27,523 വിദ്യാര്‍ഥികളുടെ ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് തടഞ്ഞു

Posted on: March 10, 2017 9:42 am | Last updated: March 9, 2017 at 11:44 pm

മലപ്പുറം; ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുമോ എന്ന ആശങ്കയില്‍. വിവിധ കാരണങ്ങള്‍ പറഞ്ഞ് 27,523 വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക തടഞ്ഞുവെച്ചിരിക്കുകയാണ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നാഷണല്‍ ഇര്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍ ഐ സി) തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ വഴിയായിരുന്നു അപേക്ഷകള്‍ സ്വീകരിച്ചത്. എന്നാല്‍ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയതിലെ സാങ്കേതിക പ്രശ്‌നം കാരണം ഒരേ സ്‌കൂളിന്റെ പേരിലാണ് പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ സ്വീകരിക്കപ്പെട്ടത്.
ഒന്ന് മുതല്‍ പത്താംക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് 1,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷാ സമയത്ത് പുതിയതും പുതുക്കുന്നവയും എല്ലാം പുതിയ അപേക്ഷ എന്ന രീതിയില്‍ സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അപേക്ഷാസമര്‍പ്പണ സമയത്ത് തന്നെ നിരവധി പരാതികള്‍ ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് എല്ലാ ജില്ലകളില്‍ നിന്നും ലഭിച്ചിരുന്നു. ഇതനുസരിച്ച് രണ്ട് മാസം മുമ്പ് പുതിയ സംവിധാനം ആവിഷ്‌കരിക്കുകയും ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ തരംതിരിച്ച് മാറ്റുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.
മലപ്പുറം ജില്ലയില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ 6,514 വിദ്യാര്‍ഥികളുടെ അപേക്ഷ ആതവനാട് ജി എച്ച് എസ് സ്‌കൂളിന്റെ മാത്രം പേരിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് 1,492 വിദ്യാര്‍ഥികളുടെ അപേക്ഷ ജി എച്ച് എസ് വഞ്ചിയൂര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പേരിലാണുള്ളത്. കൊല്ലം ജില്ലയില്‍ ചവറ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പേരില്‍ 1382 വിദ്യാര്‍ഥികളുണ്ട്. പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ ജി എച്ച് എസ് എസിന്റെ പേരില്‍ 301, ആലപ്പുഴ ജില്ലയിലെ വീയപുരം ജി എച്ച് എസ് എസില്‍ 1392, കോട്ടയത്ത് വാഴൂര്‍ ജി എച്ച് എസില്‍ 838, ഇടുക്കി മുട്ടം ജി എച്ച് എസില്‍ 859, എറണാകുളത്ത് മമ്മാലിശ്ശേരി ജി എച്ച് എസ് എസില്‍ 1875, തൃശൂര്‍ പെങ്ങാമുക്ക് ഹൈസ്‌കൂളില്‍ 2324, പാലക്കാട് നെന്‍മാറ ജി ജി വി എച്ച് എസ് എസില്‍ 1617, കോഴിക്കോട് വന്‍മുഖം ജി എച്ച് സില്‍ 3576, വയനാട് വളേരി ജി എച്ച് എസില്‍ 1117, കണ്ണൂര്‍ ജില്ലയിലെ രായരോം ജി എച്ച് എസില്‍ 1602, കാസര്‍കോട് ആലമ്പാടി ജി എച്ച് എസ് എസില്‍ 911 എന്നിങ്ങനെയാണ് വിദ്യാര്‍ഥികളുടെ എണ്ണം. ഇവരെല്ലാം നിലവില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.
നിലവില്‍ തുക ലഭിക്കുന്നവരാണോ എന്ന് അറിയാന്‍ ഇവരുടെ മൊബൈല്‍ നമ്പറിലേക്ക് എസ് എം എസ് അയച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവരാണെങ്കില്‍ യെസ് എന്ന് തിരിച്ച് എസ് എം എസ് സന്ദേശം അയക്കണം. ഇതനുസരിച്ച് അപേക്ഷകള്‍ തരംതിരിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. അപേക്ഷാ സമയത്ത് നല്‍കിയ മൊബൈല്‍ നമ്പര്‍ ഇല്ലാതിരിക്കുകയോ എസ് എം എസ് ശ്രദ്ധിക്കാതിരിക്കുകയോ ചെയ്താല്‍ തുക നഷ്ടമാകും. ബേങ്ക് അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് കോഡ് എന്നിവയിലെ പിശക്, ബേങ്കുമായി ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാതിരിക്കുക തുടങ്ങിയ കാരണങ്ങളാണ് അപേക്ഷ തള്ളാന്‍ ന്യായമായി പറഞ്ഞിരിക്കുന്നത്. 2016-17 വര്‍ഷത്തെ ഓണ്‍ലൈന്‍ അപേക്ഷകളില്‍ ചില സ്‌കൂളുകള്‍ പരിശോധന നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതും കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാതിരിക്കാന്‍ കാരണമാകും. ഇത്തരം സ്‌കൂള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു.

പരിഹാരം എന്ത്?
2015-2016 വര്‍ഷത്തെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച് ഇതുവരെ തുക ലഭിക്കാത്തവര്‍ അവരുടെ ആധാര്‍ നമ്പര്‍ ബേങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തുകയും അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് കോഡ് ശരിയാണോ എന്ന് ഉറപ്പുവരുത്തുകയും വേണം. അര്‍ഹരായ കുട്ടികള്‍ക്ക് ഒന്നിലധികം അക്കൗണ്ട് ഉണ്ടെങ്കില്‍ ആധാര്‍ ലിങ്ക് ചെയ്ത അവസാനത്തെ ബേങ്ക് അക്കൗണ്ടിലേക്കായിരിക്കും പി എഫ് എം എസ് വഴി തുക നിക്ഷേപിക്കുക. കുട്ടികള്‍ ഈ അക്കൗണ്ട് പരിശോധിക്കണം. കുട്ടികളുടെ പേര് മറ്റ് സ്‌കൂളുകളുടെ പേരിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എങ്കില്‍ അവരുടെ മൊബൈല്‍ നമ്പര്‍, അല്ലെങ്കില്‍ ബേങ്ക് അക്കൗണ്ട് (ഫ്രഷ്, റിന്യൂവര്‍ ഓപ്ഷനില്‍) ലോഗിന്‍ റ്റു അപ്ലൈ എന്ന ലിങ്കില്‍ നല്‍കി രജിസ്‌ട്രേഷന്‍ നമ്പര്‍ കണ്ടെത്തി അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് കോഡ്, പാസ് ബുക്കിന്റെ കോപ്പി സഹിതം ഏഴ് ദിവസത്തിനകം ഇ മെയില്‍, കത്ത് വഴി പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കണം.
2016-17 വര്‍ഷം അപേക്ഷിച്ചവര്‍ക്ക് എസ് എം എസ് ലഭിച്ചാല്‍ കേന്ദ്രമന്ത്രാലയത്തിന്റെ ടോള്‍ഫ്രീ നമ്പറില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കി തിരികെ അയക്കണം. ഫോണ്‍: 0471 2328438, 9447990477