ഇളം ഉടലുകള്‍ തേടി ഇരയില്‍ വടുക്കള്‍ വീഴ്ത്തുന്നവര്‍

Posted on: March 8, 2017 6:28 am | Last updated: March 8, 2017 at 12:20 am

ലൈംഗികതയെക്കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്യാന്‍ കേരള സമൂഹം ഇന്നും പാകത കൈവരിച്ചിട്ടില്ല. കുടുംബത്തിനകത്തും വിദ്യാലയങ്ങളിലും ചെറിയ പ്രായത്തില്‍ തന്നെ ഇതാരംഭിക്കേണ്ടതുണ്ട് എന്നതാണ് ശാസ്ത്രീയ യാഥാര്‍ഥ്യം. ഉദാരവത്കരണ നയങ്ങളുടെ ഫലമായി സമൂഹത്തില്‍ വേരൂന്നിയ ഉപഭോക്തൃസംസ്‌കാരം, കേരളീയ ജീവിതങ്ങളില്‍ മൂടിക്കിടന്ന പല സ്വഭാവവൈചിത്ര്യങ്ങളും രതിവൈകൃതങ്ങളും പുറംലോകത്തെത്തിച്ചതിനെ തുടര്‍ന്ന് അവ സാമൂഹികാന്തരീക്ഷം കൂടുതല്‍ അരക്ഷിതവും അസ്വസ്ഥജനകവുമാക്കുകയും ചെയ്തിരിക്കുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും സൃഷ്ടിച്ച അവബോധമാണ് ഇത്തരം അക്രമങ്ങള്‍ ഇക്കാലത്തെങ്കിലും വെളിച്ചം കാണാന്‍ കാരണമായതും അവക്കെതിരെ പ്രതിരോധിക്കാന്‍ പീഡിത സമൂഹത്തെ പ്രാപ്തമാക്കിയതും. മുമ്പ് എല്ലാം കുടുംബത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ അമര്‍ന്നു തീരാറാണ് പതിവ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമവും കുട്ടികള്‍ക്ക് നേരെയുള്ള അക്രമവും കൂടുതല്‍ പുറത്തുവരാന്‍ തുടങ്ങിയതും ഇതേതുടര്‍ന്നാണ്. സാങ്കേതികതയുടെ വളര്‍ച്ചക്ക് ധാരാളം അനുകൂലഘടകങ്ങളുണ്ടാകുമ്പോഴും അവ ഉണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്നത് ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്. സൈബര്‍ലോകം കാട്ടിത്തരുന്ന ലൈംഗിക അരാജകത്വം അത്തരത്തിലൊന്നാണ്.

“I am a  pedophile , you are the monsters…!’ എന്നത് റ്റൊദ് നിക്കെഴ്‌സന്‍(ഠീേറ ചശസസമൃമെി) എന്ന് പേരുള്ള ഒരു സ്വയം പശ്ചാത്തപിച്ച ബാല പീഡകനായ ബ്രിട്ടനിലെ പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍ എഴുതിയ ലേഖനമാണ്. തലക്കെട്ട് സൂചിപ്പിക്കുന്ന പോലെ തന്റെ ലൈംഗിക അഭിരുചി ഇതാണെന്ന് പ്രഖ്യാപിക്കുകയും അതിനെ എതിര്‍ക്കുന്നവരെല്ലാം രാക്ഷസന്മാരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഈ മനുഷ്യന്‍ ഈ ലൈംഗിക ചോദന നിഷ്‌കളങ്കമായി പറയുന്നതാണെന്ന് മനസ്സിലാകും. പക്ഷേ പശ്ചാത്തപിച്ച ഈ മനുഷ്യനും ലൈംഗിക കൃത്യത്തിനു സമ്മതം തരാനുള്ള മാനസിക ശാരീരിക വളര്‍ച്ച കുട്ടികള്‍ക്കുണ്ടാവില്ല എന്ന തിരിച്ചറിവില്‍, താനിനി മരണം വരെ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കില്ല എന്ന് പ്രതിജ്ഞ ചെയ്തതായി ബ്രിട്ടീഷ് പോലീസ് സാക്ഷ്യപ്പെടുത്തുന്നു.
രണ്ടായിരത്തി പതിമൂന്നില്‍ വാഷിംഗ്ടണ്‍ ടൈംസില്‍ അമേരിക്കന്‍ സൈക്ക്യാര്‍ടി അസോസിയേഷന്‍ പീഡോഫീലിയ ലൈംഗിക അഭിരുചിയാണെന്നു അഭിപ്രായപ്പെടുകയുണ്ടായി. പക്ഷെ, പൊതുജനങ്ങളുടെയും നിയമവിദഗ്ധരുടെയും വലിയ രൂപത്തിലുള്ള എതിര്‍പ്പുകള്‍ ഉണ്ടായി.

