കൊടുംചൂടിലെ ജലവിനിയോഗം

നമ്മുടെ വീട്ടുമുറ്റത്തുള്ള കിണറില്‍ കിടക്കുന്ന വെള്ളത്തിന്റെ പൂര്‍ണ അവകാശി നാമല്ല. അയല്‍വാസികള്‍ക്കും അതില്‍ അവകാശമുണ്ട്. നാം വില കൊടുത്തു വാങ്ങിയ സ്ഥലത്ത്, നാം പണമിറക്കി കുഴിച്ച കിണറില്‍ അയല്‍വാസിക്ക് എന്തവകാശം എന്ന് ചിന്തിക്കുന്നവരോട് ഇസ്‌ലാം ഉണര്‍ത്തുന്നത്, നിന്റെ കിണറിലേക്ക് ഉറവയായി ഒഴുകി എത്തിയ ജലം നിന്റെ പരിസരവാസികളുടെ പറമ്പില്‍ പെയ്തിറങ്ങിയ മഴവെള്ളംകൂടിയാണ് എന്നതാണ്. അതിനാല്‍, കൈവശക്കാരന്‍ എന്ന നിലക്ക് കുടിക്കാനുള്ള വെള്ളം നാമെടുത്തതിന് ശേഷം കുളിക്കുന്നതിന് മുമ്പ് അയല്‍ക്കാരന് വേറെ കുടിവെള്ളമില്ലെങ്കില്‍ നിര്‍ബന്ധമായും ഈ വെള്ളം നല്‍കണം.
Posted on: March 15, 2017 6:24 am | Last updated: March 15, 2017 at 12:07 am

ജീവജാലങ്ങളുടെ സങ്കേതമാണ് ഭൂമി. ജീവന്‍ നിലനിര്‍ത്താനാവശ്യമായ എല്ലാ വിഭവങ്ങളും വളരെ ആസൂത്രിതമായി ഇവിടെ സംവിധാനിക്കപ്പെട്ടിട്ടുണ്ട്. ഇതെക്കുറിച്ചുള്ള ചിന്തയും പഠനവും പ്രപഞ്ച സ്രഷ്ടാവിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. ഖുര്‍ആന്‍ പറയുന്നത് ശ്രദ്ധിക്കുക:”ജീവജാലങ്ങള്‍ക്ക് വേണ്ടി അവന്‍ ഭൂമിയെ സൃഷ്ടിച്ചിരിക്കുന്നു. അതില്‍ പഴവര്‍ഗങ്ങളും കൂമ്പാളകളുള്ള ഈന്തപ്പനകളുംവൈക്കോലുള്ള ധാന്യവര്‍ഗങ്ങളും സുഖന്ധച്ചെടികളും സംവിധാനിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍, നിങ്ങള്‍ നാഥന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിഷേധിക്കുന്നത്?”(അര്‍റഹ്മാന്‍)
മനുഷ്യന് വേണ്ടി തയ്യാറാക്കപ്പെട്ട ഭൂമിയിലെ പ്രധാനവിഭവമാണ് ജലം. ജലവും മനുഷ്യനും തമ്മിലുള്ള ബന്ധം അത്ഭുതകരമാണ്. മനുഷ്യശരീരത്തിന്റെ 70 ശതമാനവും വെള്ളമാണ്. ഒരു മനുഷ്യനെയെടുത്ത് കൊപ്ര ആട്ടുന്നതുപോലെ ആട്ടിയാല്‍ 70 ശതമാനം ‘മനുഷ്യ എണ്ണയും’ 30 ശതമാനം ‘മനുഷ്യപ്പിണ്ണാക്കും’ ലഭിക്കുമത്രേ. ഒരു ദിവസം 1500 മി. ലിറ്റര്‍ വെള്ളമെങ്കിലും അവന്‍ അകത്താക്കണം. കാരണം, അത്രയും ജലം വിയര്‍പ്പ്, വിസര്‍ജനം, ഉമിനീര്‍ തുടങ്ങിയവയിലൂടെ നമുക്ക് നഷ്ടപ്പെടുന്നുണ്ട്. വൃക്കകളില്‍ നിന്നും മാലിന്യം നീക്കാന്‍ മാത്രം ദിവസവും 600 മി. ലിറ്റര്‍ വെള്ളം ചെലവാകുന്നുണ്ട്. അതിനു പുറമെ ഓരോ മനുഷ്യനും ദിവസവും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി 35 ലിറ്ററോളം വെള്ളം വേണം.

