Palakkad
വടക്കഞ്ചേരിയില്‍ കഞ്ചാവ് മാഫിയ വിളയാട്ടം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

വടക്കഞ്ചേരി: വടക്കഞ്ചേരി നഗരത്തിലും ഗ്രാമീണ മേഖലകളിലും കേന്ദ്രീകരിച്ചു വിദ്യാര്‍ത്ഥികളെ വലയിലാക്കി കഞ്ചാവ് വില്‍പ്പന മാഫിയ പിടിമുറുക്കുന്നതില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും,കെ പി സി സി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവും, ഗാന്ധി ദര്‍ശന്‍ സമിതി സംസ്ഥാന ചെയര്‍മാനുമായ വി സി കബീര്‍ മാസ്റ്ററാണ് പരാതി നല്‍കിയത്.
മേഖലയിലെ അഞ്ചു പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന കേന്ദ്രവും തൃശൂര്‍ പാലക്കാട് ജില്ലകളുടെ അതൃത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രധാന പട്ടണവുമായ വടക്കഞ്ചേരി നഗരത്തിലും ഗ്രാമീണ പ്രദേശങ്ങളും കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പ്പന മാഫിയ വിളയാട്ടവും വില്‍പ്പന പൊടിപൊടിക്കുന്നതിനെ കുറിച്ചും വിദ്യാര്‍ത്ഥികളെ ഇവരുടെ പ്രധാന ഇരകളാക്കുന്നതിനെയും കുറിച്ച് കഴിഞ്ഞ ദിവസം സിറാജില്‍ വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തയിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കിയാണ് പത്ര വാര്‍ത്ത സഹിതം വി സി കബീര്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.
വടക്കഞ്ചേരിയിലെ വിവിധ ഗ്രാമീണ മലയോര മേഖലകളില്‍ നിന്നായി അന്യ സംസ്ഥന സ്വകാര്യ കോളജുകളിലേക്കും , ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കോളേജുകളിലേക്കുമായി പോകുന്നതിനും വരുന്നതിനുമായി നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് വടക്കഞ്ചേരി നഗരത്തില്‍ ദിനംപ്രതി എത്തുന്നത്. ഇതില്‍ വലിയൊരു ശതമാനവും ആണ്‍കുട്ടികളാണ്.
നഗരത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇരുപത്തി അഞ്ചോളം ബസുകളാണ് ദിനംപ്രതി പോകുന്നത്. ഇതില്‍ ചില വിദ്യാര്‍ത്ഥികള്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് നാട്ടില്‍ വന്നുപോകുന്നത്. രാവിലെ ആറു മണിമുതല്‍ എട്ടു മണിവരെ ഈ വിദ്യാര്‍ത്ഥികളുടെ തിരക്കാണ് നഗരത്തില്‍ മുഴുവനും. ഇവരെ തേടിയാണ് കഞ്ചാവ് വില്‍പ്പന മാഫിയ സംഘങ്ങള്‍ എത്തുന്നത്. വില്പനക്കാരില്‍ ഇരുപതുകാരന്‍ മുതല്‍ വയോധികന്മാര്‍ വരെ നീളുന്നു ഇവരുടെ ശൃംഖല. ഇത് കൂടാതെ നിരവധി ക്രിമിനല്‍ കേസ് കളില്‍പെട്ട ഗുണ്ടകളുടെ മേല്‍നോട്ടവും.
വില്‍പ്പനക്കാരില്‍ ചിലര്‍ സാധാരണക്കാരന്റെ വേഷത്തിലും, വിദ്യാര്ഥികളെപോലെ വാഹനങ്ങളിലുമായാണ് ആവശ്യക്കാരനില്‍ എത്തുന്നത്. ആദ്യം ഇവരില്‍ നിന്നും ലഹരിക്കായി കഞ്ചാവ് വാങ്ങിക്കുന്നവര്‍ പിന്നീട് ഇവരുടെ ഏജന്റുമാരായി മാറും. ഇതിനു ഇവര്‍ക്ക് നല്ല കമ്മീഷനും വില്‍പ്പന മാഫിയ നല്‍കുന്നുണ്ട്. പിന്‍തിരിഞ്ഞാല്‍ വധ ഭീഷണിയും വേറെ.
ഇത്തരത്തിലുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ സ്മാര്‍ട്ട് ഫോണുകളും ടാബ് ലാപ്‌ടോപ്പ് തുടങ്ങിയ വിലകൂടിയ വസ്തുക്കളും മാഫിയ ആദ്യ ഘട്ടങ്ങളില്‍ ഇവര്‍ക്ക് വാങ്ങി നല്‍കുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കിലോ കണക്കിന് കൊണ്ട് വരുന്ന കഞ്ചാവ് നിര്‍മ്മാണം നടക്കുന്നതും നിര്‍ത്തിവെച്ചതുമായ കെട്ടിടങ്ങള്‍ ആശ്രയമാക്കിയാണ് ചെറിയ പൊതികളിലാക്കി പാക്ക് ചെയ്യുന്നത്. ഇത് കണ്ടു ആരെങ്കിലും ചോദ്യം ചെയ്താല്‍ പിന്നെ വധ ഭീഷണിയും ലഭിക്കുമെന്ന് കോളേജ് ബസ് ഡ്രൈവര്‍മാര്‍ പറയുന്നു.
മാഫിയകളുടെ കെണിയില്‍ പെട്ട് കുടുങ്ങിപ്പോയ ചില വിദ്യാര്‍ത്ഥികളുടെയും , ഇതെല്ലം കണ്ടു മനസ്സിലാക്കിയ ബസ്സ് ഡ്രൈവര്‍ മാരുടെയും കയ്യില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് മാഫിയ സംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സിറാജില്‍ ഒരു വലിയ വാര്‍ത്ത തന്നെ തയ്യാറാക്കിയത്.
വാര്‍ത്ത ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങള്‍ വഴിയും, ലഹരി വിരുദ്ധ സംഘടനകള്‍ വഴിയും നഗരത്തില്‍ ചര്‍ച്ച വിഷയമായി മാറിയിട്ടുണ്ട്.