പുരുഷന്മാരില്‍ ബാലലൈംഗിക പീഡനവാസന (പീഡോഫീലിയ)രോഗമായി കഴിഞ്ഞാല്‍ അത് മാറ്റിയെടുക്കാന്‍ പ്രയാസമാണ്. കേരളത്തില്‍ ഇത്തരം പഠനങ്ങള്‍ പുരുഷന്മാരില്‍ നടക്കുന്നില്ല. പഠനം മുഴുവനും താഴെക്കിടയിലാണ്. ഉപരിവര്‍ഗത്തിനിടയില്‍ ഈ പ്രശ്‌നം ഒരിക്കലും പുറത്താകില്ല. മധ്യവര്‍ഗം രഹസ്യമായി ചികിത്സ തേടിയെത്താറുണ്ട്. പീഡോഫീലിയ ബാധിക്കുന്ന പുരുഷന്മാരില്‍ ചെറിയ പ്രായത്തിലുള്ള പെണ്‍കുട്ടികളോട് ലൈംഗികാസക്തി കൂടുന്നത് അവര്‍ പുരുഷനാണെന്ന ആത്മവിശ്വാസം നഷ്ടപ്പെടുന്നതുകൊണ്ടാണ്. മുതിര്‍ന്ന സ്ത്രീകളുമായി ഇടപഴകാന്‍ ആവശ്യമായ പക്വത ഇത്തരം പുരുഷന്മാര്‍ക്ക് കുറവായിരിക്കും.
ലൈംഗിക പീഡനത്തിനിരയാകുന്ന പെണ്‍കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനോടൊപ്പം അവളുടെ മാനസികമായ മുറിവുകള്‍ ചികിത്സിക്കുകയെന്നതും ഏറെശ്രദ്ധിക്കേണ്ട ഘടകമാണെന്ന് പ്രമുഖ മനോരോഗ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍ അഭിപ്രായപ്പെടുന്നു. ‘അച്ഛന്‍ കുട്ടിയെ ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയാല്‍ കുട്ടിയെ കെയര്‍ ഹോമിലേക്കോ മറ്റ് സുരക്ഷിതമായ സ്ഥലത്തേക്കോ മാറ്റുകയാണ് വേണ്ടത്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ അത് നടക്കുന്നില്ല എന്ന് മാത്രമല്ല, കുട്ടിയെ കുറ്റപ്പെടുത്താനാണ് അമ്മമാര്‍ വരെ ശ്രമിക്കുക. അത് നിന്റെ തോന്നലാണെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കും. അതിനുള്ള കാരണങ്ങള്‍ രണ്ടാണ്. അച്ഛന്‍ മകളോട് അങ്ങനെ ചെയ്യില്ല എന്ന വിശ്വാസമാണ് ഒന്ന്. മറ്റൊന്ന് ഭര്‍ത്താവിനെ എങ്ങനെ ചോദ്യം ചെയ്യും, ദാമ്പത്യബന്ധം തകര്‍ന്നാല്‍ കുടുംബം ആര് നോക്കും തുടങ്ങി സ്ത്രീയുടെ മനസ്സിലുണ്ടാകുന്ന ആകുലതകളും. ഒടുവില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ അമ്മ നിര്‍ബന്ധിതയാകുന്നു.

അച്ഛനില്‍ നിന്ന് ലൈംഗിക പീഡനത്തിനിരയാകുന്ന കുട്ടിയുടെ മനസ്സിലെ മുറിവുകള്‍ മാറ്റുക ദുഷ്‌കരമാണ്. എത്ര കൗണ്‍സലിംഗ് നല്‍കിയാലും ഒരംശം ബാക്കിനില്‍ക്കും. വീട്ടില്‍ ഇത്തരമൊരനുഭവമുണ്ടാകുമ്പോള്‍ വേറെവിടെയും സുരക്ഷിതത്വമില്ലെന്ന ചിന്തയാണ് അതിന് കാരണം. ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്തുള്ളവര്‍ ശിക്ഷിക്കപ്പെടാനും സാധ്യത കുറവാണ്. ഇത്തരക്കാര്‍ മാന്യന്മാരായി തുടരുന്നു എന്നതാണ് മറ്റൊരു സത്യം. പലപ്പോഴും ഈ ആളുകളുടെ വ്യക്തിവൈകല്യം തിരിച്ചറിയാന്‍ കഴിയില്ല. മറ്റുള്ളവരോടും ഭാര്യയോടുമെല്ലാം മാന്യമായി പെരുമാറും. മറ്റാരും അറിയാതെ തന്നെ ലഭ്യമാകുന്ന ലൈംഗിക വസ്തുവായാണ് ഇവര്‍ പെണ്‍മക്കളെ കാണുക. പുറത്തുപറഞ്ഞാലും ആരും വിശ്വസിക്കില്ല; എല്ലാവരും നിന്നെ കുറ്റപ്പെടുത്തും എന്നിങ്ങനെ അച്ഛന്‍ ഭീഷണിപ്പെടുത്തുമ്പോള്‍ കുട്ടി ഭയന്നുപോകും.
പീഡിപ്പിക്കുന്നയാള്‍ ക്രിമിനല്‍ സ്വഭാവമുള്ള ഒരാളാകുമ്പോഴാണ് പറവൂര്‍ കേസിലെ പ്രതിയെപ്പോലെ പണത്തിനുവേണ്ടി കുട്ടിയെ വീണ്ടും ഉപയോഗിക്കുവാന്‍ തുനിയുന്നത്. ടി വി, ഇന്റര്‍നെറ്റ്, മൊബൈല്‍ എന്നിവ ലൈംഗിക സാഹസികതക്കും അരാജകത്വത്തിനും സാധ്യതകൂട്ടുന്നുണ്ട്. കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ചുള്ള ലൈംഗികവിദ്യാഭ്യാസം പകര്‍ന്നു നല്‍കണം. മൂന്നു വയസ്സു മുതല്‍ ഇതാരംഭിക്കാവുന്നതാണ്.”

മനഃശാസ്ത്രജ്ഞര്‍ പഠനങ്ങള്‍ക്ക് ശേഷം പ്രഖ്യാപിക്കുന്നത് ഇത്തരം ആളുകളില്‍ പലരും ബാല്യത്തിലേ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുകയും പിന്നീട് അവര്‍ സ്വയം ബാല പീഡകര്‍ ആയിത്തീരുകയും ചെയ്യുന്നു എന്നാണ്. മാത്രമല്ല, കുഞ്ഞുനാളിലെ ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ വ്യക്തിത്വ വൈകല്യങ്ങള്‍ മുതല്‍, നിരന്തര കൗണ്‍സലിംഗ് കൊണ്ട് പോലും പരിഹരിക്കാനാവാത്ത തീവ്രവിഷാദം തുടങ്ങി, ആത്മഹത്യയിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കുന്നു. ബന്ധുക്കളില്‍ നിന്നാണ് പീഡനങ്ങള്‍ എന്നാകുമ്പോള്‍ അതിന്റെ ഭയാനകമായ മനഃശാസ്ത്ര മാനങ്ങളെ സംബന്ധിച്ച് ഇപ്പോഴും പഠനങ്ങള്‍ പുരോഗമിക്കുന്നെയുള്ളൂ വെന്ന് പറയേണ്ടി വരുന്നു.

