Connect with us

Gulf

അബുദാബി വിമാനത്താവളം മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ 2019ല്‍ തുറക്കും

Published

|

Last Updated

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ 2019ല്‍ തുറക്കുമെന്ന് അബുദാബി എസ്‌ക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വ്യക്തമാക്കി. നിര്‍മാണം പുരോഗമിക്കുന്ന ടെര്‍മിനല്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസൂത്രണം ചെയ്തപോലെ വിമാനത്താവളത്തിന്റെ വികസന ജോലികള്‍ സുഗമമായി പുരോഗമിക്കുന്നു. വിമാനത്താവള നിര്‍മാണം 2019ല്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷം 300 ലക്ഷം യാത്രക്കാരെ സ്വീകരിക്കാനുള്ള പ്രാപ്തി കൈവരിക്കുമെന്നത് വലിയ നേട്ടമാണ്. അതിനുള്ള എല്ലാ വെല്ലുവിളികളെയും അതിജീവിക്കാനുള്ള ആത്മവിശ്വാസമുണ്ടെന്നും ശൈഖ് ഹസ്സ ബിന്‍ സായിദ് കൂട്ടിച്ചേര്‍ത്തു. തലസ്ഥാന എമിറേറ്റിന്റെ കിരീടത്തിലെ അമൂല്യരത്‌നമാവുകയാണ് അബുദാബി രാജ്യാന്തര വിമാനത്താവളം. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും ദീര്‍ഘവീക്ഷണമാണ് അബുദാബി വിമാനത്താവള വികസന പദ്ധതികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ടെര്‍മിനല്‍ സ്ഥലം, ഡ്യൂട്ടി ഫ്രീ സോണ്‍, നിര്‍മാണത്തിലിരിക്കുന്ന ട്രാന്‍സിറ്റ് ഹോട്ടല്‍, ചലിക്കുന്ന നടപ്പാതകള്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് കെട്ടിടം എന്നിവയും വിമാനത്താവള സമുച്ചയ പര്യടനത്തിനിടെ ശൈഖ് ഹസ്സ ബിന്‍ സായിദ് പരിശോധിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആന്തരിക കമാനങ്ങളിലൊന്നാണ് ഈ വിമാനത്താവള കവാടത്തില്‍ നിര്‍മിക്കുന്നത്. 180 മീറ്റര്‍ വരെ വ്യാപിക്കുന്ന പ്രവേശന കാവാടത്തില്‍ 28 മീറ്റര്‍ ഉയരമുള്ളതാണ് കമാനം.
742,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ടെര്‍മിനലില്‍ 65 വിമാനങ്ങള്‍ക്ക് പാര്‍ക് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന് പുറമെ 3,500 ചതുരശ്ര മീറ്ററില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് സൗകര്യവും ഒരുക്കുന്നുണ്ട്. പതിനായിരം കോടി യു എസ് ഡോളറാണ് നിര്‍മാണ ചിലവ് പ്രതീക്ഷിക്കുന്നത്. ലോക രാജ്യങ്ങളിലെ പുരോഗതിക്കും വികസനത്തിനും ആനുപാതികമായി വളരെ ദീര്‍ഘവീക്ഷണത്തോടെയാണ് അബുദാബി രാജ്യാന്തര വിമാനത്താവള വികസനവും നടക്കുന്നത്. സമൂഹിക പുരോഗതിയും ജീവിത നിലവാരവും വളരുന്നതിനനുസരിച്ച് യാത്രാ സൗകര്യങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്ന എയര്‍പോര്‍ട്ട് വികസനം.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest