പൊതുസുരക്ഷ; അബുദാബി സ്വീകരിക്കുന്നത് സ്മാര്‍ട് വഴികള്‍

Posted on: March 7, 2017 7:27 pm | Last updated: March 7, 2017 at 7:27 pm

അബുദാബി: പൊതുസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ തലസ്ഥാന നഗരത്തില്‍ പരാതികള്‍ ഏറെയും ലഭിക്കുന്നത് സ്മാര്‍ട് സംവിധാനം വഴിയാണെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. അടിയന്തിര ഘട്ടത്തില്‍ അബുദാബി പോലീസ് ഓപറേഷന്‍സ് റൂമുമായി ബന്ധപ്പെടുന്നതിന് ഉപയോഗിക്കുന്ന സ്മാര്‍ട് കാള്‍ സംവിധാനമായ തീ പിടിച്ചാല്‍ ഉപയോഗിക്കുന്ന 997, ആംബുലന്‍സ് സേവനത്തിനായുള്ള 998, പോലീസ് സേവനത്തിനായുള്ള 999 നമ്പറുകള്‍ ഉപയോഗിച്ചു പരാതി നല്‍കിയാല്‍ എളുപ്പത്തില്‍ നടപടി സീകരിക്കുവാന്‍ കഴിയുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. ഓപറേഷന്‍ റൂമില്‍ കഴിഞ്ഞ വര്‍ഷം സ്മാര്‍ട് കാള്‍ സംവിധാനത്തിലൂടെ 1,785 പരാതികളാണ് ലഭിച്ചത്. അബുദാബി പോലീസ് ഓപറേഷന്‍സ് റൂം സിവില്‍ ഡിഫന്‍സ്,

ആംബുലന്‍സ്, ട്രാഫിക് പട്രോളിംഗ്, കമ്മ്യൂണിറ്റി പോലീസ്, റെസ്‌ക്യൂ ടീമുകള്‍ എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ച് സുരക്ഷ ഒരുക്കുന്നത്‌കൊണ്ട് അപകട സമയത്ത് എളുപ്പത്തില്‍ പ്രതികരിക്കുവാന്‍ കഴിയുന്നതായി പോലീസ് അറിയിച്ചു. അബുദാബി പോലീസ് ഓപറേഷന്‍ റൂമില്‍ 2013ല്‍ ലഭിച്ച 963,015 കാളുകളില്‍ 452,000 എണ്ണം ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ടവയായിരുന്നു. ഗതാഗത പ്രശ്‌നവുമായി ബന്ധപ്പെട്ട 235,000 കോളുകള്‍ ലഭിച്ചപ്പോള്‍, 274,807കോളുകള്‍ അടിയന്തിര സ്വഭാവമില്ലാത്തതായിരുന്നു. സ്മാര്‍ട് അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത് പൊതുശല്യ കാളുകളുടെ എണ്ണം ഗണ്യമായി കുറച്ചതായി പോലീസ് വ്യക്തമാക്കി. അടിയന്തിരഘട്ടത്തില്‍ ബന്ധപ്പെടുന്നതിന് നാഷണല്‍ ആംബുലന്‍സിനു പുറമേ വടക്കന്‍ എമിറേറ്റിലെ ജനങ്ങള്‍ക്കായി പ്രത്യേകം ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

998 വഴി അടിയന്തര ആംബുലന്‍സ് സേവനം അഭ്യര്‍ഥിക്കാന്‍ കഴിയും. കൂടാതെ പരിശീലനം ലഭിച്ച ജീവനക്കാര്‍ക്ക് ജി പി എസ് ട്രാക്കിംഗ് സിസ്റ്റത്തിലൂടെ ലക്ഷ്യ സ്ഥാനത്തെത്തുവാന്‍ കഴിയുമെന്ന് നാഷണല്‍ ആംബുലന്‍സ് ഡെപ്യൂട്ടി സി ഇ ഒ അഹ്മദ് സ്വാലിഹ് അല്‍ ഹാജരി പറഞ്ഞു.