അപകടങ്ങളില്‍ രക്ഷക റോള്‍ ചെയ്യാന്‍ ആര്‍മി റോബോട്ട്

Posted on: March 11, 2017 11:31 am | Last updated: March 11, 2017 at 11:31 am

മലപ്പുറം: അപകട സ്ഥലങ്ങളില്‍ സ്വയം പ്രവര്‍ത്തിക്കുന്ന ആര്‍മി റോബോട്ടും പ്രൊപിയം ഹെരിറ്റേജ് എക്‌സ്‌പോയില്‍ ശ്രദ്ധേയ ഇനമാണ്. തീപ്പിടുത്തമുണ്ടായ സ്ഥലത്തും അത്യുഷ്ണമുള്ളയിടത്തും സ്വയം പ്രവര്‍ത്തിച്ച് റോബോട്ട് അപകടനില തരണം ചെയ്യും.

മഅ്ദിന്‍ പോളിടെക്‌നിക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ഥി ശിബിന്‍ദാസ് വേങ്ങരയും സുഹൃത്തുക്കളുമാണ് കൊച്ചു റോബോട്ട് നിര്‍മിച്ചത്. താപനിലയുടെ അളവ് തിരിച്ചറിഞ്ഞ് വെള്ളം ചീറ്റിക്കുന്ന പ്രവര്‍ത്തനമാണ് ഇതിലുള്ളത്.
കൂടാതെ സൈനികര്‍ക്ക് ഉപകാരപ്രദമാകുന്ന ലോഹ ഡിറ്റക്ടറും ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മണ്ണിനടിയില്‍ കുഴിച്ചിട്ട ലോഹം കണ്ടുപിടിക്കാന്‍ ഭൂ ഉപരിതലത്തിലൂടെ റോബോട്ടിനെ കൊണ്ടുപോയാല്‍ മതി. ലോഹമുണ്ടെങ്കില്‍ ഉടന്‍ അലാറമടിക്കും. അരക്കിലോമീറ്റര്‍ പരിധിയിലുള്ള ഏത് സ്ഥലത്തും ഈ കുഞ്ഞു റോബോര്‍ട്ടിനെ എത്തിച്ച് വീഡിയോ പകര്‍ത്താമെന്നും ലൈവായി തന്നെ നമ്മുടെ കമ്പ്യൂട്ടറില്‍ ദര്‍ശിക്കാനും സാധിക്കും. റേഡിയോ ഫ്രീക്വന്‍സി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇതിന് വയര്‍ കണക്ഷനും ആവശ്യമില്ലെന്ന് ശിബിന്‍ദാസ് പറയുന്നു. ഹൈപ്പര്‍ ടെര്‍മിനല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് റോബര്‍ട്ടിനെ നിയന്ത്രിക്കുന്നത്. മണിക്കൂറുകള്‍ ചാര്‍ജ് നിലനില്‍ക്കുമെന്നതിനാല്‍ ആ കാര്യത്തിലും പേടിക്കണ്ട.
അഥവാ ചാര്‍ജ് തീര്‍ന്ന് പോയാല്‍ ജി പി എസ് സംവിധാനത്തിലൂടെ റോബര്‍ട്ടിനെ തിരിച്ചെടുക്കാം. റോബോര്‍ട്ടിന്റെ ചലനം പൂര്‍ണമായും ഗൂഗിള്‍ മാപ്പിലൂടെ കാണാനുമാവും.

തീവ്രവാദ പ്രവര്‍ത്തനങ്ങളും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും കണ്ടെത്താന്‍ റോബോര്‍ട്ട് സഹായിക്കുമെന്നാണ് ശിബിന്‍ദാസ് അഭിപ്രായപ്പെടുന്നത്.