പ്ലോട്ടുകളില്‍ ശതകോടികളുടെ പദ്ധതിയുമായി അശ്ഗാല്‍

Posted on: March 9, 2017 8:59 pm | Last updated: March 9, 2017 at 8:57 pm
അശ്ഗാല്‍, കഹ്‌റമ അധികൃതര്‍ അല്‍ മശാഫ് വെസ്റ്റ് പദ്ധതി പ്രദേശം സന്ദര്‍ശിക്കുന്നു

ദോഹ: രാജ്യത്തുടനീളം പൗരന്മാര്‍ക്ക് അനുവദിച്ച ഭൂമികളില്‍ അടിസ്ഥാന സൗകര്യവികസനത്തിന് മള്‍ട്ടി ബില്യന്‍ റിയാലിന്റെ പദ്ധതിയുമായി പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍)യും ഖത്വര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷനും (കഹ്‌റമ). പൗരന്മാര്‍ക്ക് വീട് നിര്‍മാണത്തിന് പതിമൂന്ന് ഇടങ്ങളിലായി 10400 പ്ലോട്ടുകളാണ് അനുവദിച്ചത്.

റോഡുകള്‍, വൈദ്യുതി- വെള്ളം, ഓടകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനാണ് ഈ പദ്ധതി. പ്രതിവര്‍ഷം രണ്ട് ബില്യന്‍ റിയാല്‍ കണക്കില്‍ മൂന്ന് വര്‍ഷത്തേക്ക് ടെന്‍ഡര്‍ വിളിക്കും. അടിസ്ഥാന സൗകര്യ വികസനവും സേവനവും അടക്കമുള്ള പദ്ധതി അഞ്ച് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാകുക. അല്‍ വുകൈര്‍ നോര്‍ത്ത്, അല്‍ മശാഫ് വെസ്റ്റ് എന്നിവിടങ്ങളിലെ പ്ലോട്ടുകളില്‍ വീടുനിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ അടിസ്ഥാന സേവനം നല്‍കിയിട്ടുണ്ട്. ചില വില്ലകളുടെ നിര്‍മാണം ഭൂരിഭാഗവും പൂര്‍ത്തിയായി. അല്‍ വക്‌റയിലെ അല്‍ മശാഫ് വെസ്റ്റ് പദ്ധതി പ്രദേശത്ത് അശ്ഗാല്‍, കഹ്‌റമ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പദ്ധതിയെ സംബന്ധിച്ച് വിശദീകരിച്ചത്. അശ്ഗാല്‍ പ്രസിഡന്റ് ഡോ. സഅദ് ബിന്‍ അഹ്മദ് അല്‍ മുഹന്നദി, കഹ്‌റമ പ്രസിഡന്റ് എന്‍ജിനീയര്‍ ഈസ ബിന്‍ ഹിലാല്‍ അല്‍ കുവാരി തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി പ്രദേശം സന്ദര്‍ശിച്ചതിന് ശേഷമാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

എണ്‍പത് ശതമാനം പ്ലോട്ടുകളും പൗരന്മാര്‍ക്ക് അനുവദിച്ചതായി അല്‍ മുഹന്നദി പറഞ്ഞു. മൊത്തം 1829 പ്ലോട്ടുകളുള്ള അല്‍ വുകൈര്‍ നോര്‍ത്തിലെയും അല്‍ മശാഫ് വെസ്റ്റിലെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാകും. അടുത്ത വര്‍ഷം 1303 പ്ലോട്ടുകളിലെയും 2019ല്‍ 2511 പ്ലോട്ടുകളിലെയും 2020ല്‍ 2487 പ്ലോട്ടുകളിലെയും 2021ല്‍ 2270 പ്ലോട്ടുകളിലെയും അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാകും. അല്‍ മശാഫ്, അല്‍ വുകൈര്‍ നോര്‍ത്ത് പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അല്‍ മശാഫ് വെസ്റ്റ് പ്രദേശം സുസ്ഥിര പാര്‍പ്പിട മേഖലയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇവിടെ മാത്രം 1186 പ്ലോട്ടുകളാണുള്ളത്. ജനസംഖ്യ വര്‍ധിക്കുന്നതിനാല്‍ പാര്‍പ്പിട സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ഇത് മതിയാകുമെന്നാണ് കരുതുന്നത്. 70 കിലോമീറ്റര്‍ ദൂരത്തില്‍ പ്രാദേശിക റോഡ് ശൃംഖല നിര്‍മിക്കും. 92 പ്രധാന, പ്രാദേശിക സ്ട്രീറ്റുകളുണ്ടാകും. 13 സിഗ്നല്‍ ഇന്റര്‍സെക്ഷനുകളില്‍ മൂന്നെണ്ണം പ്രധാനപ്പെട്ടവയായിരിക്കും. തെരുവുവിളക്കും ഘടിപ്പിക്കും. മലിനജല ശൃംഖല, വൈദ്യുതി, വെള്ളം, ആശയവിനിമയ ശൃംഖലകളും ഉള്‍പ്പെടുന്നതാണിത്.
അല്‍ വുകൈര്‍ നോര്‍ത്ത് പദ്ധതിയില്‍ 643 പ്ലോട്ടുകളാണുള്ളത്. 23 കിലോമീറ്റര്‍ റോഡ്, എട്ട് സിഗ്നല്‍ ഇന്റര്‍സെക്ഷനുകള്‍, തെരുവുവിളക്ക് തുടങ്ങിയവയുമുണ്ടാകും. അബുഹമൂര്‍/ ഐന്‍ഖാലിദ് മേഖലയുടെ പടിഞ്ഞാറ് 255 പ്ലോട്ടുകള്‍, അല്‍ ശീഹാനിയ്യ സൗത്തില്‍ 280 പ്ലോട്ട്, ഉം സലാല്‍ വെസ്റ്റില്‍ 216 പ്ലോട്ട്, അല്‍ നസിരിയ്യയുടെ വടക്കുഭാഗത്ത് 461 പ്ലോട്ട്, അല്‍ ഫ്രൂഷ്/ അല്‍ ഖറൈതിയ്യാതില്‍ 619 പ്ലോട്ട്, അല്‍ ഖീസയില്‍ 197 പ്ലോട്ട്, അല്‍ ഖോര്‍/ അല്‍ ഇഗ്ദയുടെ പടിഞ്ഞാറ് 679 പ്ലോട്ട്, സിമൈസിമ വെസ്റ്റ്- സൗത്ത് 1122 പ്ലോട്ട്, അല്‍ വുകൈര്‍ സൗത്തില്‍ 3508 പ്ലോട്ട്, റൗദ അള്‍ ജിഹാനിയ്യയില്‍ 637 പ്ലോട്ട് തുടങ്ങിയവയാണ് മറ്റ് പദ്ധതി പ്രദേശങ്ങള്‍.