പരീക്ഷക്കു തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ വിശ്രമം ഒഴിവാക്കരുതെന്ന് നിര്‍ദേശം

Posted on: March 7, 2017 10:30 pm | Last updated: March 7, 2017 at 10:30 pm

ദോഹ: പരീക്ഷക്കു തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ആവശ്യത്തിന് ഉറങ്ങുന്നതിനും വിശ്രമിക്കുന്നതിനും സന്നദ്ധമാകണമെന്നും ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള പഠനം വിപരീത ഫലമാണുണ്ടാക്കുകയെന്നും സി ബി എസ് ഇ പരീക്ഷാ കൗണ്‍സിലറും എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഡോ. മുഹമ്മദ് ഹാറൂണ്‍ ഖാന്‍ നിര്‍ദേശിച്ചു. സി ബി എസ് ഇ പരീക്ഷകള്‍ ആരംഭിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം.

സി ബി എസ് ഇ-ഐ ക്ലാസ് 10, 12 പരീക്ഷകള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. സി ബി എസ് ഇ നാഷനല്‍ കരിക്കുലം പരീക്ഷകള്‍ ഈ മാസം ഒമ്പതിനാണ് ആരംഭിക്കുന്നത്. പരീക്ഷള്‍ക്കിടയില്‍ ഇടവേളകള്‍ ലഭ്യമാക്കിക്കൊണ്ടുള്ള ക്രമം വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ശരിയായ ഉറക്കം പ്രധാനപ്പെട്ട ഘടകമാണ്. ഉറക്കം കുട്ടികളുടെ ശ്രദ്ധയെ ഉണര്‍ത്തും. ഉറക്കം നഷ്ടപ്പെടുത്തി പരീക്ഷക്കു പരിശ്രമക്കുന്ന കുട്ടികളുടെ ആകെ നിലവാരം മെച്ചപ്പെട്ടതായിരിക്കില്ല. ഉറക്കക്കുറവുമൂലം വിദ്യാര്‍ഥികള്‍ക്ക് പതിവായി അസുഖവും ശാരീരികക്ഷീണവും സംഭവിക്കും. പരീക്ഷാ സമയത്തു പോലും പഠനം താളാത്മകമായാണ് കൊണ്ടു പോകേണ്ടത്.

ഭക്ഷണക്രമവും പ്രധാനപ്പെട്ടതാണ്. അമിതമായി ഭക്ഷണം കഴിക്കരുത്. പഴവര്‍ഗങ്ങളും ജ്യൂസും ലഭ്യമാക്കി രക്ഷിതാക്കള്‍ കുട്ടികളുടെ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കണം. വെള്ളം കുടിക്കാന്‍ നന്നായി പ്രോത്സാഹിപ്പിക്കണം. രാവിലെ അര മണിക്കൂര്‍ നടത്തവും 10 മിനുട്ട് വ്യായാമവും നടത്തുന്നത് കുട്ടികളില്‍ പഠനത്തിനും പരീക്ഷയെ നേരിടുന്നതിനും ഊര്‍ജസ്വലത സൃഷ്ടിക്കും.

സോഷ്യല്‍ മീഡിയ, ടെലിവിഷന്‍ തുടങ്ങി സമയം നഷ്ടപ്പെടുത്തുന്ന ഉപാധികളുമായി ഇടപഴകാന്‍ പരീക്ഷാ സമയത്ത് അനുവദിക്കരുത്. കുട്ടികള്‍ക്ക് നന്നായി പരീക്ഷയെഴുതാന്‍ അവസരം സൃഷ്ടിക്കുന്നതില്‍ രക്ഷിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പിന്തുണ നല്‍കാന്‍ സാധിക്കും. ഗാര്‍ഹികാന്തരീക്ഷത്തില്‍ വിനോദാപാധികള്‍ പരീക്ഷക്കാലത്ത് ഉപയോഗിക്കാതിരിക്കുകയും കുട്ടികളെ പരീക്ഷയില്‍ മികവു പുലര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. കുടുംബത്തിലെ ഓരോ അംഗത്തിന്റെയും ധാര്‍മികമായ പിന്തുണയും വിദ്യാര്‍ഥികള്‍ക്ക് നല്‍കണം.
പരീക്ഷയെഴുതുന്ന സമയത്ത് ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ അസ്വസ്ഥരാകാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. അടുത്ത ചോദ്യത്തിലേക്ക് കടക്കുകയും അറിയാവുന്ന ഉത്തരങ്ങളെല്ലാം എഴുതിയ ശേഷം തിരികെയെത്തി പ്രായസമുള്ള ചോദ്യത്തിന് ഉത്തരമെഴുതാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. പരീക്ഷയുടെ സമയത്തെക്കുറിച്ച് കൃത്യമായ ധാരണ വേണം. ഓരോ ചോദ്യത്തിനും ഉത്തരമെഴുതുന്നതിന് ചെലവിടുന്ന സമയം ആകെ ചോദ്യങ്ങള്‍ക്ക് തികയണം. രണ്ടു മാര്‍ക്കുള്ള ചോദ്യത്തിന് രണ്ടു പേജില്‍ ഉത്തരമെഴുതി സമയം നഷ്ടപ്പെടുത്തരുത്. ഓരോ പരീക്ഷയെ നേരിടുമ്പോഴും അതതു വിഷയങ്ങള്‍ പഠിപ്പിച്ച അധ്യാപകരുടെ ഉപദേശം തേടുകയും നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുകയും വേണമെന്നും അദ്ദേഹം ഉണര്‍ത്തി.
പരിക്ഷക്കു തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഫോണില്‍ സഹായങ്ങള്‍ ലഭിക്കുന്നതിന് 44572801/813 നമ്പറുകളില്‍ രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് 1.30 വരെയും വൈകുന്നേരം 5.30 മുതല്‍ 6.30 വരെയും വിളിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.