മറഡോണ ചൈനീസ് സൂപ്പര്‍ ലീഗ് അംബാസഡര്‍

Posted on: March 11, 2017 9:18 am | Last updated: March 11, 2017 at 9:18 am

ബീജിംഗ്: യൂറോപ്യന്‍ ഫുട്‌ബോളിനെ കടത്തി വെട്ടിയ ട്രാന്‍സ്ഫര്‍ നീക്കങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ ചൈനീസ് സൂപ്പര്‍ ലീഗ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണയെ ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറാക്കിക്കൊണ്ടാണ് ചൈന ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഡിയഗോ മറഡോണ ഈ അവസരത്തെ ഏറെ നന്ദിയോടെ സ്വീകരിച്ചു. ഏഷ്യന്‍ ഫുട്‌ബോളില്‍ വലിയ വിപ്ലവം കൊണ്ടുവരാന്‍ സി എസ് എലിന് സാധിക്കുമെന്നും അതിന്റെ ഭാഗമാകുവാന്‍ സാധിക്കുന്നത് ഭാഗ്യമാണെന്നും മറഡോണ പറഞ്ഞു.കാര്‍ലോസ് ടെവസ്, ഓസ്‌കകര്‍, അലക്‌സാന്ദ്രെ പാറ്റോ, അക്‌സെല്‍ വിട്‌സെല്‍, പൗളിഞ്ഞോ, എസെക്വെല്‍ ലാവെസി, റാമിറെസ്, ഹല്‍ക്ക് എന്നിങ്ങനെ യൂറോപ്പില്‍ തിളങ്ങിയ താരങ്ങളെല്ലാം ഇപ്പോള്‍ ചൈനീസ് സൂപ്പര്‍ ലീഗിലാണ്. ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത ലൂയിസ് ഫിലിപ് സ്‌കൊളാരി, ഇറ്റലിയുടെ മുന്‍ നായകന്‍ ഫാബിയോ കന്നവാരോ, മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ പരിശീലകന്‍ മാനുവല്‍ പെല്ലെഗ്രിനി എന്നിവര്‍ സി എസ് എല്ലിലെ പരിശീലകരാണ്.

മറഡോണയുടെ വരവോടെ ചൈനീസ് സൂപ്പര്‍ ലീഗിന്റെ പ്രചാരം വര്‍ധിക്കും. നിലവില്‍ ഫിഫയുടെയും ബ്രാന്‍ഡ് അംബാസഡറാണ് മറഡോണ.