ദുബൈ പോലീസ് ഭരണ തലത്തില്‍ വനിതകളെ നിയമിക്കുന്നു

Posted on: March 9, 2017 4:24 pm | Last updated: March 9, 2017 at 4:24 pm

ദുബൈ: ദുബൈ പോലീസ് ഭരണ തലത്തില്‍ ഇനി വനിതാ സാന്നിധ്യവും. പോലീസ് സ്റ്റേഷനുകളില്‍ ഡയറക്ടര്‍ പദവിയില്‍ സ്ത്രീകളെ നിയമിച്ച് സ്ത്രീകള്‍ക്ക് ഉത്തരവാദിത്വവും ചുമതലകളും അധികമായി നല്‍കി പോലീസ് സേവനങ്ങളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം.
അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥകള്‍ക്ക് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി ആശംസകള്‍ അറിയിച്ചു.

സുസ്ഥിരമായ രാജ്യപുരോഗതിക്ക് സ്ത്രീ തൊഴില്‍ ശക്തി അത്യാന്താപേക്ഷിതമാണ്. സമൂഹത്തിന് മികച്ച സുരക്ഷയൊരുക്കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് മേജര്‍ ജനറല്‍ അല്‍ മര്‍റി വനിതാ ഉദ്യോഗസ്ഥര്‍ക്കയച്ച ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
യു എ ഇ ഭരണ നേതൃത്വത്തിന്റെ കീഴില്‍ മികച്ച പ്രോത്സാഹനമാണ് തങ്ങള്‍ക്ക് ലഭിക്കുന്നത്. ഏത് മികവുറ്റ ലക്ഷ്യങ്ങള്‍ കീഴടക്കുന്നതിനും ഇമറാത്തി വനിതകള്‍ പര്യാപ്തത നേടിയിട്ടുണ്ട്. രാജ്യത്തെ ഉന്നത സ്ഥാനങ്ങള്‍ മികച്ച രീതിയില്‍ വഹിക്കുന്നതിന് കൂടുതല്‍ സ്വദേശി വനിതകള്‍ മുന്നോട്ട് വരുന്നുണ്ടെന്ന് ദുബൈ പോലീസ് ഹ്യൂമന്‍ റൈറ്‌സ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ഫാത്വിമ അല്‍ കിന്ദി പറഞ്ഞു.