കുട്ടികളാവട്ടെ, പലപ്പോഴും ഇത്തരം അതിക്രമങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലും അപരിചിതരായ മനുഷ്യരില്‍ നിന്നാണ്. എന്നാല്‍, അതില്‍ നിന്ന് വ്യത്യസ്തമായി പലപ്പോഴും ഇത് സംഭവിക്കുന്നതു കുടുംബത്തില്‍ നിന്നും രക്ത ബന്ധങ്ങളില്‍ നിന്നും വീട്ടകങ്ങളില്‍ നിന്നുമാണ്. ഒരു അപരിചിതന്റെ ആക്രമണ അനുഭവം മാതാപിതാക്കള്‍, അധ്യാപകര്‍, പ്രിയപ്പെട്ടവര്‍ തുടങ്ങിയവര്‍ സമാധാനിപ്പിക്കുമ്പോള്‍ ഒന്നോ രണ്ടോ ദിവസത്തെ ഉറക്കത്തിനു ശേഷം മറന്നു പോയേക്കാവുന്നതാണ്. പക്ഷേ, അത് സ്‌നേഹിക്കുന്നവരില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും വീട്ടകങ്ങളില്‍ നിന്നുമാകുമ്പോള്‍ മായാത്ത ഒരു മുറിവും വിഷാദത്തിന്റെ വറ്റാത്ത ഉറവയും മനസ്സില്‍ രൂപപ്പെടുകയായി. ആരോടും പങ്കുവെക്കാന്‍ പോലും ഇത്തരം അനുഭവങ്ങള്‍ക്ക് സാധിക്കില്ല എന്ന നിലകൂടി വരുമ്പോള്‍ ഇത് കാലാകാലം ഒരു ജന്മത്തെത്തന്നെ വികൃതമാക്കുന്ന രൂപത്തിലുള്ള ദുരന്തമാവുകയാണ് ചെയ്യുന്നത്. അടുത്ത കാലത്താണ് സുപ്രസിദ്ധ ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ മകളും അഭിനേത്രിയുമായ സോനം കപൂര്‍ കൗമാര തുടക്കത്തില്‍ അവര്‍ ലൈംഗികമായി അതിക്രമിക്കപ്പെട്ട അനുഭവം പങ്കുവച്ചത്.

വാല്‍ – അമേരിക്കന്‍ ഐക്യനാടുകളിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും ടൗണുകളില്‍, പുതിയ താമസ സൗകര്യമന്വേഷിച്ചു വരുന്ന കുടുംബങ്ങള്‍ക്ക് , തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ നിന്ന് പ്രഖ്യാപിത കുറ്റവാളികളുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ക്കൊപ്പം ബാല പീഡകരായിട്ടുള്ള ആളുകളുടെ വിവരങ്ങളും ലഭ്യമാണ്. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ലൈംഗിക ആനന്ദം വേണമെങ്കില്‍ ‘അയിനു പറ്റിയ ആള്‍ക്കാരും ഞമ്മളെ ടൗണില്‍ ഉണ്ട്’ എന്നല്ല പോലീസ് സ്‌റ്റേഷനിലെ ലിസ്റ്റുകള്‍ പറയുന്നത്. മറിച്ച് ഇത്തരം മനോരോഗികള്‍ ഈ പട്ടണത്തില്‍ ഉണ്ട് മക്കളെ സൂക്ഷിക്കണം എന്നാണ്.