ഭൂമിയും ഭൂമിയിലെ മണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെട്ട മനുഷ്യനും ജലാംശത്തിന്റെ കാര്യത്തില്‍ ആശ്ചര്യകരമായ യോജിപ്പാണുള്ളത്. ഭൂമിയുടെയും 70 ശതമാനം ജലമാണ്. ഏഷ്യ, ആഫ്രിക്ക, ആസ്‌ട്രേലിയ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അന്റാര്‍ട്ടിക്ക എന്നീ ഏഴ് വന്‍കരകളേയും വലയം ചെയ്തു നിലകൊള്ളുന്ന അറ്റ്‌ലാന്റിക് സമുദ്രം, പസഫിക് സമുദ്രം, ഇന്ത്യന്‍ മഹാ സമുദ്രം എന്നിവയിലും പുറമെ കരയിലൂടെ ഒഴുകുന്ന ആയിരക്കണക്കിന് പുഴകളും തടാകങ്ങളിലുമായാണ് ജലം സംഭരിക്കപ്പെട്ടിരിക്കുന്നത്.
ഇത്രയും വിശാലമായ ജലസമ്പത്ത് ഭൂമിയിലുണ്ടെങ്കിലും സാധാരണ ഗതിയില്‍ കുടിക്കാനുതകുന്ന ശുദ്ധ ജലം ആകെ ജലത്തിന്റെ ആറ് ശതമാനം മാത്രമാണ്. ലവണങ്ങളില്ലാത്ത വെള്ളമാണ് ശുദ്ധജലം. ഇവിടെയാണ് ശുദ്ധജലത്തിന്റെ പ്രാധാന്യം നാമുള്‍ക്കൊള്ളേണ്ടത്. അല്ലാഹു ചോദിക്കുന്നു: ‘നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍ നിന്ന് ഇറക്കിയത്, അതല്ല, നാമാണോ ഇറക്കിയത്? നാമുദ്ദേശിച്ചിരുന്നെങ്കില്‍ അതിനേയും ഉപ്പ് വെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദി കാണിക്കാത്തതെന്തുകൊണ്ട്?’ (അല്‍ വാഖിഅ68-70). സ്രഷ്ടാവിന്റെ സാന്നിധ്യം ബോധ്യപ്പെടുത്തുകയാണ് ജലചിന്തകള്‍. തീ നമുക്ക് ഉണ്ടാക്കാം. എന്നാല്‍, ജലം നമുക്ക് ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. ജലം നിര്‍മിക്കുന്നതിനെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല. മഴ എത്ര കിട്ടി, കിട്ടിയില്ല എന്നതില്‍ ചര്‍ച്ചയൊതുങ്ങുന്നതും മനുഷ്യന്റെ നിസ്സഹായതയാണ് പ്രകടമാക്കുന്നത്.

ഇനി ഈ ദൈവാനുഗ്രഹത്തെ എങ്ങനെ വിനിയോഗിക്കണമെന്ന ചര്‍ച്ചയും ചിന്തയുമാണ് കൂടുതല്‍ പ്രസക്തമാകുന്നത്. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ കൃത്യമായ ജലവിനിയോഗ നിയമമുണ്ട്.

കുടിവെള്ളത്തിന്റെ
ഉപയോഗം

ജീവന്‍ നിലനില്‍ക്കണമെങ്കില്‍ ആവശ്യത്തിന് ജലം അകത്താക്കണം. ശുചീകരണം, കൃഷി, നിര്‍മാണം തുടങ്ങിയവയെല്ലാം ജീവികളുടെ ദാഹം തീര്‍ത്തതിന് ശേഷമേ പാടുള്ളൂ. ഒരാളുടെ കൈയില്‍ അല്‍പം വെള്ളമുണ്ട്. അതില്‍ നിന്ന് ദാഹം മാറ്റിക്കഴിഞ്ഞാല്‍ ബാക്കി ഉപയോഗിച്ച് അയാള്‍ക്ക് വുളു, കുളി പോലുള്ളവ നടത്തണമെങ്കില്‍ ആ വെള്ളം കുടിക്കാന്‍ ആവശ്യമുള്ള മറ്റാരും ഇല്ലാതിരിക്കണം. അത് തന്റെ വളര്‍ത്തുമൃഗമാകുന്ന പശുവാണെങ്കിലും. ആ വെള്ളം പശുവിന്റെ ദാഹം മാറ്റാന്‍ കൊടുത്ത് അയാള്‍ മണ്ണുകൊണ്ട് തയമ്മും ചെയ്ത് ശുദ്ധീകരിക്കണം.
നമ്മുടെ വീട്ടുമുറ്റത്തുള്ള കിണറില്‍ കിടക്കുന്ന വെള്ളത്തിന്റെ പൂര്‍ണ അവകാശി നാമല്ല. അയല്‍വാസികള്‍ക്കും അതില്‍ അവകാശമുണ്ട്. നാം വില കൊടുത്തു വാങ്ങിയ സ്ഥലത്ത്, നാം പണമിറക്കി കുഴിച്ച കിണറില്‍ അയല്‍വാസിക്ക് എന്തവകാശം എന്ന് ചിന്തിക്കുന്നവരോട് ഇസ്‌ലാം ഉണര്‍ത്തുന്നത്, നിന്റെ കിണറിലേക്ക് ഉറവയായി ഒഴുകി എത്തിയ ജലം നിന്റെ പരിസരവാസികളുടെ പറമ്പില്‍ പെയ്തിറങ്ങിയ മഴവെള്ളംകൂടിയാണ് എന്നതാണ്. അതിനാല്‍, കൈവശക്കാരന്‍ എന്ന നിലക്ക് കുടിക്കാനുള്ള വെള്ളം നാമെടുത്തതിന് ശേഷം കുളിക്കുന്നതിന് മുമ്പ് അയല്‍ക്കാരന് വേറെ കുടിവെള്ളമില്ലെങ്കില്‍ നിര്‍ബന്ധമായും ഈ വെള്ളം നല്‍കണം. നിര്‍ബന്ധമായ കുളിയാണെങ്കില്‍ പോലും അത് തയമ്മും മുഖേന പരിഹരിക്കണം.

