അമീറും ബഹ്‌റൈന്‍ കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി

Posted on: March 6, 2017 9:20 pm | Last updated: March 6, 2017 at 9:20 pm
ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനെ
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സ്വീകരിക്കുന്നു

ദോഹ: ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി ചര്‍ച്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തിയതാണ് അദ്ദേഹം. അമീരി ദിവാനില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ആശയങ്ങള്‍ പങ്കു വെച്ചു.

മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍, പൊതുതാത്പര്യമുള്ള ദേശീയ, രാജ്യാന്തര വിഷയങ്ങള്‍ എന്നിവയും ചര്‍ച്ചയായി. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി, അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി, ശൈഖുമാര്‍, മന്ത്രിമാര്‍, ബഹ്‌റൈന്‍ ഉന്നത തല സംഘം എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അമീരി ദിവാനില്‍ ബഹ്‌റൈന്‍ കിരീടാവകാശിക്കും ഉന്നതതല സംഘത്തിനുമായി അമീര്‍ ഉച്ച വിരുന്ന് നല്‍കി. ഖത്വറും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ചരിത്രപരവും ആഴത്തിലുമുള്ളതും സാമൂഹിക വ്യാപ്തിക്കനുസരിച്ചുള്ളതുമാണെന്ന് കിരീടാവകാശി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
നേരത്തെ ബഹ്‌റൈന്‍ കിരീടാവകാശിയെയും ഉന്നതതല സംഘത്തേയും ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി സ്വീകരിച്ചു. നിരവധി മന്ത്രിമാരും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. ബഹ്‌റൈന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖലീഫ, ബഹ്‌റൈന്‍ ഒളിംപിക് കമ്മിറ്റി യുവജന കായിക സുപ്രീം കൗണ്‍സില്‍ പ്രസിഡന്റ് ശൈഖ് നാസര്‍ ബിന്‍ ഹമദ് ഖലീഫ, ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ധനകാര്യമന്ത്രി ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, മന്ത്രിമാര്‍, ശൈഖുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ ഖത്വര്‍ സന്ദര്‍ശനത്തിനു തൊട്ടു പിറകെയാണ് കിരീടാവകാശി ദോഹയിലെത്തിയത്.