Connect with us

Gulf

സഹകരണം തേടി ഇന്ത്യന്‍ റെയില്‍ മന്ത്രി യു എ ഇയില്‍

Published

|

Last Updated

ദുബൈയില്‍ മിഡില്‍ ഈസ്റ്റ് റെയില്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭവുമൊത്ത്

അബുദാബി: ഇന്ത്യന്‍ റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സഹകരണം തേടി ഇന്ത്യന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു യു എ ഇയില്‍.
മൂന്ന് ദിവസത്തെ സന്ദര്‍ശനമാണിത്. യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അതിഥിയായാണ് പ്രഭു എത്തിയത്. യു എ ഇ സായുധ സേനാ ഉപ മേധാവിയും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ കഴിഞ്ഞ മാസത്തെ ഡല്‍ഹി സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സുരേഷ് പ്രഭുവിന്റെ യു എ ഇ സന്ദര്‍ശനം. ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് ചെയര്‍മാനും സുപ്രീം പെട്രോളിയം കൗണ്‍സില്‍ മെമ്പറും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടറുമായ ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി സുരേഷ് പ്രഭു ചര്‍ച്ച നടത്തി.

ഇന്ത്യന്‍ റെയില്‍വെയുടെ നവീകരണം, പുതിയ പദ്ധതികള്‍, സ്റ്റേഷന്‍ നവീകരണം എന്നിവക്ക് സഹകരണം അഭ്യര്‍ഥിച്ചു. യു എ ഇ അടിസ്ഥാന സൗകര്യമന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബില്‍ ഹൈഫ് അല്‍ നുഐമിയുമായും കൂടിക്കാഴ്ച നടത്തി. റെയില്‍, റോഡ്, ഊര്‍ജം, തുറമുഖം എന്നിവയുടെ നിര്‍മാണത്തിനും നവീകരണത്തിനും ആവശ്യമായ സഹകരണം അഭ്യര്‍ഥിച്ചു.

സാംസ്‌കാരിക വൈജ്ഞാനിക വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, മുബാദല നിക്ഷേപ കമ്പനി സി ഇ ഒ ഖല്‍ദൂന്‍ അല്‍ മുബാറക് എന്നിവരുമായും മന്ത്രി ചര്‍ച്ച നടത്തി. മസ്ദര്‍ സിറ്റി സന്ദര്‍ശിച്ച സുരേഷ് പ്രഭു മുതിര്‍ന്ന മാനേജ്‌മെന്റ് അംഗങ്ങളെ കണ്ടു. ഇന്ത്യന്‍ റെയില്‍വേ രംഗത്ത് പുനരുപയോഗ ഊര്‍ജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. ദുബൈയില്‍ “മിഡിലീസ്റ്റ് റെയില്‍ 2017” സമ്മേളനത്തില്‍ മന്ത്രി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചിരുന്നു.
ദുബൈയിലെയും അബൂദബിയിലെയും പ്രമുഖ നിക്ഷേപകരുമായും വ്യവസായികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ റെയില്‍വേയില്‍നിന്നുള്ള ഉന്നത പ്രതിനിധി സംഘവും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

 

Latest