ദുര്‍വ്യയം ഉപേക്ഷിക്കുക

കുടിക്കുന്നതില്‍ പോലും അമിതമാകാതിരിക്കാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു.’നിങ്ങള്‍ ഭക്ഷിക്കുക, കുടിക്കുക അമിതമാക്കരുത്. നിശ്ചയം അമിത വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'(അഅ്‌റാഫ് 31)
ജലക്ഷാമ കാലത്ത് പ്രത്യേകിച്ചും ശ്രദ്ധിച്ച് ഉപയോഗിക്കുക. ഒരു വാട്ടര്‍ ടാപ്പില്‍ നിന്നും സെക്കന്റില്‍ ഒരു തുള്ളി എന്ന തോതില്‍ വെള്ളം നഷ്ടപ്പെട്ടാല്‍ ഒരു വര്‍ഷം 45,000 ലിറ്റര്‍ വെള്ളം നഷ്ടപ്പെടും. വാട്ടര്‍ ടാപ്പ് തുറന്നിട്ടുകൊണ്ടാണ് പലരും പാത്രങ്ങള്‍ കഴുകുന്നത്. ഒരു ഗ്ലാസ് കഴുകിയെടുക്കാന്‍ ഒരു ലിറ്ററോളം വെള്ളമാണ് ചെലവാകുന്നത്. ഒരു പാത്രത്തില്‍ വെള്ളമെടുത്താണ് ഗ്ലാസുകള്‍ കഴുകുന്നതെങ്കില്‍ ഒരു ലിറ്റര്‍ കൊണ്ട് പത്ത് ഗ്ലാസുകള്‍ വരെ കഴുകാന്‍ സാധിക്കും.
ടോയിലറ്റുകളിലും മറ്റും പഴയകാല ‘കിണ്ടി’ തിരിച്ചുകൊണ്ടുവന്നാല്‍ ജലോപയോഗം മൂന്നിലൊന്നായി കുറക്കാന്‍ കഴിയും. വാട്ടര്‍ ടാപ്പുകള്‍ തുറക്കുമ്പോള്‍ താഴെ ബക്കറ്റ് വെച്ചാല്‍ നനക്കാനും മറ്റും ഉറ്റിവീഴുന്ന വെള്ളം ഉപയോഗിക്കാനാകും.

‘പ്രവാചക ശിഷ്യനായ സഅദ്(റ) വുളു ചെയ്യുമ്പോള്‍ അതു വഴി കടന്നു പോകുകയായിരുന്ന നബി(സ) ചോദിച്ചു. സഅദേ, എന്താണിങ്ങനെ അമിതമായി വെള്ളമുപയോഗിക്കുന്നത്? സഅദ് (റ)അത്ഭുതത്തോടെ തിരിച്ചു ചോദിച്ചു. നബിയേ, വുളൂഇലുണ്ടോ ഈ അമിതോപയോഗത്തിന്റെ പ്രശ്‌നം? നബി(സ) പറഞ്ഞു. അതേ, സഅദേ. താങ്കള്‍ ഒഴുകുന്ന നദിയില്‍ നിന്ന് വുളു ചെയ്യുകയാണെങ്കില്‍ പോലും പരിധി വിടരുത്.(ഇബ്‌നു മാജ)

