Connect with us

National

മണിപ്പൂര്‍: 24 മണിക്കൂറിനകം രാജിവെക്കുമെന്ന് ഇബോബി സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനും ബിജെപിക്കും സര്‍ക്കാര്‍ രൂപവത്കരണം കീറാമുട്ടിയായായ മണിപ്പൂരില്‍ നിലവിലെ മുഖ്യമന്ത്രി ഇബോബി സിംഗിനോട് രാജിവെച്ചൊഴിയാന്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുല്ല ആവശ്യപ്പെട്ടു.എന്നാൽ രാജിക്ക് തയ്യാറല്ലെന്നും തനിക്ക് സഭയിൽ ഭൂരിപക്ഷ‌ം തെളിയിക്കാൻ സാധിക്കുമെന്നും ഇബോബി സിംഗ് മറുപടി നൽകിയെങ്കിലു‌ വെെകാതെ തന്നെ 24 മണിക്കൂറിനകം രാജിവെക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. പുതിയ മന്ത്രിസഭാ രൂപവത്കരണത്തിന് തുടക്കമിടാനാണ് ഇബോബിയോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. അതിനിടെ, ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചുവെന്ന വാര്‍ത്താ രാജ്ഭവന്‍ തള്ളുകയും ചെയ്തു.

മണിപ്പൂരില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ് ആണെങ്കിലും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ഇതിനിടെ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് തന്നെ ചിലര്‍ ബിജെപിയിലേക്ക് കൂറുമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരുപാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളില്‍ വിശ്വാസം അര്‍പ്പിച്ചാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് ശ്രമം നടത്തുന്നത്.

60 അംഗ നിയമസഭയില്‍ 28 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപിക്ക് 21 സീറ്റുകളുണ്ട്. നാല് സീറ്റുകള്‍ വീതമുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കും നാഗാ പീപ്പിള്‍സ് ഫ്രണ്ടിനും ബിജെപിയോടാണ് ചായ്‌വ് ഇങ്ങനെ വരുമ്പോള്‍ ബിജെപിയുടെ പിന്തുണ 29 ആകും. ലോക് ജനശക്തിക്കും തൃണമൂലിനും സ്വതന്ത്രനും ഓരോ സീറ്റുകള്‍ വീതമുണ്ട്. ഇവര്‍ കൂടി പിന്തുണച്ചാല്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപവത്കരണം എളുപ്പമാകും. അതേസമയം ഇതേ പാര്‍ട്ടികളുടെ പിന്തുണയുണ്ട് എന്ന് തന്നെയാണ് കോണ്‍ഗ്രസും അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പിലൂടെ മാത്രം സര്‍ക്കാറിനെ കണ്ടെത്തേണ്ടി വരുന്ന സ്ഥിതിയാണ് മണിപ്പൂരിലുള്ളത്.