പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് സര്‍ക്കാര്‍ അധികാരമേറ്റു

Posted on: March 16, 2017 10:36 am | Last updated: March 17, 2017 at 10:55 am
അമരീന്ദര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യുന്നു.

ചണ്ഡിഗഢ്: പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം പഞ്ചാബില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതിന് നേതൃത്വം നല്‍കിയ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു.. സംസ്ഥാനത്തിന്റെ ഇരുപത്തിയാറാമത്തെ മുഖ്യമന്ത്രിയായാണ് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചാബ് ഗവര്‍ണര്‍ വി പി സിംഗ് ബാദ്‌നോര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഹാന്ധി സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.

തുടക്കത്തില്‍ ഒമ്പത് മന്ത്രിമാരുമായി ഭരണം ആരംഭിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് അറിയുന്നു. ക്യാബിനറ്റ് പിന്നീട് വികസിപ്പിക്കാനാണ് ഉദ്ദേശ്യമെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭയില്‍ ആകെ 77 കോണ്‍ഗ്രസ് എം എല്‍ എമാരാണുള്ളത്.

രാജ്ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് വളരെ ലളിതമായിരുന്നു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.