യു എസ് ഇന്ത്യക്കാരുടെ ഭീതി അകറ്റണം

Posted on: March 7, 2017 6:25 am | Last updated: March 7, 2017 at 12:26 am

അമേരിക്കക്കാരുടെ തീവ്രദേശീയ ജ്വരവും വംശീയ വെറിയും കുടിയേറ്റക്കാരോടുള്ള ശത്രുതയും രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തെ കടുത്ത ആശങ്കയിലാക്കിയിരിക്കുന്നു. ഞായറാഴ്ച വാഷിംഗ്ടണിലെ കെന്റ് നഗരത്തില്‍ സിഖുകാരനായ ദീപ്‌റായിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ത്തതോടെ രണ്ടാഴ്ചക്കിടെ യു എസില്‍ ആക്രമണത്തിനിരയായ ഇന്ത്യക്കാരുടെ എണ്ണം മൂന്നായി. വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ വംശജനും വ്യാപാരിയുമായ ഹര്‍ണീഷ് പട്ടേലും ഫെബ്രുവരി 22ന് ഹൈദരാബാദ് സ്വദേശിയായ എന്‍ജിനീയര്‍ ശ്രീനിവാസ് കുചിഭോട്‌ലയും വെടിയേറ്റു മരിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് തിരിച്ച് പോകൂ എന്നാക്രോശിച്ചാണ് അമേരിക്കന്‍ വംശജരായ അക്രമികള്‍ ഹര്‍ണീഷ് പട്ടേലിനും എന്‍ജിനീയര്‍ ശ്രീനിവാസ് കുചിഭോട്‌ലക്കും നേരെ വെടിയുതിര്‍ത്തത്.

ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെയാണ് രാജ്യത്ത് തീവ്രദേശീയവാദികള്‍ മുഖ്യധാരയില്‍ സജീവമായതും കുടിയേറ്റക്കാര്‍ക്കെതിരായ അധിക്ഷേപവും അക്രമവും ശക്തിപ്പെട്ടതും. തീവ്രദേശീയ വാദികളുടെ വികാരം പരമാവധി ആളിക്കത്തിച്ചാണ് ട്രംപ് അധികാരത്തിലേറിയത്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തന്നെ കുടിയേറ്റക്കാരെ വേറിട്ടു കാണുകയും വെളുത്ത വര്‍ഗക്കാര്‍ക്ക് അപ്രമാദിത്തം കല്‍പിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു. ഭൂരിപക്ഷവിഭാഗമായ വെളുത്ത വര്‍ഗക്കാരുടെ അവകാശങ്ങളെക്കുറിച്ചു പറയുന്നതോടൊപ്പം പുറമേനിന്നുള്ളവര്‍ അധികാരകേന്ദ്രങ്ങളില്‍ സ്വാധീനം നേടുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുന്നതുമായിരുന്നു ട്രംപിന്റെ പ്രസംഗങ്ങളും പ്രസ്താവനകളുമെല്ലാം. ഭരണഘടനയനുസരിച്ചു യു എസില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യഅവകാശമുണ്ടെങ്കിലും തങ്ങള്‍ക്ക് മറ്റുള്ളവരേക്കാള്‍ പ്രാമുഖ്യമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് വെളുത്ത വര്‍ഗക്കാര്‍ പൊതുവെ. ഈ വിശ്വാസത്തിന് മൂര്‍ച്ച കൂട്ടി കുടിയേറ്റക്കാരോടുള്ള വിരോധം ശതഗുണീഭവിക്കുകയായിരുന്നു ട്രംപ്.

