ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേല്‍ ഗോശ്രീ പാലത്തിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു

Posted on: March 16, 2017 10:19 am | Last updated: March 17, 2017 at 10:55 am

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേല്‍ ഗോശ്രീ പാലത്തിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. നേരത്തെ മിഷേല്‍ ഗോശ്രീ പാലത്തില്‍ കണ്ടതായി സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലാണ് പുതിയ ദൃശ്യങ്ങള്‍. ഞായറാഴ്ച രാത്രി 7.30 ഒടെ മിഷേലിനോട് രൂപസാമ്യമുള്ള പെണ്‍കുട്ടി ഗോശ്രീപാലത്തിലേക്ക് നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഗോ ശ്രീ പാലത്തിന് അടുത്തുള്ള ഫ്‌ലാറ്റില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ബുധമനാഴ്ച രാത്രി പോലീസിന് കിട്ടിയത്.

നേരത്തെ പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടു മുന്‍പ് ബൈക്കിലെത്തിയ രണ്ടു പേരെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ലോക്കല്‍ പൊലീസ് ആദ്യം മൊഴിയെടുത്ത ശേഷം വിട്ടയച്ച തലശ്ശേരി സ്വദേശിയായ യുവാവിനെയും വീണ്ടും ചോദ്യം ചെയ്യും.ഇതിനിടെ പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടു മുന്പുള്ള മിഷേലിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു.

മിഷേലിനെ കാണാതാകുന്ന ഞായറാഴ്ച വൈകിട്ട് ആറിന് പള്ളിയ്ക്ക് മുന്‍വശത്തുള്ള രൂപത്തിന് മുന്നില്‍ പ്രാര്‍ഥിക്കുന്നതിന്റെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ആദ്യം ലഭിച്ചത്. സംശയിക്കാത്തക്ക യാതൊരു സാഹചര്യങ്ങളും ഈ ദൃശ്യങ്ങളിലില്ല. ഈ പ്രാര്‍ത്ഥനക്ക് ശേഷം മിഷേലിനെ റോഡിലേക്ക് പോകുന്നതും കാണാം. ഇതിന് ശേഷമാണ് മിഷേലിനെ കാണാതാകുന്നത്. ഇതിനിടെ ലോക്കല്‍ പെലീസ് പ്രതിയെന്ന് ആരോപിച്ച ക്രോണിന്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്‌തെങ്കിലും കേസുമായി ബന്ധപ്പെട്ട മറ്റു സൂചനകളെക്കുറിച്ച വിശദമായ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.