അനധികൃത ടാക്‌സികള്‍ക്കെതിരെ നടപടി കര്‍ശനം; മലയാളികള്‍ ഉള്‍പെടെ നിരവധിപേര്‍ കുടുങ്ങി

Posted on: March 11, 2017 3:28 pm | Last updated: March 11, 2017 at 3:18 pm
SHARE

അബുദാബി: അനധികൃത ടാക്‌സികള്‍ക്കെതിരെ അബുദാബിയില്‍ കര്‍ശന നടപടി. രഹസ്യന്വേഷണ വിഭാഗത്തിന്റെ സഹകരണത്തോടെ ഗതാഗത വകുപ്പാണ് നടപടി കര്‍ശനമാക്കിയത്. കഴിഞ്ഞ ദിവസം ശഹാമ, സംഹ ഭാഗങ്ങളില്‍ ഗതാഗത വകുപ്പ് നടത്തിയ പരിശോധനയില്‍ അനധികൃത ടാക്‌സി സര്‍വീസ് നടത്തിയിരുന്ന മലയാളികള്‍ ഉള്‍പെടെ നിരവധി പേര്‍ കുടുങ്ങി. അനധികൃത ടാക്‌സി സര്‍വീസിനെതിരെ ബോധവല്‍കരണവും മുന്നറിയിപ്പും നല്‍കിയിട്ടും മുഖവിലക്കെടുക്കാത്തതാണ് നടപടി കര്‍ശനമാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ക്ക് 10,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയും തടവുമാണ് ശിക്ഷ. പിടികൂടിയവരില്‍ അധികവും ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഇന്ത്യ, അറബ് സ്വദേശികളാണ്. അനധികൃത ടാക്‌സിയുടെ മറവില്‍ പിടിച്ചു പറിയും മോഷണവും വ്യപകമായതായി പരാതി ഉയര്‍ന്നിരുന്നു വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു രാത്രി കാലങ്ങളില്‍ വാഹനത്തില്‍ കയറിയവരെ തുറസായ സ്ഥലങ്ങളില്‍ കൊണ്ട് പോയി മര്‍ദിച്ചു മോഷണം നടത്തിയതായുള്ള നിരവധി പരാതികള്‍ ലഭിച്ചതായി പോലീസ് വ്യക്തമാക്കി അനധികൃത ടാക്‌സി സര്‍വീസ് നടത്തുന്നവര്‍ക്ക് കൂടാതെ, വാഹനത്തില്‍ കയറുന്നവര്‍ക്കും കനത്ത പിഴ ചുമത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

നിയമം ലംഘിച്ചു സര്‍വീസ് നടത്തുന്ന വാഹനങ്ങളില്‍ കയറുന്നത് കുറ്റകരമാണെന്ന് പോലീസ് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ എമിറേറ്റിന്റെ പരിധിയില്‍ വ്യപകമായ പരിശോധന നടത്തുമെന്ന് ഗതാഗത വകുപ്പ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here