Connect with us

Gulf

അഞ്ചു വര്‍ഷത്തിനകം ആയിരം സ്ഥാപനങ്ങളും പതിനായിരം തൊഴിലുമെന്ന് ക്യു എഫ് സി

Published

|

Last Updated

യൂസുഫ് മുഹമ്മദ്
അല്‍ ജെയ്ദ

ദോഹ :ലോകകപ്പ് നടക്കുന്ന 2022നകം 1000 സ്ഥപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുകയും 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഖത്വര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അതോറിറ്റി സി ഇ ഒ യൂസുഫ് മുഹമ്മദ് അല്‍ ജെയ്ദ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ ക്യു എഫ് സിയുടെ പ്രവര്‍ത്തന മികവുകള്‍ വിശദീകരിക്കുന്നതിനു വേണ്ടി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മിശൈരിബ് ഡൗണ്‍ ടൗണ്‍ പദ്ധതിയില്‍ ഖത്വര്‍ ഫിനാന്‍ഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതും ഖത്വര്‍ ഫസ്റ്റ് ബേങ്ക് ഫിനാന്‍ഷ്യല്‍ സെന്ററില്‍ ലിസ്റ്റ് ചെയ്തതുമാണ് കഴിഞ്ഞ വര്‍ഷത്തെ പ്രധാന നേട്ടങ്ങള്‍. 100 ശതമാനം ഉടമസ്ഥാവകാശം, 100 ശമതാനം ലാഭം പറ്റാനുള്ള അവകാശം 10 കോര്‍പറേറ്റ് നികുതി തുടങ്ങി നിക്ഷേപങ്ങളെയും സംരഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള നിയമം നിര്‍മിക്കുന്നതിനും പ്രവര്‍ത്തനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ തന്നെ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന സ്ഥാപനമാണ് ഖത്വര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍.

ഈ വര്‍ഷം ആരംഭിക്കുന്ന പഞ്ചവത്സര പദ്ധതിയാണ് സെന്റര്‍ നടപ്പിലാക്കുന്നത്. ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന പഞ്ചവത്സര പദ്ധതി ഖത്വര്‍ വിഷന്‍ 2030നോടു ചേര്‍ന്നാണ് നടപ്പിലക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ വികസനം ലക്ഷ്യം വെച്ചാണ് പദ്ധതികള്‍. ലോകത്തെ മികച്ച സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി ദോഹയെ മാറ്റുകയാണ് ലക്ഷ്യം. സെന്ററിന്റെ അഡൈ്വസറി ബോര്‍ഡിന്റെ നേതൃത്വത്തില്‍ വ്യവസായ രംഗത്ത് മികവു തെളിയിച്ചവരെ നിയോഗിച്ചതായി അദ്ദേഹം പറഞ്ഞു. ബോര്‍ഡ് അംഗങ്ങള്‍ തങ്ങളുടെ പരിചയ സമ്പത്തും അറിവും ഉപയോഗിച്ചാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്നത് മുഖ്യ അജന്‍ഡയായി സെന്റര്‍ പരിഗണിക്കുന്നു.

അഞ്ചു പദ്ധതികളിലാണ് പ്രധാനമായും കേന്ദ്രീകരിക്കുന്നത്. മിശൈരിബ് ഡൗണ്‍ ടൗണിലെ ഫിനാന്‍ഷ്യല്‍ സിറ്റി, 1000 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ്, സ്വകാര്യ മേഖലയില്‍ പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സെന്റര്‍ സ്ഥാപനങ്ങളുടെ ആസ്തിയില്‍ മൂന്നു മടങ്ങ് വളര്‍ച്ച, അഞ്ചു ശതമാനം ക്യു ഇ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ എന്നിവയാണ് ലക്ഷ്യങ്ങള്‍. രാജ്യത്തിന്റെ സമ്പദ് മേഖലക്കും വാണിജ്യ മേഖലക്കും ഉണര്‍വ് പകരുന്ന രീതിയില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.