന്നു സമ്മതിച്ചതാണ്. വാളയാര്‍ സംഭവത്തില്‍ പോലീസിന്റെ ഗുരതര വീഴ്ച സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിയമസഭയില്‍ മുഖ്യമന്ത്രിയും അംഗീകരിക്കുകയുണ്ടായി. മൂത്ത പെണ്‍കുട്ടി മരിച്ചപ്പോള്‍ തന്നെ കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങള്‍ പിതാവ് പോലീസിനെ അറിയിച്ചിരുന്നതാണ്. ഉടന്‍ തന്നെ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ രണ്ടാമത് മരണം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പെണ്‍കുട്ടിയെ കാണാതായെന്ന പരാതി ലഭിച്ചാല്‍ അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് മിഷേലിന്റെ മരണത്തിനിടയാക്കിയതെന്നാണ് പരാതി. കാണാതായെന്ന പരാതി ലഭിച്ചയുടനെ പോലീസ് സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിച്ചാല്‍ ഒരു പക്ഷെകുട്ടിയെ രക്ഷപ്പെടുത്താനായേനെ. കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി കൊച്ചി നോര്‍ത്ത് സ്റ്റേഷനിലും നോര്‍ത്ത് വനിതാ സ്റ്റേഷനിലും സെന്‍ട്രല്‍ സ്റ്റേഷനിലും കയറിയിറങ്ങിയെങ്കിലും തണുപ്പന്‍ പ്രതികരണമായിരുന്നു എല്ലായിടത്തുനിന്നുമുണ്ടായത്. തട്ടിക്കൊണ്ടുപോകലുള്‍പ്പെടെ പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇത്തരമൊരു പരാതിയില്‍ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ഊര്‍ജിതാന്വേഷണം നടത്തുകയും ചെയ്യേണ്ടതായിരുന്നു. ഈ കേസില്‍ ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയെ പോലീസ് കംപ്ലൈന്റ് അതോറിറ്റി ചെയര്‍മാന്‍ അപലപിച്ചിട്ടുണ്ട്.

മറൈന്‍ ഡ്രൈവില്‍ കമിതാക്കളെ ശിവസേനക്കാര്‍ തല്ലിയോടിച്ചപ്പോള്‍ പോലീസ് കാഴ്ചക്കാരായി മാറി നിന്നതും ന്യായീകരിക്കാവതല്ല. ഫസല്‍ വധക്കേസില്‍ നഗ്നമായ ഹിന്ദുത്വ അനുകൂല നിലപാടാണ് ആദ്യം കേസന്വേഷിച്ച പോലീസ് സംഘം സ്വീകരിച്ചതെന്ന് ആക്ഷേപമുയര്‍ന്നതാണ്. തുടര്‍ന്ന് അന്വേഷണ സംഘത്തെ മാറ്റിയ ശേഷമാണ് കേസ് നടത്തിപ്പില്‍ പുരോഗതിയുണ്ടായതും മുഖ്യപ്രതികളെ പിടികൂടാനായതും.
ആഭ്യന്തര വകുപ്പും പോലീസും എക്കാലത്തും വിമര്‍ശിക്കപ്പെടാറുണ്ട്. ഭരണ പക്ഷത്തിന്റെ മര്‍ദനോപാധിയായി മാറുന്നു പോലീസെന്നായിരുന്നു മുന്‍കാലങ്ങളില്‍ ഉയര്‍ന്നു വരാറുള്ള പ്രധാന ആരോപണം. ഇപ്പോഴത്തെ പോലീസ് നടപടികളില്‍ ഭരണപക്ഷത്തിന് തന്നെയും രക്ഷയില്ലെന്നാണ് ഫോര്‍ട്ട് കൊച്ചിയില്‍ ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും പോലീസിന്റെ പരസ്യമായ മര്‍ദനത്തിന് ഇടയായത് ഉള്‍പ്പെടെയുള്ള പല സംഭവങ്ങളും വിളിച്ചോതുന്നത്.
ഏറെ പ്രതീക്ഷ ഉണര്‍ത്തിയതായിരുന്നു പിണറായി സര്‍ക്കാറിന്റെ ഭരണത്തുടക്കം. വിശിഷ്യാ പോലീസ് നയം. ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനായി രാഷ്ട്രീയ നിറം നോക്കാതെ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പോലീസിന് അനുവാദം നല്‍കുകയും രാഷ്ട്രീയ ഇടപെടലുകള്‍ നടത്തരുതെന്ന് പാര്‍ട്ടിക്കാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. ഈ സ്വാതന്ത്ര്യം പക്ഷേ പോലീസ് ദുരുപയോഗം ചെയ്യുകയും പല കേസുകളിലും നിഷ്‌ക്രിയത്വം പുലര്‍ത്തുകയുമായിരുന്നു. സര്‍ക്കാറിനും ആഭ്യന്തര വകുപ്പിനും ദുഷ്‌പേരുണ്ടാക്കാനുള്ള മനഃപൂര്‍വമായ നീക്കമാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. പോലീസിന്റെ മനോവീര്യം കെടുത്തുമെന്നത് കൊണ്ടാണ് കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ജനവിരുദ്ധ നിലപാട് പൊതുസമൂഹത്തെയും പാര്‍ട്ടി അനുഭാവികളെ പോലും സര്‍ക്കാറിന് എതിരാക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍.

കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും സല്‍പ്പേരും മികച്ച റെക്കോര്‍ഡുമുണ്ടായിരുന്നു കേരളാ പോലീസിന് നേരത്തെ. അടുത്ത കാലത്തായി അത് നഷ്ടമായി കൊണ്ടിരിക്കുകയാണ്. ഇത് വീണ്ടെടുക്കണമെങ്കില്‍ പോലീസ് നയങ്ങളിലും പരിശീലനങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതോടൊപ്പം പോലീസ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ പിടിമുറുക്കേണ്ടതുമുണ്ട്. സാരോപദേശങ്ങളല്ല, ഉത്തരവാദിത്വത്തില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷാനടപടികളാണ് ആവശ്യം.