Connect with us

Malappuram

അബ്ദുല്ല ചിരിക്കില്ല, നമ്മളെ ചിരിപ്പിക്കും

Published

|

Last Updated

എക്‌സ്‌പോയില്‍ അബ്ദുല്ലയുടെ പ്രകടനം

മലപ്പുറം: പഠിച്ച പണി പതിനെട്ടു നോക്കിയാലും അബ്ദുല്ലയുടെ മുഖത്ത് ചിരി വിടരില്ല. മുക്കം ചേന്ദമംഗല്ലൂര്‍ പുല്‍പ്പറമ്പ് ചോലക്കല്‍ അബ്ദുല്ലയാണ് ചിരിക്കാതെ കാണികളെ ചിരിപ്പിക്കുന്നത്. എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രൊപിയം ഹെരിറ്റേജ് എക്‌സ്‌പോയിലാണ് അബ്ദുല്ലയുടെ ഈ വിസ്മയ പ്രദര്‍ശനം. വര്‍ഷങ്ങളായി അബ്ദുല്ല ഇതു തുടരുന്നു.

മണിക്കൂറുകളോളം തമാശ പറഞ്ഞും കോമാളിത്തരങ്ങള്‍ കാണിച്ചുമാണ് വേദിയില്‍ അബ്ദുല്ലയുടെ സംസാരമെങ്കിലും ചിരിയുടെ കാര്യത്തില്‍ പിശുക്കു തന്നെ. ഇന്നുവരെ വേദിയില്‍ ഇദ്ദേഹത്തെ ആര്‍ക്കും ചിരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മനസ്സിനെ നിയന്ത്രിക്കുക, ആത്മാര്‍ത്ഥമായ തീരുമാനം ഇവയാണ് ചിരിക്കാതിരിക്കാന്‍ അബ്ദുല്ലയെ സഹായിക്കുന്നത്. സിവില്‍ എന്‍ജിനിയറിംഗ് പഠനത്തിന് ശേഷം 38ാം വയസ്സിലാണ് അബ്ദുല്ല ഈ വിസ്മയ ലോകത്തേക്ക് കടന്നത്.
ആയിരങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്താണ് തുടക്കം. തല, കഴുത്ത്, ചെവി, മൂക്ക്, വായ, കാലുകള്‍ തുടങ്ങി ശരീരത്തിന്റെ ഇരുപതില്‍പരം ഭാഗങ്ങള്‍ കൊണ്ട് അബ്ദുല്ല വിസ്മയം തീര്‍ക്കും. മലയാളം, തമിഴ്, ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, തെലുങ്ക്, കന്നട, അറബി എന്നീ ഭാഷകളില്‍ ഒരുമിച്ചും അവയവങ്ങള്‍ കൊണ്ട് തിരിച്ചും മറിച്ചും തല കീഴായും എഴുതും. ഒരേ സമയം ഇരുകരങ്ങള്‍ കൊണ്ട് ഒരുമിച്ചും ഒരു കൈകൊണ്ട് ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും എഴുത്തുന്നത് കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ച് പോകും.

മന്ത്രിമാര്‍, വിശിഷ്ട വ്യക്തികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ എഴുത്തു കണ്ട് അഭിനന്ദിച്ചിട്ടുണ്ടെന്ന് അബ്ദുല്ല പറയുന്നു. ആഴമുള്ളിടത്ത് വെള്ളത്തില്‍ തലമൂടത്തക്കവിധം താഴ്ന്ന് കിടന്ന് വെള്ളത്തിന് മീതെയുള്ള മരപ്പലകയില്‍ പലവിധത്തിലും എഴുതി കാണികളെ അതിശയിപ്പിക്കും. നിരന്തര പ്രയത്‌നവും പരിശീലനവുമാണ് അബ് ദുല്ലക്ക് ഈ കഴിവുകള്‍ നേടിക്കൊടുത്തത്. ചോലക്കല്‍ അബൂബക്കറിന്റെയും ഇത്തയുമ്മയുടെയും മകനാണ്.