പള്ളികളില്‍ ശുചീകരണത്തിന് വേണ്ടി ജലം

ഉപയോഗിക്കുമ്പോള്‍ ചിലര്‍ മിതവ്യയം മറക്കാറുണ്ട്. ചിലര്‍ പാട്ട കൊണ്ട് വെള്ളം കാലില്‍ കോരി ഒഴിച്ച് ശരീരം തണുപ്പിക്കുന്നത് കാണാം. മറ്റു ചിലര്‍ ഒരുതരം ‘വസ്‌വാസു’കാരാണ്. വെള്ളട്ടാങ്കിന്റെ അടിയില്‍ വരെ കൈ താഴ്ത്തി ‘ഏറ്റവും ശുദ്ധമായ’ വെള്ളമെടുത്താണ് അവര്‍ വുളു തുടങ്ങുന്നത്. പിന്നെ സംശയമായി. എല്ലാ സ്ഥലവും നനഞ്ഞോ? അങ്ങനെ പത്തും പതിനഞ്ചും പ്രാവശ്യം വരെ കഴുകുന്നവരുണ്ട്. ഇത് ‘വലഹാന്‍’ എന്ന പിശാചിന്റെ ദുര്‍ബോധനമാണ് എന്നാണ് നബി(സ) പറഞ്ഞത്.
മസ്ജിദുകളിലെ ജലോപയോഗം നിയന്ത്രിക്കാന്‍ വാട്ടര്‍ ടാങ്കുകള്‍ അടച്ചിടുകയും ഹൗളുകള്‍ മാത്രം സൗകര്യപ്പെടുത്തുകയും ചെയ്യുക. ഒപ്പം കാലില്‍ വെള്ളമൊഴിക്കാനുള്ള പാത്രം പരമാവധി ചെറുതാക്കുക. ജുമുഅ നിസ്‌കാരാനന്തരം നല്ല ഉത്‌ബോധനവും നടത്തുക.
ശുചീകരണത്തിന് വേണ്ടി മാറ്റിവെച്ച ജലം മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ പാടില്ല. ഹൗളുകളില്‍ ശേഖരിച്ചുവെച്ച വെള്ളമെടുത്ത് വണ്ടി കഴുകുന്നതും കച്ചവടക്കാര്‍ കടകളിലെ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നതും പാടില്ലാത്തതാണ്. കുടിവെള്ളം കൃഷിക്ക് വേണ്ടിയും വീട് നിര്‍മാണത്തിനും മറ്റും ഉപയോഗിക്കുന്നതും നിഷിദ്ധമാണ്. സര്‍ക്കാറിന്റെ കുടിവെള്ള ടാപ്പുകള്‍ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നവര്‍ അവസാനിപ്പിക്കേണ്ടതുണ്ട്.

ജലം പങ്കുവെക്കുക

ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന ശുദ്ധജലം ഇല്ലാത്തവര്‍ക്ക് നല്‍കുക. ചിലരുടെ അധീനതയിലുള്ള കിണറുകളിലും കുളങ്ങളിലും ധാരാളം വെള്ളമുണ്ടാകും. കൊടും ചൂടുകാലത്ത് എസ് വെ എസ് അടക്കം ജീവകാരുണ്യ മേഖലയില്‍ സജീവമായ സംഘടനകള്‍ ശുദ്ധജലവിതരണം നടത്തുമ്പോള്‍ ജലം നല്‍കി സഹായിക്കുക.

മുന്‍ഗാമികള്‍ ദൈവപ്രീതിക്ക് വേണ്ടിയും മരണപ്പെട്ടവരുടെ പാരത്രിക നന്മക്ക് വേണ്ടിയും കിണര്‍ കുഴിച്ച് വഖ്ഫ് ചെയ്യുന്നവരായിരുന്നു. സഅദ്(റ) തന്റെ മാതാവ് മരണപ്പെട്ടപ്പോള്‍ അവരുടെ പേരില്‍ ധാനധര്‍മങ്ങള്‍ ചെയ്യാനുള്ള ആഗ്രഹം നബി(സ) യോട് പറയുകയുണ്ടായി. ഉമ്മയുടെ പേരില്‍ കിണര്‍ കുഴിച്ചു നല്‍കാനാണ് അദ്ദേഹത്തോട് നബി (സ) ഉപദേശിച്ചത്.
ഈ മാതൃക സ്വീകരിച്ച് കേരളത്തിനകത്തും പുറത്തുമായി മുവ്വായിരത്തിലധികം കിണറുകള്‍ കുഴിച്ച് നല്‍കി മാതൃക കാണിച്ച ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സേവന തത്പരതയെ നമുക്കും അനുധാവനം ചെയ്യാം. എസ് വൈ എസിന്റെ ജലസംരക്ഷണ ക്യാമ്പയിന്‍ വേനല്‍ക്കാല സ്ഥിരം പദ്ധതിയായി സ്വീകരിച്ചതും ഈ പ്രവര്‍ത്തനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതിനാലാണ്.