പുതിയ മദ്യ നയം: കരട് എഴുതുന്നവരുടെ ശ്രദ്ധക്ക്

ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ക്കു മാത്രം ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കുകയും വന്‍കിട ബാറുകള്‍ക്കു യഥേഷ്ടം അനുമതി നല്‍കുകയും ചെയ്യുന്ന പുതിയ മദ്യതന്ത്രമാണ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. മദ്യവില്‍പ്പനശാലകള്‍ക്കു നിശ്ചയിച്ച ദൂരപരിധി ബാറുകള്‍ക്കു ബാധകമല്ല എന്ന സ്ഥിതിവന്നാല്‍, മദ്യശാലകള്‍ ബാറുകളായി മാറും. വൈന്‍, ബിയര്‍, കള്ള് തുടങ്ങിയവയെ മദ്യത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുക കൂടി ചെയ്താല്‍ ഭീഷണമായ ഒരു മദ്യനയം രൂപപ്പെടും.
Posted on: March 16, 2017 6:25 am | Last updated: March 16, 2017 at 12:26 am

കേരളത്തിന്റെ സാമൂഹിക സുരക്ഷക്കു വന്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന മദ്യവിപത്തില്‍ നിന്ന് സമൂഹത്തെ രക്ഷിക്കണമെന്ന മുറവിളി സ്ത്രീകളും മദ്യവിരുദ്ധരും ഒരേപോലെ ഉയര്‍ത്തുന്നതിനിടയില്‍ പുതിയ മദ്യനയം അണിയറയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ആസ്ഥാന വിദ്വാന്മാര്‍ പുതിയ മദ്യനയത്തിന്റെ രചനയിലാണ്. അടുത്ത മാസം പ്രഖ്യാപിക്കാന്‍ പോകുന്ന, പുതിയതെന്ന് വിളിക്കപ്പെടുന്ന മദ്യനയരേഖ കേരളത്തിന്റെ ആശങ്കകള്‍ക്കു അറുതി വരുത്താന്‍ ഉതകുന്നതാകുമോ?

അടച്ചിട്ട ബാറുകള്‍ ചിലതെങ്കിലും തുറക്കുമെന്ന സൂചന ഇതിനകം വന്നുകഴിഞ്ഞു. മദ്യപന്മാരിലും മദ്യ വില്‍പനക്കാരിലും ആഹ്ലാദം പടര്‍ത്തുന്നതും സ്ത്രീ സമൂഹത്തെ ആശങ്കയിലാഴ്ത്തുന്നതുമായ നീക്കമാണിത്.
വിനോദസഞ്ചാര മേഖലയില്‍ ഉദാരമായി മദ്യമൊഴുക്കണമെന്ന നിര്‍ദേശം ടൂറിസം വകുപ്പിന്റെ പേരില്‍ വന്നു കഴിഞ്ഞു. അതുവഴി, ഖജനാവിലെ വരുമാനക്കുറവ് നികത്താന്‍ സഹായിക്കുമെന്ന പ്രചാരണവും ശക്തമാണ്. സര്‍ക്കാര്‍ ഖജനാവില്‍ വരുമാന വര്‍ധനയുണ്ടാകുമ്പോള്‍, സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വരുമാനവും ബജറ്റും ജീവിത ഭദ്രതയുമാണ് താറുമാറാകുന്നത് എന്ന കാര്യം അധികാരികള്‍ ശ്രദ്ധിക്കാതെ പോകുന്നു.

ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധി ഇന്ത്യയിലെ ജനലക്ഷങ്ങള്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മദ്യവ്യാപനം വന്‍തോതില്‍ തടയാന്‍ ആ വിധി നടപ്പിലാക്കിയാല്‍ കഴിയും എന്നതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നത്. എന്നാല്‍, ആ കോടതിവിധിയിലെ പഴുതുകള്‍ മദ്യലോബികള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് സംസ്ഥാന എക്‌സൈസ് വകുപ്പ് കൂലങ്കഷമായി ആലോചിച്ചുകൊണ്ടിരിക്കുന്നു. വിധിയെ മറികടക്കാന്‍, ബാറുകള്‍ക്കു ലൈസന്‍സ് നല്‍കാം എന്ന ചാണക്യ ബുദ്ധിയാണ് മദ്യരാജാക്കന്മാര്‍ സര്‍ക്കാറിന് നല്‍കുന്നത്. അതായത്, മദ്യശാലകളുടെ ദൂരപരിധി സംബന്ധിച്ച സുപ്രീം കോടതി വിധി ബാറുകള്‍ക്ക് ബാധകമാവില്ലെന്ന് നിയമത്തെ വക്രീകരിക്കാന്‍ ശേഷിയുള്ള ശകുനിമാര്‍ ഉപദേശം നല്‍കിയിരിക്കുന്നു. ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ക്കു മാത്രം ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കുകയും വന്‍കിട ബാറുകള്‍ക്കു യഥേഷ്ടം അനുമതി നല്‍കുകയും ചെയ്യുന്ന പുതിയ മദ്യതന്ത്രമാണ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.
മദ്യവില്‍പ്പനശാലകള്‍ക്കു നിശ്ചയിച്ച ദൂരപരിധി ബാറുകള്‍ക്കു ബാധകമല്ല എന്ന സ്ഥിതിവന്നാല്‍, മദ്യശാലകള്‍ ബാറുകളായി മാറും. വൈന്‍, ബിയര്‍, കള്ള് തുടങ്ങിയവയെ മദ്യത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുക കൂടി ചെയ്താല്‍ ഭീഷണമായ ഒരു മദ്യനയം രൂപപ്പെടും.
പേരിന് വേണ്ടിയാണെങ്കിലും, അടുത്ത പത്തു വര്‍ഷംകൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം എന്ന നയം പ്രഖ്യാപിക്കാനെങ്കിലും കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ തയ്യാറായി. ജനരോഷത്തെ ഭയന്നാണ് അങ്ങനെയൊരു തീരുമാനം അവര്‍ കൈക്കൊണ്ടത്. എന്നാല്‍, എല്‍ ഡി എഫ് സര്‍ക്കാര്‍, ഘട്ടംഘട്ടമായി മദ്യനിരോധനം എന്ന ആശയത്തെ അടിമുടി എതിര്‍ക്കുകയാണ്. മദ്യവര്‍ജനമെന്ന ദുര്‍ബലമായ ഒരാശയം പറഞ്ഞ് തടിതപ്പുകയും മദ്യം പിന്‍വാതിലിലൂടെ ഒഴുക്കാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കുകയുമാണ് അവര്‍ ചെയ്യുന്നത്.
മദ്യത്തിന്റെ വ്യാപനം തടയുക എന്ന കാഴ്ചപ്പാട് ഈ സര്‍ക്കാറിനില്ല. ബിവറേജ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറച്ചാല്‍ തല്‍സ്ഥാനത്ത് മയക്കുമരുന്ന് കേന്ദ്രങ്ങള്‍ വരുമെന്ന വിതണ്ഡവാദമാണവര്‍ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. യഥാര്‍ഥത്തില്‍, മദ്യത്തിലൂടെ സുബോധം നഷ്ടപ്പെടുന്നവരാണ് മയക്കുമരുന്നിലേക്കും കുറ്റകൃത്യങ്ങളുടെ ലോകത്തേക്കും ആനയിക്കപ്പെടുന്നത്. അതുകൊണ്ട്, ആദ്യം വേണ്ടത് എല്ലാ രൂപത്തിലുമുള്ള മദ്യം സുലഭമായി ലഭിക്കുന്ന ഇന്നത്തെ അവസ്ഥക്കു മാറ്റം വരുത്താനാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ ആദ്യം പരിശ്രമിക്കേണ്ടത്.
കേരളം വൈകൃതങ്ങളുടെ പിടിയിലാണിന്ന്. ലഹരി വസ്തുക്കള്‍ പലവിധ വഴികളിലൂടെ ഒഴുകിയിറങ്ങി നമ്മുടെ കുഞ്ഞുങ്ങളെപ്പോലും തുലച്ചുകൊണ്ടിരിക്കുന്നതിന്റെ ഭയാനകമായ വാര്‍ത്തകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നല്ലോ. സ്ത്രീപീഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രം പത്രങ്ങള്‍ പ്രത്യേകം പേജുകള്‍ ദൈനംദിനം മാറ്റിവെക്കുന്ന തകര്‍ച്ചയിലെത്തിയിട്ടും ഒരു പുനഃപരിശോധനക്ക് അധികാരികള്‍ തയ്യാറാകാത്തത് എന്തുകൊണ്ട്. മനോഹരമായ ജീവിത സങ്കല്‍പ്പങ്ങള്‍ക്കു കോട്ടം സംഭവിക്കുന്ന സാംസ്‌കാരിക തകര്‍ച്ചക്കാണ് ലഹരിവസ്തുക്കള്‍ സമൂഹത്തെ ഇന്ന് ഇരയാക്കിയിരിക്കുന്നത് മനുഷ്യനെ സംബന്ധിക്കുന്ന ജൈവികമായ കാഴ്ചപ്പാടുകള്‍ പോലും മായ്ച്ചു കളയാന്‍, കാലുറക്കാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഭരണകൂടം പരിശ്രമിക്കുന്നു. അവര്‍ക്ക് ജീര്‍ണമായ, അഴിമതി ഗ്രസ്തമായ, ഈ വ്യവസ്ഥയെ സംരക്ഷിക്കണമെന്ന ഒരൊറ്റ ചിന്തയേയുള്ളൂ. യുവജനത കുറ്റകൃത്യങ്ങളുടെ ലോകത്ത് വിരാജിക്കുമ്പോഴും, സ്ത്രീകളും കുട്ടികളും തെരുവില്‍ പിച്ചിചീന്തപ്പെടുമ്പോഴും അതിനെല്ലാം കാരണമായ അടിസ്ഥാന സാംസ്‌കാരിക തകര്‍ച്ചയുടെ ഉള്ളറകളിലേക്കു ഇറങ്ങാന്‍ വ്യവസ്ഥാപിത രാഷ്ട്രീയ ഭരണകൂടം മടിച്ചു നില്‍ക്കുന്നതാണ് യഥാര്‍ഥ വെല്ലുവിളി.

അതുകൊണ്ട്, പുതിയ മദ്യനയം എന്തായിരിക്കണമെന്നതിനെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചു കൊണ്ടുവേണം സര്‍ക്കാര്‍ കരട് തയ്യാറാക്കേണ്ടത്. മദ്യമാഫിയകള്‍ നല്‍കുന്ന മാസപ്പടി വാങ്ങിക്കൊണ്ട് ഈ സമൂഹത്തെ കുടിപ്പിച്ച് തളര്‍ത്താന്‍ ഉതകുന്ന ഒരു മദ്യനയം രചിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറാകരുതെന്ന ജനങ്ങളുടെ വിനീതമായ അപേക്ഷ പരിഗണിക്കുന്നില്ലെങ്കില്‍, ജനങ്ങള്‍ വീണ്ടും വീറുറ്റ മദ്യവിരുദ്ധസമരത്തിന് തുടക്കം കുറിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും.