സംസ്ഥാനത്ത് കൊക്കകോളയും പെപ്‌സിയും ബഹിഷ്‌കരിക്കാന്‍ വ്യാപാരികളുടെ തീരുമാനം

Posted on: March 8, 2017 11:42 am | Last updated: March 8, 2017 at 7:46 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പെപ്‌സി, കൊക്കകോള വില്‍പ്പന നിര്‍ത്തിവെക്കാന്‍ വ്യാപാരികള ഒരുങ്ങുന്നു. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുത്തക കമ്പനികള്‍ ജലമൂറ്റല്‍ തുടരുന്ന സാഹചര്യത്തിലാണ് വ്യാപാരികള്‍ ശക്തമായ നടപടിക്ക് ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് കരുതുന്നു. സംസ്ഥാനത്തെ എഴ് ലക്ഷം വ്യാപാരികള്‍ പെപ്‌സിയും കൊക്കകോളയും വില്‍പ്പന നടത്തുന്നുണ്ട്.

ശീതളപാനീയ കമ്പനികള്‍ വലിയ തോതില്‍ ജലചൂഷണം നടത്തുന്നത് കേരളത്തില്‍ വരള്‍ച്ചയ്ക്ക് കാരണമാകുന്നതായും ഇതാണ് തീരുമാനത്തിന് പിന്നിലെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി. നസ്‌റുദ്ദീന്‍ പറഞ്ഞു. മാലിന്യ സംസ്‌കരണത്തില്‍ ശരിയായ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

പെപ്‌സിക്കും കൊക്കകോളക്കും പകരം നാടന്‍ പാനീയങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ വ്യാപാരികളും സമാനമായ തീരുമാനം എടുത്തിരുന്നു. തമിഴ്‌നാട്ടിലെ പത്ത് ലക്ഷത്തോളം വ്യാപാരികളാണ് പെപ്‌സിയും കൊക്കകോളയും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.