ഇന്ത്യയില്‍ ഇസ്‌ലാം വ്യാപിച്ചത് സൂഫികളിലൂടെ: കാന്തപുരം

Posted on: March 8, 2017 12:43 am | Last updated: March 8, 2017 at 12:38 am

എരുമാട്: ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധനം നടന്നത് സൂഫികളിലൂടെയാണെന്നും എല്ലാ വിഭാഗം മതങ്ങളെയും സഹിഷ്ണുതയോടെ പരിഗണിച്ചവരും സമാധാനത്തിന് വേണ്ടി നിലകൊണ്ടവരുമായിരുന്നു അവരെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കര്‍ണാടകയിലെ എരുമാട് ഉറൂസുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സുന്നികള്‍ എപ്പോഴും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വഴിയില്‍ സഞ്ചരിക്കുന്നവരാണ്. രാജ്യത്തിന്റെ പുരോഗതിക്കും അഖണ്ഡതക്കും വേണ്ടി നിലകൊള്ളുന്നവരും സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് നിരന്തരം പരിശ്രമിക്കുന്നവരുമാണ് അവര്‍. മതത്തിന്റെ യഥാര്‍ഥ സന്ദേശങ്ങളാണ് അവര്‍ പ്രചരിപ്പിക്കുന്നത്. മതപരിഷ്‌കരണ വാദികള്‍ ഇസ്‌ലാമിനകത്തും പുറത്തും പ്രശ്‌നമുണ്ടാക്കുന്നവരാണ്. എരുമാട് പോലുള്ള സൂഫീ സാന്നിധ്യമുള്ള പ്രദേശങ്ങള്‍ എപ്പോഴും സമാധാനത്തിന്റെ മാര്‍ഗത്തിലാണ് ചലിച്ചിട്ടുള്ളതെന്നും കാന്തപുരം പറഞ്ഞു.
ശാഫി സഅദി, സയ്യിദ് സാലിം, ജി വിജയന്‍, ഉസ്മാന്‍ ഹാജി എരുമാട്, മഹ്മൂദ് മുസ്‌ലിയാര്‍ കുടക്, ഇസ്മാഈല്‍ സഖാഫി, ഹഫീല്‍ സഅദി പങ്കെടുത്തു.