Connect with us

National

മണിപ്പൂരില്‍ കോണ്‍ഗ്രസ് ഒറ്റക്കക്ഷി; പക്ഷേ, സര്‍ക്കാര്‍ രൂപവത്കരണം കീറാമുട്ടി

Published

|

Last Updated

മണിപ്പൂര്‍ നിയമസഭാ മന്ദിരം

ഇംഫാല്‍: ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപവത്കരണം കോണ്‍ഗ്രസിന് കീറാമുട്ടിയാകും. 60 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷമായ 31 തികയ്ക്കാന്‍ കോണ്‍ഗ്രസിന് മൂന്ന് പേരുടെ പിന്തുണ കൂടി വേണ്ടി വരും. എന്നാല്‍ ഇത് കണ്ടെത്തുക പ്രയാസമാണ്. മറ്റു കക്ഷികള്‍ക്ക് 11 സീറ്റുകളുണ്ട്. ഇവര്‍ കോണ്‍ഗ്രസ് വിരുദ്ധ ചേരിയില്‍ ഉള്ളവരായതിനാല്‍ പിന്തുണ ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. അതേസമയം, 21 സീറ്റുകളുള്ള ബിജെപിക്ക് മറ്റു കക്ഷികളുടെ പിന്തുണ കിട്ടാന്‍ സാധ്യതയുണ്ട് താനും. ഈ സാഹചര്യത്തില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപവത്കരണം സാധ്യമാകുകയും ചെയ്യും.

നാല് സീറ്റുകള്‍ വീതമുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നാഗാ പീപ്പിള്‍സ് ഫ്രണ്ടുമാണ് സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിര്‍ണായകമാകുക. ഈ രണ്ട് പാര്‍ട്ടികളും ബിജെപി നേതൃത്വം നല്‍കുന്ന വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യമെന്ന കോണ്‍ഗ്രസ് വിരുദ്ധ ചേരിയുള്ളവരാണ്. എന്‍പിപി ആണെങ്കില്‍ ബിജെപിയുടെ സഖ്യകക്ഷികൂടിയാണ്. ഇവരുടെ പിന്തുണ ലഭിച്ചാല്‍ ബിജെപിക്ക് 29 പേരുടെ പിന്തുണയാകും. കേവലഭൂരിപക്ഷം തികയ്ക്കാന്‍ പിന്നീട് രണ്ട് പേരെ മാത്രം കണ്ടെത്തിയാല്‍ മതി. ലോക്ജനശക്തിക്ക് ഒരു സീറ്റും തൃണമൂലിന് ഒരു സീറ്റും സ്വതന്ത്രന് ഒരു സീറ്റും ലഭിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് രണ്ട് പേരെ കണ്ടെത്തിയാല്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപവത്കരണം എളുപ്പമാകും.

Latest