Connect with us

Kerala

എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ് നാളെ തുടങ്ങും

Published

|

Last Updated

എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമായി 70 കേന്ദ്രങ്ങളില്‍ നിന്ന് കൊണ്ട് വന്ന പതാകകള്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ഉയര്‍ത്തുന്നു

മലപ്പുറം: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പ്രൊഫഷനല്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രൊഫ്‌സമ്മിറ്റ് നാളെ തുടങ്ങും. രാജ്യത്തെ വിവിധ പ്രൊഫഷനല്‍ ക്യാമ്പസുകളില്‍ നിന്നായി എത്തുന്ന മൂവായിരത്തിലേറെ വിദ്യാര്‍ഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാര്‍ഥിത്വത്തിന്റെ അക്കാദമിക്ക് നിലവാരവും ധാര്‍മിക പരിപോഷണവും ലക്ഷ്യമിട്ടാണ് എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയ, സാമൂഹിക മാനങ്ങളും വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന ബഹുവിധ പ്രതിസന്ധികളും പ്രൊഫ്‌സമ്മിറ്റ് ചര്‍ച്ച ചെയ്യും. സര്‍ഗാത്മക വിദ്യാര്‍ഥിത്വവും മാതൃകാ ക്യാമ്പസും രൂപപ്പെടുത്തുന്നതിന് സഹായകമായ സെഷനുകളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സൗഹൃദ ക്യാമ്പസുകള്‍ക്ക് വേണ്ടി പ്രൊഫ്‌സമ്മിറ്റ് ശബ്ദമുയര്‍ത്തും.

പഠനം, കരിയര്‍, ചര്‍ച്ചാ സമ്മേളനം, സെമിനാര്‍, ആദര്‍ശം, ആത്മീയം, ചോദ്യോത്തരം തുടങ്ങി വിവിധ സെഷനുകളിലായി പണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും വിദ്യാര്‍ഥികളുമായി സംവദിക്കും. സമ്മേളനത്തിന് എത്തുന്ന പ്രതിനിധികളെ വരവേല്‍ക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് മഅ്ദിന്‍ ക്യാമ്പസില്‍ ഒരുക്കിയിട്ടുള്ളത്.
മൂന്ന് ദിനങ്ങളിലായി നടക്കുന്ന പരിപാടി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. ഇഹ്‌സാന്‍ ഖാദിരി സിലോണ്‍ മുഖ്യാഥിതിയായി പങ്കെടുക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന വിവിധ സെഷനുകളില്‍ റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, പി സുരേന്ദ്രന്‍, ഡോ. അബ്ദുല്ല മണിമ, ബശീര്‍ ഫൈസി വെണ്ണക്കോട്, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. എം അബ്ദുര്‍റഹ്മാന്‍, നൗഫല്‍ കോഡൂര്‍ സംബന്ധിക്കും. ഫാസിസം – സലഫിസം എന്ന പ്രമേയത്തില്‍ ഞായറാഴ്ച നടക്കുന്ന സെമിനാറില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ്, മുസ്തഫ പി എറയ്ക്കല്‍, എം അബ്ദുല്‍ മജീദ് സംസാരിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി എ മുഹമ്മദ് ഫാറൂഖ് നഈമി സമാപന സന്ദേശം നല്‍കും. ഇസ്‌ലാം ഹെറിറ്റേജ് എക്‌സിബിഷന്‍, ബുക്ക്‌ഫെയര്‍ എന്നിവയും അനുബന്ധമായി നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി എ മുഹമ്മദ് ഫാറൂഖ് നഈമി, ജനറല്‍ സെക്രട്ടറി കെ അബ്ദുര്‍റശീദ്, എം ദുല്‍ഫുഖാറലി സഖാഫി പങ്കെടുത്തു.

 

---- facebook comment plugin here -----

Latest