Connect with us

International

നാമിന്റെ മകനെന്ന് പറഞ്ഞ് 21കാരന്റെ വീഡിയോ

Published

|

Last Updated

സിയൂള്‍: കൊല്ലപ്പെട്ട ഉത്തര കൊറിയന്‍ നേതാവിന്റെ അര്‍ധസഹോദരന്റെ മകനെന്ന് അവകാശപ്പെടുന്നയാളുടെ വീഡിയോ പുറത്ത്. ഒരു മാസം മുമ്പ് പിതാവ് കൊല്ലപ്പെട്ടതിന് ശേഷം താന്‍ മാതാവിനും സഹോദരിക്കൊപ്പമുണ്ടെന്ന് വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്. വീഡിയോയില്‍ കാണുന്നയാള്‍ മലേഷ്യയില്‍ കൊല്ലപ്പെട്ട കിം ജോംഗ് നാമിന്റെ 21കാരനായ മകന്‍ കിം ഹാന്‍ സോള്‍ ആണെന്ന് ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ വിഭാഗം അധികൃതര്‍ പറഞ്ഞു. നെതര്‍ലാന്‍ഡ്‌സ്, ചൈന, അമേരിക്ക പേര് വെളിപ്പെടുത്താത്ത മറ്റൊരു രാജ്യം എന്നിവ നാമിന്റെ കുടുംബത്തിന് സംരക്ഷണം നല്‍കി വരികയാണെന്ന് വീഡിയോ ഓണ്‍ലൈനില്‍ പുറത്ത് വിട്ട ചിയോലിമ സിവില്‍ ഡിഫന്‍സ് ഗ്രൂപ്പ് അതിനൊപ്പമുള്ള പ്രസ്താവനയില്‍ പറയുന്നുണ്ട്.

കഴിഞ്ഞ മാസം 13നാണ് മലേഷ്യയിലെ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് വിഷദ്രാവകം ദേഹത്ത് പുരട്ടിയതിനെത്തുടര്‍ന്ന് നാം കൊല്ലപ്പെടുന്നത്. വി എക്‌സ് എന്ന മാരക വിഷം ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് മലേഷ്യന്‍ പോലീസ് കണ്ടെത്തിയിരുന്നു. പിതാവിന്റെ കൊലപാതകത്തിന് ശേഷം താന്‍ മാതാവിനും സഹോദരിക്കും ഒപ്പമാണ് കഴിയുന്നതെന്ന് വീഡിയോയില്‍ പറയുന്ന യുവാവ് തന്റെ ഉത്തര കൊറിയന്‍ പാസ്‌പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുകയുമുണ്ടായി. കിം ജോംഗ് നാമിന് രണ്ടാമത്തെ ഭാര്യയിലുണ്ടായ മകനാണ് കിം ഹാന്‍ സോള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുകടത്തപ്പെട്ട ശേഷം ചൈനീസ് ഭരണപ്രദേശമായ മക്കാവുവിലാണ് കുടുംബം കഴിഞ്ഞുവന്നത്. ചൈനയാണ് ഇവര്‍ക്കാവശ്യമായ സംരക്ഷണം നല്‍കിയത്.

നാമിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടത് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നാണെന്ന് ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

Latest