രാഹുലിനെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് അമരീന്ദര്‍ സിംഗ്

Posted on: March 15, 2017 6:47 am | Last updated: March 15, 2017 at 12:48 am

ന്യൂഡല്‍ഹി: പഞ്ചാബിലെ ഉജ്ജ്വല വിജയത്തിന് ശേഷം നിയുക്ത മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് ഉപാധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. നാളെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്നത്.
രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് ഉയര്‍ത്തുന്നതിനെ താന്‍ പിന്തുണക്കുന്നുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം അമരീന്ദര്‍ സീംഗ് പറഞ്ഞു. രാഹുലിന്റെ നേതൃത്വത്തെ വിമര്‍ശിച്ച പഴയ തലമുറയില്‍ പെട്ട നേതാവ് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുലിന്റെ അധ്യക്ഷ സ്ഥാനത്തെ പിന്തുണക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

അതിനിടെ, പഞ്ചാബിലെ വിജയത്തിന്റെ ക്രഡിറ്റ് അമരീന്ദറിന് അവകാശപ്പെട്ടതാണെന്ന് രാഹുല്‍ പറഞ്ഞതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അരമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ പഞ്ചാബിലെ മന്ത്രിസഭാ രൂപവത്കരണവും ചര്‍ച്ചയായി. പഞ്ചാബിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നേതാക്കള്‍ യോഗം ചേരുമെന്നും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടിക അന്തിമമായി തയ്യാറാക്കുമെന്നും അമരീന്ദര്‍ പറഞ്ഞു. രാഹുല്‍ പാര്‍ട്ടി തലപ്പത്ത് വരുന്നത് ഗുണകരമാകും. അതില്‍ തനിക്ക് സന്തോഷമേ ഉള്ളൂ. ഇത് ഒരു വര്‍ഷമായി താന്‍ പറഞ്ഞു വരുന്നതാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു.
ഗോവയിലും മണിപ്പൂരിലും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന സമീപനമാണ് ബി ജെ പിയുടേത്. ജനവിധി ലംഘിക്കുകയാണ് അവര്‍. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി ജെ പി മുദ്രാവാക്യത്തിനുള്ള മറുപടിയാണ് പഞ്ചാബിലെ വിജയം. എ എ പി കോണ്‍ഗ്രസിന് ഭീഷണിയായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ ചില കോലാഹലങ്ങള്‍ ഉണ്ടാക്കിയത് ഒഴിച്ചാല്‍ എ എ പി വലിയ സാന്നിധ്യമായിരുന്നില്ല. ഈ കോലാഹലങ്ങള്‍ ചില പത്രപ്രവര്‍ത്തകരെയും സ്വാധീനിച്ചിട്ടുണ്ടാകാം- അമരീന്ദര്‍ പറഞ്ഞു.
പഞ്ചാബില്‍ ഉപയോഗിച്ച വോട്ടിംഗ് മേഷീനുകളില്‍ കൃത്രിമം നടന്നുവോയെന്ന് പരിശോധിക്കണമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യത്തില്‍ യാതൊരു കഴമ്പുമില്ല. ഇത്തരം വാദങ്ങള്‍ തോല്‍ക്കുന്നവര്‍ സാധാരണ ഉയര്‍ത്താറുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.