തത്‌സമയ വിവരം നല്‍കുന്ന മാപ്പിന് ആപ്പ് തയ്യാറാകുന്നു

Posted on: March 15, 2017 9:09 pm | Last updated: March 15, 2017 at 9:09 pm
ഡോ. സഞ്ജയ് ചൗള

ദോഹ: തത്‌സമയ വിവരം ഉള്‍പ്പെടുത്തി നഗരങ്ങളുടെ മാപ് നല്‍കുന്ന ആപ് ഖത്വര്‍ കംപ്യൂട്ടിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (ക്യു സി ആര്‍ ഐ) വികസിപ്പിക്കുന്നു. സ്മാര്‍ട്ട് ഫോണില്‍ നിന്നുള്ള ജി പി എസ് സഞ്ചാരപഥത്തെ സ്വയമേവ നഗരത്തിന്റെ മാപിനായി ഉപയോഗിക്കുന്നതാണ് പുതിയ പദ്ധതിയെന്ന് ക്യു സി ആര്‍ ഐ ഡാറ്റ അനലിറ്റിക്‌സ് ഗ്രൂപ്പ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സഞ്ജയ് ചൗള പറഞ്ഞു. മെഷീന്‍ ലേണിംഗ് ആന്‍ഡ് ഡാറ്റ അനലിറ്റിക്‌സ് സിംപോസിയത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ഗള്‍ഫ് ടൈംസിനോട് സംസാരിക്കുകയായിരുന്നു.

ക്യു സി ആര്‍ ഐയുടെ വലിയ സംരംഭമാണ് മാപ് നിര്‍മാണമമെന്ന് അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട്‌ഫോണിലെ സഞ്ചാര പഥങ്ങള്‍ ഉപയോഗിച്ചുള്ള സംരംഭമാണിത്. ജി പി എസ് സഞ്ചാരപഥത്തില്‍ തത്‌സമയ മാപ് സംവിധാനിക്കാനാണ് ശ്രമിക്കുന്നത്. തത്‌സമയമോ തത്‌സമയത്തോടടുത്ത അവസ്ഥയോ അടിസ്ഥാനമാക്കി യാത്രാ വഴി തീരുമാനിക്കാന്‍ സാധിക്കുന്ന ആപ്പ് വികസിപ്പിക്കുകയെന്നതാണ് ആശയം. നിലവില്‍ ഇത് ഗവേഷണത്തിലാണ്. ദോഹയില്‍ നിരവധി റോഡ് നിര്‍മാണ പ്രവൃത്തികളാണ് നടക്കുന്നത്. റോഡുപണി കാരണം നിശ്ചിത ലക്ഷ്യസ്ഥാനത്തെത്താന്‍ ആളുകള്‍ക്ക് വ്യത്യസ്ത റൂട്ടുകള്‍ തിരഞ്ഞെടുക്കേണ്ടി വരും. ഗൂഗിള്‍ മാപ്പുകള്‍ തത്‌സമയ അവസ്ഥ നല്‍കില്ല. അതേസമയം, ഈ ആപ്പ് ഉപയോഗിച്ച് റോഡുകളിലെ അവസ്ഥയറിഞ്ഞ് മെച്ചപ്പെട്ട വഴികള്‍ തിരഞ്ഞെടുക്കാം. ഇതുസംബന്ധിച്ച ഗവേഷണ പ്രബന്ധം രചിച്ച് ഓണ്‍ലൈനില്‍ നല്‍കിയിട്ടുണ്ട്. ഒരു മാതൃക നിര്‍മിച്ച് ആഗസ്റ്റില്‍ നടക്കുന്ന അക്കാദമിക് സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് മെഷീന്‍ ലേണിംഗ് ഡാറ്റ വിശകലനത്തിന് കൂടുതല്‍ അവസരങ്ങളുണ്ടാകും.

അത്ഭുതപ്പെടുത്തുന്ന മറ്റ് ഗവേഷണങ്ങളും ക്യു സി ആര്‍ ഐ നടത്തുന്നുണ്ട്. തത്‌സമയ അറബി- ഇംഗ്ലീഷ് ഭാഷാന്തരം, 2ഡി ടി വി ചിത്രങ്ങള്‍ 3ഡിയാക്കല്‍ തുടങ്ങിയ ആപ്പുകള്‍ അവയില്‍ ചിലതാണ്. ലോകത്ത് നടന്ന പ്രകൃതി ദുരന്തങ്ങളില്‍ ക്യു സി ആര്‍ ഐ വികസിപ്പിച്ച എ ഡി ഇ ആര്‍ സംവിധാനം ഏറെ ഉപകാരപ്രദമായിട്ടുണ്ട്. കൊടുങ്കാറ്റോ ഭൂകമ്പമോ ഉണ്ടായ ഇടങ്ങളില്‍ നിന്നുള്ള ട്വീറ്റുകളും മറ്റ് സന്ദേശങ്ങളും പരിശോധിച്ച് അവയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയാണിത്. മേഖലയിലെ മുന്‍നിര കംപ്യൂട്ടര്‍ ഗവേഷണ സ്ഥാപനമാണ് ക്യു സി ആര്‍ ഐ. എല്ലാ ഗവേഷണ ഫലങ്ങളും ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ്. ഡാറ്റ സയന്‍സാണ് തങ്ങളുടെ പ്രധാന പ്രവൃത്തിയെന്നും ചൗള പറഞ്ഞു.