കണ്ണൂരില്‍ പുലിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്

Posted on: March 5, 2017 6:39 pm | Last updated: March 6, 2017 at 4:51 pm
SHARE

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ പുലിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തായത്തെരു റെയില്‍വേ ഗേറ്റിന് സമീപം കസാനക്കോട്ടയിലാണ് വൈകീട്ട് മൂന്ന് മണിക്ക് പുലിയുടെ ആക്രമണമുണ്ടായത്. പരുക്കേറ്റവരില്‍ ഒരാള്‍ അന്യസംസ്ഥാന തൊഴിലാളിയാണ്.

വൈകുന്നേരം മൂന്ന് മണിക്ക് നബീദ് എന്നയാളുടെ വീടിന്റെ കാര്‍പോര്‍ച്ചിലാണ് ആദ്യം പുലിയെ കണ്ടത്. നബീദിനെയും പുലി ആക്രമിച്ചു. ഇദ്ദേഹത്തിന് മുഖത്തും കൈകളിലും പരുക്കേറ്റു. തുടര്‍ന്ന് രണ്ട് പേരെ കൂടി ആക്രമിച്ച പുലി റെയില്‍വേ ട്രാക്കിലേക്ക് കയറി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.

പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. പുലിക്കായി തിരച്ചില്‍ തുടരുകയാണ്. പുലി കുറ്റിക്കാട്ടില്‍ തന്നെ ഉണ്ടെന്നാണ് നിഗമനം.