രണ്ടാനമ്മയും പറയുന്നു, അഖിലേഷ് തന്നെ മുഖ്യമന്ത്രി

Posted on: March 8, 2017 9:55 am | Last updated: March 8, 2017 at 1:05 am

ലക്‌നോ: അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അഖിലേഷ് യാദവ് തന്നെ അധികാരത്തിലെത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ രണ്ടാനമ്മ രംഗത്ത്. സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മുലായം സിംഗ് യാദവിന്റെ ഭാര്യയായ സാധനാ യാദവ്, തന്റെ മകന്‍ പ്രതീകിനെ രാഷ്ട്രീയക്കാരനായി കാണണമെന്ന ആഗ്രഹവും വെളിപ്പെടുത്തി.
മുലായം സിംഗും മകന്‍ അഖിലേഷ് യാദവും തമ്മിലുള്ള കുടുംബത്തര്‍ക്കത്തിനും അധികാര വടംവലിക്കും വഴിവെച്ച മുഖ്യകാരണക്കാരില്‍ ഒരാളായിട്ടാണ് സാധന യാദവിനെ കണക്കാക്കുന്നത്. മുലായം സിംഗിന് ദേശീയ അധ്യക്ഷ സ്ഥാനം പോലും നഷ്ടപ്പെത്തുന്നത് വരെയെത്തിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടിയില്‍ ഇപ്പോള്‍ ശാന്തത കൈവന്നിട്ടുണ്ട്. അതിനിടെയാണ് അഖിലേഷിനെ പിന്തുണച്ചുകൊണ്ട് രണ്ടാനമ്മയുടെ രംഗപ്രവേശം. അഞ്ച് വര്‍ഷം മുമ്പത്തേതിനെക്കാള്‍ ഇക്കഴിഞ്ഞ ജനുവരി മുതല്‍ അഖിലേഷുമായി താന്‍ കൂടുതല്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും സാധന യാദവ് കൂട്ടിച്ചേര്‍ത്തു.

കുടുംബ വടംവലിയില്‍ സാധനാ യാദവ്, മകന്‍ പ്രതീക്, ഭാര്യ അപര്‍ണ യാദവ് എന്നിവര്‍ ശിവ്പാല്‍ യാദവിനൊപ്പമാണ് നിലയുറപ്പിച്ചിരുന്നത്. രാഷ്ട്രീയത്തില്‍ ഇടപെടാതെ മാറിനില്‍ക്കുന്ന മുലായം കുടുംബാംഗങ്ങളില്‍ ചുരുക്കം ചിലരില്‍ ഒരാളാണ് ബിസിനസുകാരനായ പ്രതീക്. അദ്ദേഹത്തിന്റെ ഭാര്യ അപര്‍ണ യാദവ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ ഉള്‍പ്പെടെ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടായിരുന്നു സമാജ്‌വാദി പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തത്. ഇരു ചേരികളും സ്വന്തം നിലക്ക് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതോടെ പാര്‍ട്ടിയിലെ പൊട്ടിത്തെറി സീമകള്‍ ലംഘിച്ചു. തുടര്‍ന്നുണ്ടായ സമവായവും കീഴടങ്ങലുമെല്ലാമായി മുലായം പാര്‍ട്ടിയില്‍ അരികുവത്കരിക്കപ്പെടുകയായിരുന്നു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ 300 വരെ റാലികളില്‍ സംസാരിച്ചിരുന്ന മുലായം ഇത്തവണ സഹോദരന്‍ ശിവപാലിനും മരുമകള്‍ അപര്‍ണക്കും വേണ്ടി മാത്രമാണ് പ്രചാരണ റാലിയില്‍ സംബന്ധിച്ചത്.