അമേരിക്കന്‍ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമേയുള്ളുവെങ്കിലും വിദ്യാഭ്യാസപരമായും സാമ്പത്തികമായും രാഷ്ട്രീയ സ്വാധീനത്തിന്റെ കാര്യത്തിലും ഇതര രാഷ്ട്രങ്ങളിലെ ഇന്ത്യക്കാരെ അപേക്ഷിച്ചു ഏറെ മുന്നിലാണ് യു എസ് ഇന്ത്യക്കാര്‍. വൈറ്റ് ഹൗസ് ഉള്‍പ്പെടെ രാജ്യത്തെ നിര്‍ണായക കേന്ദ്രങ്ങളിലെല്ലാം ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം പ്രകടവുമാണ്. പുതിയ തൊഴില്‍മേഖലകളില്‍ വിദേശതൊഴിലാളികളുടെ ആധിക്യത്തിലും അവര്‍ക്ക് അതൃപ്തിയുണ്ട്. ഇന്ത്യന്‍ വംശജരോടുള്ള വിരോധം ശക്തിപ്പെടുന്നതിന്റെ ഒരു കാരണമിതാണെന്ന് ചൂണ്ടിക്കാട്ടുന്നു. ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്കെതിരായി വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ക്കും സമാനമായ പശ്ചാത്തലമുണ്ട്. അടുത്ത കാലത്തായി ആസ്‌ത്രേലിയയില്‍ വളരെയധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനത്തിന് എത്തുന്നുണ്ട്. അവിടെ തന്നെ ഏറെ തൊഴില്‍ സാധ്യതയുള്ള സാങ്കേതിക വിഷയങ്ങളാണ് ഇവരില്‍ ഏറെ പേരുടെയും പാഠ്യവിഷയം. വര്‍ഷങ്ങളായി അവിടേക്ക് കുടിയേറിയ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആള്‍ക്കാര്‍ പൊതുവെ ഇത്ര വിദ്യാഭ്യാസം സിദ്ധിച്ചവരല്ല. ഈ സാഹചര്യത്തില്‍ മുന്‍കാല കുടിയേറ്റക്കാര്‍ക്ക് പുതിയവരോടു അസൂയയും സ്വാഭാവികമാണ്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേയും എച്ച് 1 ബി വിസയില്‍ (പ്രൊഫഷനലുകളെ ആവശ്യമുള്ള ജോലികളില്‍ വിദേശികള്‍ക്ക് യു എസ് സര്‍ക്കാര്‍ നല്‍കുന്ന താല്‍ക്കാലിക വിസ) വന്നതിനു ശേഷം അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ വിദേശികള്‍ നഷ്ടപ്പെടുത്തുന്നതിനെപ്പറ്റിയും രാജ്യത്ത് ഏറെ ചര്‍ച്ചകള്‍ നടക്കുന്നത് തദ്ദേശീയരെ പലവിധത്തിലും സ്വാധീനിച്ചിട്ടുണ്ട്.

ഉയര്‍ന്ന വിദ്യാഭ്യാസമില്ലാത്ത വെള്ളക്കാരായ വോട്ടര്‍മാരുടെ ശക്തമായ പിന്തുണയാണ് ട്രംമ്പിനെ വൈറ്റ് ഹൗസില്‍ എത്തിച്ചതെന്ന കാര്യവും ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. മതിയായ രേഖകളില്ലാത്ത 1.1 കോടി കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം മൂന്ന് ലക്ഷത്തോളം ഇന്ത്യന്‍ വംശജരെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടിനൊപ്പം രാജ്യത്ത് ഇന്ത്യന്‍ വംശജര്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരുന്നത് ഭീതിതമാണ്. കൊലപാതകങ്ങളും അക്രമങ്ങളും വംശീയ അധിക്ഷേപങ്ങളും ആവര്‍ത്തിക്കാതിരിക്കാനും ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും യു എസ് ഭരണകൂടത്തില്‍ സ്വാധീനം ചെലുത്താന്‍ ഇന്ത്യന്‍ എംബസിയും കേന്ദ്ര സര്‍ക്കാറും ശക്തമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്.

അമേരിക്കയിലും ആസ്‌ത്രേലിയയിലും മാത്രമല്ല, ഫ്രാന്‍സ്, സ്വീഡന്‍, ജര്‍മനി, പോളണ്ട് തുടങ്ങി നിരവധി രാജ്യങ്ങളിലും കുടിയേറ്റക്കാരോടുള്ള വിരുദ്ധ മനോഭാവം വര്‍ധിച്ചു വരികയാണെന്നാണ് സമീപ കാലത്തായി അവിടങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളും തിരഞ്ഞെടുപ്പ് ഫലങ്ങളും കാണിക്കുന്നത്. ഉദാരവത്കരണത്തിന് പകരം, മണ്ണിന്റെ മക്കള്‍ വാദത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്ന പ്രവണതയെ ചെറുക്കുന്നതിന് ആഗോള തലത്തില്‍ പ്രായോഗിക നിര്‍ദേശങ്ങളും നയങ്ങളും രൂപപ്പെടേണ്ടതാവശ്യമാണ്.