നിയമനത്തില്‍ അഴിമതിയെന്ന് ആരോപണം; സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ സമരം ശക്തമാക്കുന്നു

Posted on: March 16, 2017 6:34 pm | Last updated: March 16, 2017 at 4:35 pm

കോഴിക്കോട്: സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം ജില്ലയിലെ എല്‍ പി, യു പി സ്‌കൂളില്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിച്ചതില്‍ അഴിമതിയാണെന്ന് ആരോപിച്ച് കോഴിക്കോട് എസ് എസ് എക്ക് മുമ്പില്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ അമ്പത് ദിവസമായി നടത്തി വരുന്ന സമരം ശക്തമാക്കുന്നു.സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണി മുതല്‍ ഡി ഡി ഇ ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കും. 19 ന് രാവിലെ 10 മണി മുതല്‍ എസ് എസ് എ പ്രൊജക്ട് ഓഫിസിന് മുന്നില്‍ ഉപരോധവും, 21 ന് രാവിലെ 10 മണി മുതല്‍ കടപ്പുറത്ത് മുഖ്യമന്ത്രിയെ ഞങ്ങള്‍ക്കിഷ്ടമാണെന്ന പേരില്‍ ചിത്രരചനയും സംഘടിപ്പിക്കും.

സ്വന്തക്കാരെ നിയമിക്കുന്നതിന് വേണ്ടി വന്‍ അഴിമതിയാണ് നിയമന കാര്യത്തില്‍ നടത്തിയതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. 50 മാര്‍ക്ക് ഇന്റര്‍വ്യൂവിന് നല്‍കിയത് സ്വന്തക്കാരെ നിയമിക്കാനാണ്. കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് പോലുമില്ലാത്തവര്‍ക്കും നിയമനം നല്‍കിയിട്ടുണ്ട്. മുസ്‌ലിം ഒഴിവിലേക്ക് മുസ്‌ലിം ഇല്ല എന്ന് പറഞ്ഞ് പ്രമുഖ സി പി എം നേതാവിന്റെ ബന്ധുവിനെ നിയമിച്ചു. ഒ ബി സി റിസര്‍വേഷന്‍കാരെയും ഓപണ്‍ കാറ്റഗറിയിലേക്ക് നിയമിച്ചു. 26 പേരെ നിയമിച്ച ഡ്രോയിംഗ് വിഭാഗത്തില്‍ ഒരു മുന്നോക്കക്കാരന് മാത്രമാണ് നിയമനം ലഭിച്ചത്. അര്‍ഹതയില്ലാത്തവര്‍ക്ക് അധ്യാപക തസ്തികയില്‍ നിയമനം നല്‍കി എസ് എസ് എ ഫണ്ട് എഴുതിയെടുത്ത് വന്‍ തോതില്‍ അഴിമതി നടത്തുകയാണ് അധികൃതരുടെ ലക്ഷ്യമെന്ന് സമര സമിതി ആരോപിച്ചു.
കോഴിക്കോട് എസ് എസ് എയില്‍ നടത്തിയ നിയമനത്തിലെ ക്രമക്കേട് വിജിലന്‍സും ശരിവെച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. പേഴ്‌സണല്‍ ഇന്റര്‍വ്യൂ നടത്താതെ ഡിസ്‌ക്രിപ്റ്റ് എക്‌സാമിനേഷന്‍ നടത്തിയത് ദുരുതരമായ വീഴ്ചയാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്യായമായും നീതി പൂര്‍വമല്ലാതെയും തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന ആവശ്യവും വിജിലന്‍സ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. സമര സമതിയുടെ ആവശ്യം അംഗീകരിക്കാത്ത പക്ഷം അനിശ്ചിതകാല നിരാഹാര സത്യഗ്രഹവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ കെ കെ പ്രസന്ന, എസ് എസ് ചന്ദ്രബോസ്, സ്വപ്‌ന പി, വി ബിന്ദുറാണി, എം എം ശ്രീഗേഷ് പങ്കെടുത്തു.