Connect with us

Malappuram

ആദിവാസി വൃദ്ധയുടെ വീട് പൊളിഞ്ഞ് വീഴാറായ നിലയില്‍

Published

|

Last Updated

പൊളിഞ്ഞ് വീഴാറായ വീടിന് മുന്നില്‍ മാധവി

പെരിന്തല്‍മണ്ണ: പതിനഞ്ച് വര്‍ഷം മുമ്പ് പെരിന്തല്‍മണ്ണ നഗരസഭ നിര്‍മിച്ച് നല്‍കിയ ആദിവാസി വൃദ്ധയുടെ വീട് പൊളിഞ്ഞു വീഴാറായ നിലയില്‍. ഒറ്റപ്പെടലിന്റെ നൊമ്പരത്തിന് പുറമെ വീടിന് തകര്‍ച്ചയും നേരിട്ടതോടെ അറുപത്തിആറുകാരിയായ മാധവി ദുരിതത്തിലായി. അറ്റകുറ്റപണികള്‍ യഥാസമയം നടത്താതിനാല്‍ മഴ പെയ്താല്‍ ഒരു തുള്ളി വെള്ളം പുറത്തേക്കില്ല. ഭര്‍ത്താവ് മാധവന്‍ രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടതോടെ മാധവി വീടിനകത്ത് തനിച്ചാണ് താമസം. നഗരസഭയിലെ എട്ടാം വാര്‍ഡ് പൊന്യാകുര്‍ശ്ശി ഇടുവമ്മല്‍ കോളനിയിലെ മാധവിയുടെ വീടിന് ഒരു വാതില്‍ പോലും ശരിയായ രീതിയിലില്ല. തുണികള്‍ കൊണ്ട് മറച്ചാണ് അടച്ച് വരുന്നത്. വീടിന്റെ അറ്റകുറ്റപണികള്‍ നടത്തണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളോട് അപേക്ഷിച്ചെങ്കിലും ഇതു വരെ നടപടിയായില്ല. വര്‍ഷം തോറും വിടിന്റെ അറ്റകുറ്റ പണികള്‍ക്കായി തുക അനുവദിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു പണിയും നടന്നിട്ടില്ല.

പെരിന്തല്‍മണ്ണ താലൂക്കില്‍ 80 ആദിവാസി വീടുകള്‍ ഉള്‍പ്പെട്ട കോളനിയില്‍ ഒരു പ്രമോട്ടര്‍ പോലും ഇല്ല. അതു കൊണ്ട് തന്നെ ഇവരുടെ ദുരിത കഥകള്‍ പുറം ലോകം അറിയാറുമില്ല. റേഷന്‍ കിട്ടുന്നത് കൊണ്ട് പട്ടിണിയില്ലെന്ന് മാത്രം. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പെരിന്തല്‍മണ്ണയിലില്ലാത്തതും ഇവര്‍ക്ക് വിനയാവുകയാണ്.