Connect with us

Kerala

ക്ഷേത്ര ഭാരവാഹികളുടെ മക്കള്‍ക്ക് മതപഠനം നിര്‍ബന്ധമാക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭാരവാഹിയാകണമെങ്കില്‍ അവരുടെ മക്കളോ ചെറുമക്കളോ മതപാഠശാലയില്‍ ചേര്‍ന്നിരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശം. മറ്റു മതങ്ങളെപ്പോലെ ഹിന്ദുക്കള്‍ക്കും മതപാഠശാലയിലെ പഠനം നിര്‍ബന്ധമാക്കാനാണു ബോര്‍ഡ് തീരുമാനം.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് മതപാഠശാലകള്‍ പ്രവര്‍ത്തിക്കണമെന്നും ഭാരവാഹികളാകണമെങ്കില്‍ അവരുടെ മക്കളോ ചെറുമക്കളോ ഈ പാഠശാലയില്‍ പഠിതാവായിരിക്കണമെന്നും പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത് നിയമമായിട്ടില്ല. ബോര്‍ഡിന്റെ തീരുമാനം ഉടന്‍ ഉണ്ടാകും. ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പൗരാണിക ഗ്രന്ഥങ്ങളും സംസ്‌കൃതവും ഒക്കെ ഹിന്ദുക്കളുടെ കുട്ടികള്‍ അടുത്തറിയേണ്ടതുണ്ട്. ഹിന്ദുമത വേദാന്ത സംസ്‌കൃത പാഠശാല കേന്ദ്രം എന്നതാണു പാഠശാലയുടെ പേര്.
ബോര്‍ഡിന്റെ കീഴിലുള്ള 1250 ക്ഷേത്രങ്ങളിലും ഇത് നടപ്പാക്കാന്‍ ശ്രമിക്കും. ആദ്യഘട്ടമായി 500 ക്ഷേത്രങ്ങളില്‍ ഉടന്‍ മതപാഠശാലകള്‍ നടപ്പാക്കും. വേദ, ഉപനിഷത്തുകളിലും ഭാഷയിലും അറിവുള്ളവരെ അധ്യാപകരായി നിയമിക്കും.

മതപാഠശാലകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കോ-ഓഡിനേറ്റര്‍ മണ്ണടി പൊന്നമ്മയുടെ നേതൃത്വത്തില്‍ ജനുവരിയില്‍ 48 സെന്ററുകളിലായി പ്രഥമപാദ പരീക്ഷ നടത്തിയിരുന്നു. ഇതില്‍ 40 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ചവര്‍ക്ക് ഏപ്രിലില്‍ മധ്യപാദ പരീക്ഷയും സെപ്തംബറില്‍ വാര്‍ഷിക പരീക്ഷയും നടത്തും. വിജയികള്‍ക്ക് ദേവസ്വം ബോര്‍ഡ് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. മതപാഠശാലകളില്‍ പോകുന്ന കുട്ടികളുടെ ബന്ധുക്കളെ മാത്രമെ അതാത് ക്ഷേത്ര ഭരണസമിതിയിലേക്ക് മത്സരിക്കാന്‍ പാടുള്ളുവെന്ന സര്‍ക്കുലര്‍ പുറപ്പെടുവിക്കും. ഇത് കൂടാതെ ഹിന്ദുമത വേദാന്ത സംസ്‌കൃത പാഠശാല എന്ന പേരില്‍ വേദാന്ത സംസ്‌കൃത പാഠശാലകള്‍ ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ആരംഭിക്കാന്‍ ലക്ഷ്യമിടുന്നതായും പ്രയാര്‍ പറഞ്ഞു.

Latest