ട്രംപിനെതിരെ കൂടുതല്‍ സംസ്ഥാനങ്ങള്‍

Posted on: March 11, 2017 9:27 am | Last updated: March 11, 2017 at 9:27 am

വാഷിംഗ്ടണ്‍: ആറ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും അഭയാര്‍ഥികള്‍ക്കും അമേരിക്കയിലേക്കുള്ള പ്രവേശനാനുമതി നിഷേധിച്ച് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന ഉത്തരവിനെതിരെ കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹവായി സംസ്ഥാനം ഫെഡറല്‍ കോടതിയെ സമീപിച്ചതിന് പിന്നാലെ വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, മിന്നെസോട്ട തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൂടി ട്രംപിനെതിരെ പരസ്യമായി രംഗത്തെത്തി. വാഷിംഗ്ടണും മിന്നെസോട്ടയും യാത്രാവിലക്കിനെതിരെ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്ക്, മസാച്ചുസെറ്റ്‌സ്, ഒറീഗണ്‍ എന്നീ സംസ്ഥാനങ്ങളും ഉടന്‍ കോടതിയെ സമീപിക്കുമെന്ന് അറ്റോര്‍ണി ജനറല്‍മാര്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം ട്രംപ് പ്രഖ്യാപിച്ച യാത്രാ വിലക്കിനെതിരെ കോടതിയില്‍ സമീപിക്കുകയും ഉത്തരവ് റദ്ദാക്കുന്നതിനും കാരണമായ വാഷിംഗ്ടണ്‍ രൂക്ഷമായ വിമര്‍ശമാണ് ട്രംപിനെതിരെയും പുതിയ യാത്രാ വിലക്കിനെതിരെയും നടത്തിയത്. മുസ്‌ലിം നിരോധം എന്ന പേരാകും പുതിയ ഉത്തരവിന് ചേരുകയെന്നും ഇസ്‌ലാമിനോടുള്ള അനിഷ്ടത്തില്‍ നിന്നോ വിദ്വേഷത്തില്‍ നിന്നോ ഉണ്ടായ ആദ്യത്തെ യാത്രാ വിലക്കിന് സമാനമാണ് രണ്ടാമത്തെ ഉത്തരവെന്നും സംസ്ഥാനത്തിന്റെ അറ്റോര്‍ണി ജനറല്‍ ബോബ് ഫെര്‍ഗുസണ്‍ ആരോപിച്ചു.

മാര്‍ച്ച് 16ന് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവേശന വിലക്ക് 90 ദിവസം തുടരുമെന്നാണ് ഭരണകൂടം പ്രഖ്യാപിച്ചത്. അഭയാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന് 120 ദിവസത്തേക്കും വിലക്കേര്‍പ്പെടുത്താനാണ് തീരുമാനം. ഇറാഖിനെ ഒഴിവാക്കിയെന്നതൊഴിച്ചാല്‍ യാതൊരു മാറ്റവും രണ്ടാമത്തെ ഉത്തരവിനില്ലെന്ന് അറ്റോര്‍ണി ജനറല്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനങ്ങളുടെ ടൂറിസം, വിദ്യാഭ്യാസം, കച്ചവടം മേഖലക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്ന നയമാണ് പ്രസിഡന്റിന്റേതെന്നും ഇസ്‌ലാം വിദ്വേഷം രാജ്യത്തിന്റെ പുരോഗതിക്കും മതസൗഹാര്‍ദ്ദ സംസ്‌കാരത്തിനും പ്രത്യാഘാതമുണ്ടാക്കുന്ന നയമാണ് ട്രംപിന്റേതെന്ന് അവര്‍ കുറ്റപ്പെടുത്തി.

അതേസമയം, ട്രംപിന്റെ പുതിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ശക്തമായിട്ടുണ്ട്. കോടതിയില്‍ നിന്ന് അനുകൂല നടപടിയുണ്ടാകുന്നത് വരെ പ്രക്ഷോഭം തുടരാനാണ് തീരുമാനം. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രക്ഷോഭം ശക്തമാണ്. മുസ്‌ലിംകള്‍ക്കും അഭയാര്‍ഥികള്‍ക്കും സ്വാഗതമോതിയും ജനങ്ങളെ വേര്‍തിരിക്കുന്ന വിദ്വേഷ നടപടി അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് പ്രക്ഷോഭകര്‍ വിവിധ നഗരങ്ങളില്‍ ഒരുമിച്ചുകൂടിയത്.